പ്രായം 69 ആകുമ്പോള്‍ എം.എ. സൈക്കോളജിക്കു ചേര്‍ന്ന ശങ്കരന്‍കുട്ടിയെ കണ്ട് പലരും നെറ്റി ചുളിച്ചു. ഈ മനുഷ്യന് റിട്ടയര്‍മെന്റിനു ശേഷം ഇങ്ങനെയൊരു 'പണി'ക്ക് പോകണമോയെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍, ഈ പ്രായത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാകുമ്പോള്‍ ശങ്കരന്‍കുട്ടി പറയുന്നത് ഒന്നുമാത്രം - ''കുട്ടികളെ കൗണ്‍സലിങ് ചെയ്ത് നേര്‍വഴിക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് ഞാന്‍ സൈക്കോളജി പഠിക്കാന്‍ ചേര്‍ന്നത്. ഇന്ന് എനിക്ക് എം.എ. സര്‍ട്ടിഫിക്കറ്റ് കിട്ടുമ്പോള്‍ നമ്മുടെ നാട് ഏത് അവസ്ഥയിലാണെന്ന് ഓര്‍ക്കണം. സത്യത്തില്‍ ഒരു നിയോഗം പോലെയാകാം അന്ന് എനിക്ക് ഈ കോഴ്സിനു ചേരാന്‍ തോന്നിയത്''.

To advertise here,

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിനെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശങ്കരന്‍ കുട്ടിയുടെ ബിരുദാനന്തര ബിരുദത്തിന് വ്യക്തമായൊരു സാമൂഹിക ലക്ഷ്യത്തിന്റെ തിളക്കമുണ്ടായിരുന്നു. പാലക്കാട് മണപ്പുള്ളിക്കാവ് സ്വദേശിയായ സി.വി. ശങ്കരന്‍കുട്ടി എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് റെയില്‍വേയില്‍ ഗാര്‍ഡായി ജോലി ചെയ്തയാളാണ്. അതുകഴിഞ്ഞ് മുംബൈയില്‍ വി.എസ്.എന്‍.എല്ലില്‍ ജോലി ചെയ്യുമ്പോഴാണ് ഒമാനില്‍നിന്നൊരു ജോലിസാധ്യത തെളിഞ്ഞത്. ഒമാന്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ശങ്കരന്‍ കുട്ടിയുടെ മനസ്സില്‍ കുട്ടികളുടെ സംഘര്‍ഷ പ്രശ്നങ്ങള്‍ എരിയാന്‍ തുടങ്ങിയത്.

കുട്ടികള്‍ ലഹരിക്കും മറ്റും അടിമപ്പെട്ട് അക്രമങ്ങളിലേക്ക് തിരിയുന്ന കാഴ്ച വേദനിപ്പിച്ചപ്പോഴാണ് ശങ്കരന്‍കുട്ടി തന്നാല്‍ കഴിയുന്ന വിധം കുട്ടികളെ കൗണ്‍സലിങ് ചെയ്ത് അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. എം.എ. സൈക്കോളജി പാസായാല്‍ കൗണ്‍സലിങ്ങിന് കൂടുതല്‍ സഹായകരമാകുമെന്ന് മനസ്സിലാക്കിയാണ് ആ കോഴ്സിനു ചേര്‍ന്നത്. ഭാര്യ വസന്തിയും അമേരിക്കയില്‍ ജോലിചെയ്യുന്ന മകള്‍ ആതിരയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന മകള്‍ അശ്വതിയും പിന്തുണയുമായി കൂടെ നിന്നതോടെ ശങ്കരന്‍കുട്ടി പഠിക്കാന്‍ തുടങ്ങി.

എം.എ. സൈക്കോളജി നേടിയ ശേഷം മെന്റല്‍ ഹെല്‍ത്തില്‍ പി.ജി. ഡിപ്ലോമ കോഴ്സിനും ശങ്കരന്‍ കുട്ടി ചേര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ സംസ്‌കൃത ഭാഷാ പഠനവും നടത്തുന്ന ശങ്കരന്‍കുട്ടി പഠനസമയം കഴിഞ്ഞുള്ള നേരത്തെല്ലാം കുട്ടികള്‍ക്കായി കൗണ്‍സലിങ് നടത്തുകയാണ്. ''നമ്മുടെ നാട്ടില്‍ ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഞെട്ടിക്കുന്നതാണ്. കുട്ടികള്‍ അക്രമകാരികളാകുന്ന സമൂഹത്തിന്റെ ഭാവി എന്താകും... നമ്മുടെ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ഞാന്‍ പ്രയത്‌നിച്ചുകൊണ്ടേയിരിക്കും'' - ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് നെഞ്ചോടുചേര്‍ത്ത് ശങ്കരന്‍ കുട്ടി പറയുന്നു.