
തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം സംബന്ധിച്ച് 2023-ലെ കേന്ദ്രനിയമത്തെ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് വിഷയം ഭരണഘടനാബെഞ്ചുതന്നെ പരിഗണിക്കേണ്ടിവരുമോ എന്ന ചോദ്യം ഉയർന്നിരിക്കുന്നു. ഇക്കാര്യത്തിൽ ഹർജിഭാഗം അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ് 'മാതൃഭൂമി' പ്രതിനിധി ഹരിലാൽ രാജഗോപാലിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നു
2023-ലെ തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം സംബന്ധിച്ചുള്ള കേന്ദ്രനിയമത്തിന്റെ ഭരണഘടനാസാധുതയായിരുന്നല്ലോ ഡോ. ജയാ ഠാക്കൂർ കേസിലെ വിഷയം. ഈ വിഷയത്തിൽ ആത്യന്തികമായ തീരുമാനം കൈക്കൊള്ളുന്നതിനുപകരം കേസ് മറ്റൊരു വിശാല ബെഞ്ചിന് വിടണമോ എന്നകാര്യത്തിൽ ഇപ്പോഴത്തെ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്നു. ഈ വിധിയുടെ സാരാംശം എന്താണ്?
ശരിയാണ്. നിയമത്തിന്റെ ഭരണഘടനാസാധുത രണ്ടംഗ ബെഞ്ചിനുതന്നെ തീരുമാനിക്കാവുന്നതാണെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വിധിയെഴുതിയപ്പോൾ കൂടുതൽ അംഗങ്ങളുള്ള ഭരണഘടനാബെഞ്ചുതന്നെ കേസ് പരിഗണിക്കണമെന്ന് ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമ വിധിയെഴുതി. ഇക്കാരണത്താൽ ഇനി കേസിലെ അടിസ്ഥാനവിഷയം ഒരു വിശാലബെഞ്ച് -മിക്കവാറും അഞ്ചംഗ ബെഞ്ച് -പരിഗണിക്കേണ്ടിവരും.
ആ പരിഗണന ആവുന്നതും വേഗത്തിൽ വേണമെന്നും സുപ്രീംകോടതിയിൽ ഒരു സ്ഥിരമായ ഭരണഘടനാബെഞ്ച് വേണമെന്നുമുള്ള കാര്യത്തിൽ ഈ രണ്ട് ന്യായാധിപരും യോജിക്കുകയും ആ നിലയിൽ ഒരു പൊതു ഉത്തരവിറക്കുകയും ചെയ്തു.
ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നുവോ?
പ്രതീക്ഷിച്ചതുതന്നെയാണ് സംഭവിച്ചത്. കാരണം, കേസിന്റെ വാദസയമത്തുതന്നെ രണ്ടു ന്യായാധിപർ ഇക്കാര്യത്തിൽ അഭിപ്രായത്തിലെ വിഭിന്നത പരസ്യമാക്കിയിരുന്നു.
സുപ്രീംകോടതി ബെഞ്ചിൽനിന്നുണ്ടായ ഈ പരസ്പരവിരുദ്ധമായ സമീപനങ്ങളെയും അഭിപ്രായങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
വാസ്തവത്തിൽ അനൂപ് ബാരൻവാളിന്റെ കേസിൽ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്ത്യയിൽ തിരഞ്ഞെടുപ്പുകമ്മിഷൻ എങ്ങനെ നിയമിക്കപ്പെടണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നുമുള്ള കാര്യങ്ങളിലെ ഭരണഘടനാതത്ത്വങ്ങൾ വിശദമാക്കിയതാണ്.
നിയമമുണ്ടാക്കാനുള്ള അധികാരം പാർലമെന്റിനായതിനാൽ അക്കാര്യം പാർലമെന്റിനു വിട്ടുകൊടുത്തുകൊണ്ടാണ് ബാരൻവാൾ കേസിൽ വിധി ഉണ്ടായത്. എന്നാൽ, എങ്ങനെയെങ്കിലും എന്തെങ്കിലും ഒരു നിയമം ഉണ്ടാക്കിയാൽ മതി എന്നതല്ല, വിധിയുടെ താത്പര്യം. മറിച്ച് കേന്ദ്രത്തിലെ ഭരണാധികാരത്താൽ സ്വാധീനിക്കപ്പെടാത്ത ഒരു സമിതിവേണം തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നിയമിക്കാൻ എന്ന് ഭരണഘടനാബെഞ്ച് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.
ഇക്കാര്യം കാണിക്കുന്ന വിധിയിലെ ഖണ്ഡികകൾ ഞാൻ അടക്കമുള്ള അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയതാണ്. ജസ്റ്റിസ് ദീപാങ്കർ ദത്ത ഈ വാദത്തോട് പൂർണമായി യോജിക്കുകയുംചെയ്തു. ബാരൻവാൾ കേസിലെ വിധിയിൽ ചീഫ് ജസ്റ്റിസിന് സമിതിയിൽ അംഗത്വം വേണമെന്ന് പറഞ്ഞതിന്റെ താത്പര്യവും ഇതുതന്നെ.
കാരണം, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും കൂടാതെ, മൂന്നാമത്തെ അംഗമായി ചീഫ് ജസ്റ്റിസ് വന്നാൽ, സമിതിയിൽ ഭരണകക്ഷിക്ക് മേധാവിത്വം ഉണ്ടാവില്ല. അങ്ങനെവരുമ്പോൾ തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം കുറെക്കൂടി സ്വതന്ത്രമാകും.
നേരേമറിച്ച് പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ നോമിനിയായ കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന മൂന്നംഗസമിതിയാണ് തിരഞ്ഞെടുപ്പുകമ്മിഷനെ നിയമിക്കുന്നതെങ്കിൽ അത് ഫലത്തിൽ പ്രധാനമന്ത്രിയുടെതന്നെ (അഥവാ പ്രധാനമന്ത്രിയുടെ പാർട്ടിയുടെ) തിരഞ്ഞെടുപ്പുകമ്മിഷൻ ആയിരിക്കും. ഇതാണ് ഇന്ത്യയിൽ സംഭവിച്ചത്.
ഇതിനു തടയിടാനാണ് ഭരണഘടനാബെഞ്ച് ശ്രമിച്ചത്. എന്നാൽ, 2023-ലെ നിയമം പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയും പേരിന് പ്രതിപക്ഷനേതാവും അടങ്ങിയ സമിതിയെ പുനഃപ്രതിഷ്ഠിച്ചു. ഇത് ബാരൻവാൾ കേസിലെ നിയമതത്ത്വത്തിന് കടകവിരുദ്ധമാണെന്ന് ഇന്ത്യയിലെ നിയമവിദ്യാർഥികൾക്കുമാത്രമല്ല, വാർത്തകൾ ശ്രദ്ധിക്കുന്ന സാധാരണ മനുഷ്യർക്കുപോലും അറിയാം.
എന്നിട്ടും ഇക്കാര്യം വീണ്ടും ഭരണഘടനാബെഞ്ച് പരിഗണിക്കണമെന്ന പ്രത്യക്ഷത്തിൽത്തന്നെ തന്ത്രപരവും ജനാധിപത്യവിരുദ്ധവുമായ, കേന്ദ്രവാദം സ്വീകരിക്കുകയാണ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ ചെയ്തത്. ഇത് കേന്ദ്രസർക്കാരിന് അവർ അർഹിക്കാത്ത വിധത്തിലുള്ള ആനുകൂല്യമാണ് തത്കാലത്തേക്കെങ്കിലും നൽകിയത്. അത്രത്തോളം ജസ്റ്റിസ് ശർമയുടെ വിധി ദൗർഭാഗ്യകരവും ആണ്.
ഒരു ഭരണഘടനാബെഞ്ച് തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം സംബന്ധിച്ച തത്ത്വങ്ങൾ വ്യക്തമാക്കിയശേഷവും കമ്മിഷൻസംബന്ധിച്ച പാർലമെന്ററി നിയമങ്ങളുടെ പരിശോധനയ്ക്കായി വീണ്ടും ഭരണഘടനാബെഞ്ചുതന്നെ വേണമെന്നു പറയുന്നത് യുക്തിസഹമല്ല. ആദ്യത്തെ ഭരണഘടനാെബഞ്ചിന്റെ വിധിയുടെ ഉദ്ദേശ്യംതന്നെ ഭാവിവ്യവഹാരങ്ങൾ ആ വിധിയുടെ അടിസ്ഥാനത്തിൽ രണ്ടംഗ, മൂന്നംഗബെഞ്ചിന് പരിഗണിക്കാൻ കഴിയണം എന്നതാണ്.
മാത്രവുമല്ല ഭരണഘടനയുടെ 145(3) അനുച്ഛേദമനുസരിച്ച് ഇന്ത്യൻ ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട കഴമ്പുള്ള നിയമപ്രശ്‌നങ്ങളാണ് ഭരണഘടനാബെഞ്ചിനുവിടേണ്ടത്. ഈ കേസിലാകട്ടെ അത്തരമൊരു ഭരണഘടനാവ്യാഖ്യാനത്തിന്റെ ആവശ്യം ഉയരുന്നില്ല. എന്തെന്നാൽ ആ വ്യാഖ്യാനം ഇതിനുമുമ്പുതന്നെ ബാരൻവാൾ കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് നിർവഹിച്ചുകഴിഞ്ഞു.
ഈ വിധിയുടെ പ്രത്യാഘാതം എന്തായിരിക്കും
ഇത്തരം രാഷ്ട്രീയാധികാരത്തിന്റെ തന്ത്രങ്ങൾ തിരിച്ചറിയാനും അതിനെതിരേ നീതിന്യായപരമായ ജാഗ്രത പുലർത്താനും ന്യായാധിപർക്ക് കഴിയണം- വിശേഷിച്ചും ഉന്നതകോടതികളിലെ ന്യായാധിപർക്ക്. അത് സംഭവിക്കുന്നില്ലെങ്കിൽ ജനാധിപത്യംതന്നെ പ്രതിസന്ധിയിലാകും.
തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമാകണമെങ്കിൽ തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമാകണം. തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമാകണമെങ്കിൽ കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയും നിയമനപ്രക്രിയയും സ്വതന്ത്രമാകണം. ദൗർഭാഗ്യവശാൽ ജസ്റ്റിസ് ശർമയുടെ ഭിന്നവിധിയിലൂടെ, 2023-ലെ പ്രത്യക്ഷത്തിൽത്തന്നെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിയമത്തിന്, അതർഹിക്കാത്ത വിധത്തിൽ ആയുസ്സ് നീട്ടിക്കിട്ടിയിരിക്കുന്നു.
ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ്‌കുമാറിനെപ്പോലുള്ളവർ നിയമിക്കപ്പെടുന്ന അവസ്ഥ തുടരും. അവർ എസ്.ഐ.ആർ. മുതൽ വോട്ടിങ് മെഷീനിലെയുംവോട്ടിങ്ങിലെത്തന്നെയും ക്രമക്കേടുകൾവരെയുള്ള വഴികളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം തുടരും. തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്ന ദുരവസ്ഥയിലൂടെ 'ഒരാൾക്ക് ഒരു വോട്ട്' എന്ന ഡോ. അംബേദ്കർ ഊറ്റംകൊണ്ട രാഷ്ട്രീയതുല്യത ഇല്ലാതാകും. 2023-ലെ നിയമം ഭാവിയിൽ റദ്ദാക്കപ്പെടാത്തപക്ഷം ഈ അവസ്ഥ തുടരും. ഇതുതന്നെയാണ് പുതിയ ഭിന്നവിധിയുടെ പ്രത്യാഘാതം.
തിരഞ്ഞെടുപ്പുകാര്യത്തിൽ, വിശേഷിച്ചും എസ്.ഐ.ആർ. വിഷയത്തിൽ സുപ്രീംകോടതി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലപാടാണ് ഇതുവരെയും സ്വീകരിച്ചതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. ഈ വിധിയെയും അതിനോടൊപ്പം ചേർത്തുവായിക്കാവുന്നതാണോ?
അങ്ങനെ പറയാനാകില്ല. കാരണം, ഈ ഭിന്നവിധി, വിഷയത്തിലെ ആത്യന്തികമായ തീർപ്പല്ല എന്നതുതന്നെ. എന്തുകൊണ്ട് തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം രാഷ്ട്രീയാധികാരത്തിൽനിന്ന് സ്വതന്ത്രമാകണമെന്നും ബാരൻവാൾ കേസിലെ വിധി എങ്ങനെയാണ് ഇന്ത്യൻ ഭരണഘടനാവ്യവഹാരങ്ങളിലെ രജതരേഖയാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത ഇപ്പോഴത്തെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതീക്ഷകൾ അവസാനിച്ചുകൊണ്ടിരിക്കുന്ന ഒരു കെട്ടകാലത്ത് ഇത്തരം നീതിന്യായാഭിപ്രായങ്ങൾ കേൾക്കാൻ കഴിയുന്നതുതന്നെ വലിയ സമാശ്വാസമാണ്. ആ അർഥത്തിൽ ഈ വിധിയിലൂടെ ഹർജിക്കാരും അതുവഴി ജനാധിപത്യവിശ്വാസികളും ധാർമികമായവിജയം നേടിയിട്ടുണ്ട് എന്നു പറയാം.
പക്ഷേ, ഈ രണ്ടംഗ ബെഞ്ചുതന്നെ 2023-ലെ വികൃതനിയമത്തെ റദ്ദാക്കിയിരുന്നുവെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തിൽ കോടതിയുടെ അന്തസ്സ് അരക്കിട്ടുറപ്പിക്കുന്ന ഒന്നായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അങ്ങനെ ഉണ്ടായില്ല.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകമ്മിഷന്റെയും തിരഞ്ഞെടുപ്പുകളുടെയും ഭാവിയെക്കുറിച്ച് എന്തു തോന്നുന്നു?
നിയമവിധേയവും ഭരണഘടനാവിധേയവുമായ മാർഗങ്ങളിലൂടെ ജനാധിപത്യപരമായ രീതിയിൽ ഭരണസംവിധാനം മാറ്റാൻ ജനങ്ങൾക്ക് കഴിയണം.
സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകളിലൂടെമാത്രമേ ഇക്കാര്യം ഉറപ്പുവരാത്താൻ കഴിയൂ. എന്നാൽ, തിരഞ്ഞെടുപ്പിൽ മായം ചേർത്തുകൊണ്ട്, അതുവഴി ജനാധിപത്യത്തിൽത്തന്നെ മായം ചേർത്തുകൊണ്ട് ഒരു തരം 'എഥനോൾ ജനാധിപത്യം' സൃഷ്ടിക്കാനാണ് തിരഞ്ഞെടുപ്പുകമ്മിഷനും കേന്ദ്രസർക്കാരും ശ്രമിച്ചത്. ഏറ്റവുമൊടുവിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർക്കെതിരേ പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയും സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷവും പൊതുജനങ്ങളിൽ വലിയൊരു പങ്കും തിരഞ്ഞെടുപ്പുകളുടെ ശുദ്ധിയിലും കൃത്യതയിലും അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഈ അവസ്ഥ ഭീതിജനകമാണ്. ഭരണഘടനാസ്ഥാപനങ്ങൾ ശരിയായവിധത്തിൽ പ്രവർത്തിച്ചാൽമാത്രമേ ഭരണഘടനാജനാധിപത്യവും നിലനിൽക്കുകയുള്ളൂ.
താത്കാലികമായ രാഷ്ട്രീയാധികാരത്തിനും അതിന്റെ തുടർച്ചയ്ക്കുംവേണ്ടി, അധികാരത്തിലിരിക്കുന്നവർ ഭരണഘടനയെ ദുരുപയോഗിക്കുമ്പോൾ, അത്തരം സന്ദർഭങ്ങളിൽ ഭരണഘടനാകോടതികൾക്ക് അവയിൽ നിക്ഷിപ്തമായ ധർമം നിർവഹിക്കാൻ കഴിയാതിരിക്കുമ്പോൾ, നമുക്കുചുറ്റും ഇരുട്ടുപരക്കുകയാണ്.
Content Highlights: The Supreme Court's two-judge bench delivered a split verdict on the 2023 central law regarding the appointment of the Election Commission, leading to the possibility of the matter being considered by a larger constitutional bench.
Published: 25 Sept 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented