എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മിനി കൂപ്പർ കാർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രധാനപ്രതി 19 വയസ്സുകാരൻ സുഹൈൽ സജീവിനെ ജയിലിലടയ്ക്കാതെ ജുവനൈൽ ഹോമിലേക്ക് മാറ്റി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുന്നുണ്ട്. പ്രതിയുടെ കുടുംബത്തിന്റെ സാമ്പത്തികശേഷിയും സ്വാധീനവും ഉപയോഗിച്ച് 19 വയസ്സുള്ള മുതിർന്ന ഒരാളെ കുട്ടിയായി പരിഗണിച്ച് ജുവനൈൽ ഹോമിലാക്കിയെന്ന ആരോപണത്തോടെയാണിത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വസ്തുത പരിശോധനയിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം വനിതാ-ശിശു വികസന വകുപ്പിന് (WCD) കീഴിലുള്ള ജുവനൈൽ ഹോമുകളിൽ പാർപ്പിക്കുന്നത്. കുട്ടികൾക്ക് കൗൺസിലിംഗ്, ശിക്ഷാ നടപടികളല്ലാത്ത തിരുത്തൽ നടപടികളിലൂടെ അവരെ തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, പ്രചരിക്കുന്ന പോസ്റ്റിൽ പർമർശിക്കുന്ന പോലെ സുഹൈൽ സജീവിനെ പ്രായപൂർത്തിയാവാത്തവരെ പാർപ്പിക്കുന്ന ജുവനൈൽ ഹോമിലല്ല, മറിച്ച് ബോസ്റ്റൽ സ്കൂളിലേക്കാണ് മാറ്റിയത്. കേരളാ മാധ്യമങ്ങൾ എല്ലാം തന്നെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

മിനി കൂപ്പർ അപകടക്കേസിൽ, സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത സുഹൈലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും മജിസ്ട്രേറ്റ് പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റാൻ ഉത്തരവിടുകയുമായിരുന്നു. സംസ്ഥാന ജയിൽ നിയമത്തിലെ റൂൾ 324 പ്രകാരം 18 മുതൽ 21 വയസ്സുവരെയുള്ള, ആദ്യതവണ കുറ്റവാളികളാകുന്നവരെ ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കേണ്ടത്.

കേരള ബോസ്റ്റൽ സ്കൂൾസ് ആക്റ്റ്, 1961 പ്രകാരം ജയിൽ-തിരുത്തൽ സേവന വകുപ്പിന്റെ കീഴിലാണ് ബോസ്റ്റൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്. 18 മുതൽ 21 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരായ ആദ്യതവണ കുറ്റവാളികളാവുന്നവരെ കോടതി ഉത്തരവ് പ്രകാരം പാർപ്പിക്കാനാണ് തൃക്കാക്കരയിലുള്ള ബോസ്റ്റൽ സ്കൂൾ ഉപയോഗിക്കുന്നത്. മുതിർന്ന തടവുകാരിൽനിന്ന് ഇവരെ വേർതിരിക്കാനും അച്ചടക്കവും തൊഴിൽ പരിശീലനവും നൽകാനും ലക്ഷ്യമിട്ടാണിത്.

https://www.mathrubhumi.com/news/kerala/kakanad-borstal-school-only-youth-jail-state-suhail-case-w8llmfbx 

വാസ്തവം

നെടുമ്പാശ്ശേരി കാറപകട കേസ് പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. 19 വയസ്സുള്ള പ്രതിയെ തൃക്കാക്കര ബോസ്റ്റൽ സ്കൂളിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സംസ്ഥാന ജയിൽ നിയമപ്രകാരം 18 മുതൽ 21 വയസ്സുവരെയുള്ള (ആദ്യമായി കേസിൽ പ്രതികളാകുന്ന) വരെ ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കേണ്ടത്.