
തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിൽ ബെംഗളൂരുവിലെ വോട്ടർപട്ടികയിൽനിന്നു പുറത്തായയാളാണ് നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. പിന്നീട് എസ്.ഐ.ആറിനുനേരേ പ്രക്ഷോഭവുമായി അദ്ദേഹം തെരുവിലിറങ്ങി. എസ്.ഐ.ആറിനെതിരേ തെരുവിലിറങ്ങുന്ന ആദ്യ താരം. എസ്.ഐ.ആർ. ഉയർത്തുന്നപ്രശ്നങ്ങളെപ്പറ്റിയും പ്രത്യാഘാതങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയാണ്. മാതൃഭൂമി പ്രതിനിധി സുനിൽ തിരുവമ്പാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്.
വോട്ടർമാർ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതാണ് ജനാധിപത്യരീതി. ഇപ്പോൾ പക്ഷേ, ഭരണകൂടം വോട്ടർമാരെ തിരഞ്ഞെടുക്കുകയാണ് എന്ന ആരോപണമാണ് ഉയരുന്നത്
വോട്ടർപട്ടിക പരിഷ്‌കരിക്കുമ്പോൾ എല്ലാ പൗരരെയും ഉൾപ്പെടുത്തണം. ഓരോ വീടുകളിലും പോയിവേണം ഇതു നടത്താൻ. അവസാനം പരിഷ്‌കരണം നടത്തിയ 2002-ൽ അങ്ങനെയായിരുന്നു. ഇപ്പോൾ ഒരു പരീക്ഷപോലെയായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി 365 ദിവസമാണെന്നിരിക്കേ എന്തിനാണു ധൃതി.
പട്ടികയിൽ പേര് ഉൾപ്പെടുത്തലല്ല, മൊത്തം ഒഴിവാക്കലാണ് നടക്കുന്നത്. ബി.എൽ.ഒ. വീട്ടിലെത്തിയപ്പോൾ വോട്ടർ അവിടില്ലെങ്കിൽ അതയാളുടെ കുറ്റമാണോ. ഒരാൾ താമസംമാറ്റിയതുകൊണ്ട് വോട്ടു പോകുന്നതെങ്ങനെ.
നാലു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ബംഗാളിൽ എന്തിനാണ് ധൃതിപിടിച്ച് എസ്.ഐ.ആർ. നടത്തിയത്. കോടിക്കണക്കിന് പേരുകൾ ഡിലീറ്റ് ചെയ്തു. ഇപ്പോൾ, അവിടെ ആറുമാസം കൊണ്ട് 90,000 പരാതികൾ പരിശോധിച്ചു. അതിൽ 91 ശതമാനം പേരും തിരിച്ചുവന്നു. അപ്പോൾ ബംഗാളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, യോഗ്യരായ വോട്ടർമാർ വോട്ടുചെയ്യാതെ അധികാരത്തിലെത്തിയതാണെന്ന് വ്യക്തമായി.
കർണാടകത്തിൽ തിരഞ്ഞെടുപ്പിന് രണ്ടുവർഷം ശേഷിക്കേയാണ് ധൃതിപിടിച്ച് എസ്ഐ.ആർ. നടത്തിയത്. എസ്.ഐ.ആർ. തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്ത തീരുമാനമല്ല. ആണെന്ന് തെളിയിക്കാൻ കമ്മിഷന് മിനിറ്റ് സോ രേഖയോ ഒന്നുമില്ല. അമിത്ഷായും മോദിയും എടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പി.യുടെ ഏജന്റായി മാറി. അതുകൊണ്ട് എസ്.ഐ.ആറിന്റെ മുഴുവൻ പ്രക്രിയകളും ഭരണഘടനാവിരുദ്ധമാണ്. ഇതൊരു ഗൂഢാലോചനയാണ്; കുംഭകോണമാണ്.
വോട്ടർപട്ടികയിൽ ഉൾപ്പെടുകയെന്നത് പൗരത്വവുമായും ബന്ധപ്പെട്ടതാണല്ലോ. പേരില്ലെങ്കിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്ന് കർണാടകസർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജനങ്ങളിൽ ഒരുതരം ഭയത്തിന്റെ അവസ്ഥയുണ്ടായിട്ടുണ്ടോ
ബംഗാളിൽ ഒരാൾക്ക് പൗരത്വമില്ലെങ്കിൽ ഒരു ജീവിതസൗകര്യവുമില്ല. അവർ നൽകുന്ന നികുതി വേണം. പക്ഷേ, പൗരത്വമില്ല എന്നതാണ് രീതി. വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയവരുടെ പട്ടികയിൽ കൂടുതലും ന്യൂനപക്ഷവിഭാഗങ്ങളും ദരിദ്രരും താഴ്ന്ന-മധ്യവർഗ വിഭാഗക്കാരുമാണ്.
ഭയമുണ്ടാക്കുകയാണ് ഭരണകൂടം. മുൻപ് നോട്ടുനിരോധനം വന്നു. ഡിജിറ്റൽ ഇടപാട് മതി, പണം വേണ്ടാ എന്നുപറഞ്ഞു. ഇപ്പോൾ അത് കട്ട് ചെയ്തു. യു.പി.ഐ.യിൽ പിടിമുറുക്കുന്നു.
പേടിയുടെ മനസ്സ് പൗരരിലുണ്ടാക്കി അത് ഒഴിവാകാതെ കൊണ്ടുപോകുകയാണ് ഭരണകൂടം. ഇ.ഡി., ഐ.ടി. റെയ്ഡ്, എല്ലാം ഇതിന്റെ ഭാഗമാണ്. എല്ലാ ഏകാധിപതികളുടെയും ഗെയിം പ്ലാനാണിത്.
അധികരേഖ സമർപ്പിക്കേണ്ടതിന് നോട്ടീസ് ലഭിച്ച വി.ഐ.പി.മാർക്കുവേണ്ടി ബി.എൽ.ഒ.മാർ ഇടപെടുന്നുണ്ട്. എന്നാൽ പിന്നാക്കാവസ്ഥയിലുള്ളവരും ദളിതരും സ്ത്രീകളുമാണ് ഇതിനുപുറകെ പോകാത്തതിനാൽ പുറന്തള്ളപ്പെടാൻ പോകുന്നത്. ഇതിന് പരിഹാരമെന്താണ്
അതാണ് പ്രശ്നം. ഞാൻ ഒരു ബൂത്തിൽ പോയി. അവിടെ ഒരു കുടുംബം 40 വർഷമായി ഉണ്ട്. ബി.എൽ.ഒ.ക്ക് ഫോം പൂരിപ്പിച്ചു കൊടുത്തു. പക്ഷേ, ബി.എൽ.ഒ. അപ്ലോഡ് ചെയ്യുന്നില്ല. ചില വീട്ടിൽ ബി.എൽ.ഒ. പോയില്ല. എന്നിട്ട് ആളുകൾ താമസം മാറ്റിയെന്നു പറഞ്ഞു. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പറഞ്ഞു. ഇതാണു രീതി.
ഇതു കണ്ട് ഞാൻ കർണാടകത്തിലെ നൂറു ബൂത്തുകളിൽ പോയി യഥാർഥപ്രശ്നം കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് ഡോക്യുമെന്റ് ചെയ്ത് ഞങ്ങൾ ഇതൊരു ദേശീയതലത്തിലുള്ള പ്രക്ഷോഭമാക്കി മാറ്റും. എസ്.ഐ.ആറിനെ മുൻനിർത്തി സോഷ്യൽ ഓഡിറ്റിങ് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാകുകയാണ് വേണ്ടത്.
എസ്.ഐ.ആറിനുനേരേ സമരവുമായി ആദ്യം തെരുവിലിറങ്ങിയ താരമാണ് താങ്കൾ. എന്തായിരുന്നു ഇതിനുണ്ടായ പ്രചോദനം
സമരവുമായി റോഡിലിറങ്ങിയില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. പ്രകാശ് രാജും സിവിൽ സൊസൈറ്റിയും എഴുത്തുകാരും എല്ലാവരും ഇപ്പോൾ വന്നിട്ടുണ്ട്.
ഇതിനിയും വലുതാകും. എല്ലാ പ്രതിപക്ഷകക്ഷികളുടെ നേതാക്കളെയും വിളിക്കും. എം.എൽ.എ.മാരെയും എം.പി.മാരെയും പങ്കെടുപ്പിക്കും. കാരണം ഇത് രാജ്യത്തെ പൗരരുടെ പ്രശ്നമാണ്.
കള്ളവോട്ടു തടയാൻ വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്ന് പറയുന്നതിൽ വാസ്തവമില്ലേ?
പുറത്തുനിന്നു വന്നവരെ ലക്ഷ്യമിട്ടാണ് അങ്ങനെ പറയുന്നത്. ബംഗ്ലാദേശികളും പാകിസ്താനികളുമെവിടെയാണ്. കർണാടകത്തിൽ നാലു ലക്ഷം ബംഗ്ലാദേശികൾ വന്നിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ, എസ്.ഐ.ആറിൽ ആരെയും കണ്ടില്ല.
ശുദ്ധീകരിക്കാൻ ആരെയാണ് പട്ടികയിൽനിന്നു പുറത്താക്കുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രിയും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡുമുൾപ്പെടെ. ഇവർ വ്യാജവോട്ടർമാരാണോ. ഈ പ്രക്രിയയും അതിനുപുറകിലെ രാഷ്ട്രീയവും ശരിയല്ല.
എസ്.ഐ.ആറിനുനേരേ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ വേണ്ടത്ര ശക്തിയായി എതിർപ്പുയർത്തുന്നുണ്ടോ
അവർ എതിർപ്പുയർത്തണം. അവർക്ക് ജനങ്ങളോട് ബാധ്യതയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങളെ തിരഞ്ഞെടുത്ത വോട്ടർമാരാണിവർ.
അവർക്കൊരു പ്രശ്നം വരുമ്പോൾ ഇറങ്ങേണ്ടേ. കേരളത്തിലും കർണാടകത്തിലും തെലങ്കാനയിലും നിങ്ങൾക്ക് സോഷ്യൽ ഓഡിറ്റ് നടത്താം. പൗരർക്കുവേണ്ടി കോടതിയിൽ പോകാം. അവർക്കൊപ്പം നിൽക്കണം.
വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ പേരിൽ നൽകിയ കേസുകളൊക്കെ എവിടെ. എവിടെയുമെത്തില്ല. കാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പി.യുടെ ഏജന്റാണ്.
Content Highlights: Actor and activist Prakash Raj was removed from the voter list in Bengaluru, leading him to protest against the S.I.R. process, which he claims is unconstitutional and politically motivated by BJP leaders Amit Shah and Modi.
Published: 23 Sept 2026, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented