കൊച്ചി: ഏതുവസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി. നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

To advertise here,

ചുരിദാർ ധരിച്ച് സ്കൂളിൽ എത്തരുതെന്ന കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂൾ മാനേജരുടെ നിർദേശത്തിനെതിരേ പ്രഥമാധ്യാപിക സിന്ധു എസ്. നായർ സമർപ്പിച്ച ഹർജിയിലെ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

ചുരിദാർ ധരിച്ചെത്തിയതിന് സ്കൂൾ മാനേജർ നിർദേശിച്ചപ്രകാരം ഗെയ്റ്റിൽ തടഞ്ഞെന്നും പോലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഹർജിക്കാരിയെ മാനേജർ തടസ്സപ്പെടുത്തിയാൽ മതിയായ സംരക്ഷണം നൽകാൻ കൊട്ടാരക്കര എസ്.എച്ച്.ഒ.യ്ക്ക് കോടതി നിർദേശംനൽകി.

മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതർക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ നിരീക്ഷണം ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ പ്രകാരം സ്കൂളിൽ ചുരിദാർ ധരിക്കാൻ അനുമതിയുണ്ടെന്നത് കോടതി ചൂണ്ടിക്കാട്ടി.

ചുരിദാറിനുപകരം സാരി ധരിച്ചെത്തണമെന്നു മാനേജർ ആവശ്യപ്പെട്ടതായി ഹർജിക്കാരി വാദിച്ചു. എന്നാൽ, ഇത് തെറ്റാണെന്നും ജോലിയിലെ വീഴ്ച മറയ്ക്കാൻ തെറ്റായ ആരോപണം ഉന്നയിച്ചതായി മാനേജർ സുരേഷ് കുമാർ വാദിച്ചു.