ആദ്യമൊക്കെ ക്രിമിനലുകൾക്ക് രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയാണ് ലഭിച്ചിരുന്നത്. അവർ രാഷ്ട്രീയക്കാരുടെ അനധികൃത ആവശ്യങ്ങൾ നിറവേറ്റി. എന്നാൽ, ആ കാലം പോയ്‌മറഞ്ഞിരിക്കുന്നു. ക്രിമിനൽക്കുറ്റങ്ങളിൽ പങ്കാളികളായവർ രാഷ്ട്രീയത്തിലേക്ക് നേരിട്ടുള്ള പ്രവേശമാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നത്. പുറമേനിന്ന് അധികാരം നിയന്ത്രിക്കുന്നതിനെക്കാൾ മെച്ചം നേരിട്ടുതന്നെ അധികാരം നിയന്ത്രിക്കുകയാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണിത്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ ‘കാപ്പ’ കേസ് തടവുകാരനായി വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞചെയ്തത് കേരളരാഷ്ട്രീയത്തിലെ ആദ്യസംഭവമെന്നനിലയിലാണ് ചില മാധ്യമതലക്കെട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വസ്തുതാപരമായിരിക്കെ, ആദ്യസംഭവത്തിന്റെ അംഗീകാരം ബി.ജെ.പി.ക്കും ആർ. സുഗതനുമാണെങ്കിലും ഇതൊരു ചരിത്രസംഭവമായി ആരും വിലയിരുത്തുമെന്ന് തോന്നുന്നില്ല. ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കാൻപോലുമാകില്ല. നിരപരാധിത്വം സ്ഥാപിക്കാനാകും ആർ. സുഗതനും അയാൾ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയും വ്യഗ്രതപ്പെട്ടുക. സുഗതന് ജയിലിൽ വീണ്ടും സത്യപ്രതിജ്ഞചെയ്യേണ്ടിവന്നത് ‘കാപ്പ’ ചുമത്തപ്പെട്ട് കരുതൽത്തടങ്കലിൽ കഴിയുന്നുവെന്നതുകൊണ്ടല്ല, കോർപ്പറേഷൻ കൗൺസിലിൽ ആദ്യ സത്യപ്രതിജ്ഞ ബലിദാനിയുടെപേരിൽ ചെയ്തത് കോടതി അംഗീകരിക്കാത്തതുക്കൊണ്ടാണ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരേ ‘കാപ്പ’ ചുമത്തപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യ ആരോപണങ്ങളുടെ പേരിലാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, കേരളത്തിലെ നിയമസഭയിലെ ജനപ്രതിനിധികൾ ചിലരെങ്കിലും കൊലപാതകക്കേസിൽ കുറ്റാരോപിതരാണ്. സ്ത്രീപീഡനകുറ്റാരോപണം നേരിട്ടവരും നിയമസഭാസാമാജികരായുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തോളം പ്രായമുള്ള ആശയം
ഇന്ത്യൻ രാഷ്ട്രീയത്തെ ക്രിമിനലുകളിൽനിന്ന് ശുദ്ധീകരിക്കുകയെന്നത് ഇന്ത്യൻ ജനാധിപത്യംപോലെത്തന്നെ പ്രായമുള്ള ആശയമാണെങ്കിലും രാഷ്ട്രീയവുമായുള്ള ക്രിമിനലുകളുടെ ബന്ധം കൂടുതൽ ഇഴുകിച്ചേരുകയാണ് സംഭവിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണം നിസ്സഹായതയോടെ നോക്കിനിൽക്കാൻമാത്രമേ പൗരസമൂഹത്തിന് സാധിക്കുന്നുള്ളൂ. നിസ്സഹായതയ്ക്ക് ഹേതുവാകുന്നത് പോലീസ് ഉൾപ്പെടെയുള്ള നീതിനിർവഹണസംവിധാനങ്ങളുടെ നിസ്സംഗതയോ പക്ഷപാതിത്വമോ ആണ്. രാഷ്ട്രീയപ്രവർത്തകർ, കക്ഷിരാഷ്ട്രീയഭേദമെന്യേ, ന്യായീകരണമായി പറയാറുള്ളത് ജനകീയാവശ്യങ്ങൾ മുൻനിർത്തി പൊതുസമരങ്ങൾ നടത്തുമ്പോഴാണ് ക്രിമിനൽവകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കപ്പെടുന്നതെന്നാണ്. ഇതൊന്നുംതന്നെ ഗുരുതരമായ ക്രിമിനൽക്കുറ്റമല്ലെന്നും സമർഥിക്കാറുണ്ട്. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള സമരങ്ങൾപോലും ഈ മട്ടിൽ ന്യായീകരിക്കപ്പെടുന്നുണ്ട്. വർത്തമാനകാല കേരളരാഷ്ട്രീയത്തിൽത്തന്നെ ഇതിന് ഉദാഹരണമുണ്ടല്ലോ.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സമരംചെയ്ത് ജയിൽവാസമനുഭവിച്ചവരോടോ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ അടിയന്തരാവസ്ഥകളിൽ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പോരാടി ജയിലിൽപ്പോയവരുടെയോ അതേ അംഗീകാരമാണ്, ക്രിമിനൽക്കുറ്റങ്ങൾക്ക് ശിക്ഷലഭിച്ച രാഷ്ട്രീയക്കാർക്കും വേണ്ടതെന്നതാണ് പരിഹാസ്യമെങ്കിലും ഒരു അവകാശവാദം. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായാണ് രാഷ്ട്രീയപ്പാർട്ടികളുടെ ഈ ക്രിമിനൽവത്കരണം സംഭവിക്കുന്നത്. ക്രിമിനലുകൾ നമ്മുടെ നേതാക്കളും നായകരുമായി മാറുകയാണുണ്ടായത്. ആദ്യമൊക്കെ ക്രിമിനലുകൾക്ക് രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയാണ് ലഭിച്ചിരുന്നത്. അവർ രാഷ്ട്രീയക്കാരുടെ അനധികൃത ആവശ്യങ്ങൾ നിറവേറ്റി. എന്നാൽ, ആ കാലം പോയ്‌മറഞ്ഞിരിക്കുന്നു. ക്രിമിനൽക്കുറ്റങ്ങളിൽ പങ്കാളികളായവർ രാഷ്ട്രീയത്തിലേക്ക് നേരിട്ടുള്ള പ്രവേശമാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നത്. പുറമേനിന്ന് അധികാരം നിയന്ത്രിക്കുന്നതിനെക്കാൾ മെച്ചം നേരിട്ടുതന്നെ അധികാരം നിയന്ത്രിക്കുകയാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണിത്.
ക്രിമിനലുകൾക്ക് ജയസാധ്യത കൂടുതൽ
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ ‘അനിഷേധ്യ’രാഷ്ട്രീയനേതാക്കളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മാറുന്നു. ജനാധിപത്യത്തിന് അപമാനകരമായ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന് രാഷ്ട്രീയപ്പാർട്ടികളും വോട്ടർമാരും മുഴുവൻ ക്രമസമാധാന-നീതിന്യായ സംവിധാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ്. 2025-ൽ പ്രസിദ്ധീകരിച്ച, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസി(എ.ഡി.ആർ.)ന്റെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളമുള്ള 1861 എം.എൽ.എ.മാർക്കെതിരേ-ഏകദേശം 45 ശതമാനം പേർ-ക്രിമിനൽക്കേസുകൾ നിലനിൽക്കുന്നു. ഇതിൽ 1205 പേർ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരാണ്. എ.ഡി.ആറിന്റെതന്നെ ഒരു വിശകലനത്തിൽ ക്രിമിനൽക്കുറ്റം നേരിടുന്ന സ്ഥാനാർഥികൾക്ക് ക്ലീൻ റെക്കോഡുള്ളവരെ അപേക്ഷിച്ച് വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ പിന്നിലെ സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ അന്വേഷിക്കേണ്ടതാണ്. ഭയംകൊണ്ടാണോ അതോ ക്രിമിനൽപശ്ചാത്തലമുള്ള രാഷ്ട്രീയക്കാർക്ക് കൈയൂക്കുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ പറ്റുമെന്ന വിശ്വാസംകൊണ്ടാണോ ജനഹിതം ഇത്തരക്കാർക്ക് അനുകൂലമാകുന്നതെന്നത് ജനാധിപത്യസമൂഹം ഉത്തരം കണ്ടെത്തേണ്ട പ്രധാന ചോദ്യമാണ്. രണ്ടാണെങ്കിലും ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിപത്കരമായ പ്രവണതയാണ്.
അകറ്റണം, ക്രിമിനലുകളെ
ലില്ലി തോമസും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള (2013) കേസിലെ സുപ്രീംകോടതിവിധിപ്രകാരം ക്രിമിനൽക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട്, കുറഞ്ഞത് രണ്ടുവർഷത്തെ തടവുശിക്ഷലഭിച്ച ഏതൊരു സാമാജികന്റെയും നിയമനിർമാണസഭാംഗത്വം നഷ്ടപ്പെടും. 2014-ൽ, മനോജ് നരുലയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ, കുറ്റവാളികളുടെ രാഷ്ട്രീയപ്രവേശനം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ക്രിമിനൽക്കോടതി കുറ്റം ചുമത്തിയ ഒരു നിയമസഭാംഗത്തെ മന്ത്രിയായി നിയമിക്കരുതെന്ന കർശനമായ നിർദേശമാണ് ഉന്നതനീതിപീഠം നൽകിയത്. രാഷ്ട്രീയപ്പാർട്ടികൾ ഇതിനെ പല യുക്തികളും ഉപയോഗപ്പെടുത്തി മറികടക്കുകയാണ്. നിയമനിർമാതാക്കൾതന്നെ നിയമലംഘകരായി മാറുന്ന സ്ഥിതിവിശേഷമാണ് രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണംകൊണ്ട് സംഭവിക്കുന്നത്. രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണമാണോ അതോ ക്രിമിനൽക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെയോ കുറ്റം ആരോപിക്കപ്പെട്ടവരുടെയോ കക്ഷിരാഷ്ട്രീയവത്കരണമാണോ എന്നതാണ് വേർതിരിക്കാൻ പറ്റാത്തത്.
ഗുരുതരമായ ക്രിമിനൽക്കുറ്റം ആരോപിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാനുള്ള ജനാധിപത്യമര്യാദയാണ് രാഷ്ട്രീയപ്പാർട്ടികൾ കാണിക്കേണ്ടത്. കുറ്റവിമുക്തരായി, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്താൻ പാർട്ടികൾക്ക് ബാധ്യതയുണ്ട്. ഗുരുതരമായ ക്രിമിനൽക്കുറ്റാമാരോപിക്കപ്പെട്ട ഏതൊരു വ്യക്തിയെയും സ്ഥാനാർഥിത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്ന് നിയമംവഴിതന്നെ ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വേഗത്തിലുള്ള വിചാരണയും ശിക്ഷവിധിക്കലും ആവശ്യമാണെന്ന വാദം ന്യായമാണ്. വിചാരണ കഴിഞ്ഞ് കുറ്റാരോപിതൻ കുറ്റവിമുക്തനാകുന്നതുവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതുമാത്രമല്ല, ഉൾപ്പാർട്ടിപദവികളിലേക്കെത്തുന്നതും രാഷ്ട്രീയകക്ഷികൾ തടയണം. ഇത്തരത്തിലുള്ള കർക്കശമായ ധാർമികനിലപാടുകൾ അവലംബിക്കാതിരുന്നാൽ രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തെ കൂടുതൽ കളങ്കപ്പെടുത്തുകയേയുള്ളൂ.
(സാമൂഹിക-രാഷ്‌ട്രീയ നിരീക്ഷകനാണ് ലേഖകൻ)
Content Highlights: The article addresses the growing concern over the criminalization of Indian politics, citing the incident of Thiruvananthapuram Councillor R. Sugathan taking his oath while in jail under the KAAPA Act. Pointing to the 2025 ADR report, which states that 45% of Indian MLAs face criminal cases, the author calls for strict legislative bans and swift trials to disqualify tainted candidates from contesting elections and holding party positions.
Published: 15 Jul 2026, 06:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented