രു വിദ്യാര്‍ഥി പ്രധാനാധ്യാപകനോട് തട്ടിക്കയറുന്നു, അതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുറ്റവിചാരണകള്‍ നടക്കുന്നു. കുട്ടി തനിക്കുപറ്റിയ തെറ്റിന് മാപ്പുപറയുന്നു. വീഡിയോയുടെ ഒരറ്റംമാത്രം കണ്ടിട്ട് കുട്ടിയെ, അധ്യാപകരെ, കുടുംബങ്ങളെ, പുതുതലമുറയെ ഒക്കെ തങ്ങളാലാകുംവിധം വിചാരണചെയ്യുന്ന സമൂഹവും. തനിക്കു കിട്ടിയ ഇരയെ കൈകാര്യംചെയ്യുന്നതില്‍ ഇവരിലാരാണ് മോശക്കാര്‍? ആരാണ് മികച്ച ജഡ്ജിമാര്‍?

To advertise here,

ഒരു കുട്ടിയെയും അധ്യാപകനെയും ഒരേ തുലാസിന്റെ രണ്ടു തട്ടില്‍ വെച്ചു വായിക്കുമ്പോള്‍ത്തന്നെ നീതികേട് ആരംഭിക്കുന്നു എന്നെഴുതിയത് ജയമോഹനാണ്. കുട്ടി പറയുന്നതിന്റെ മറുവശം പുറത്തുവന്ന വീഡിയോയില്‍ ഇല്ലാത്തതുകൊണ്ട് നമുക്ക് ജഡ്ജ് ചെയ്യാതിരിക്കുകയെങ്കിലുമാകാം.

എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്, സി.വി. ബാലകൃഷ്ണന്റെ വംശധാര എന്ന ചെറുകഥയാണ്. എന്തോ തെറ്റുപറ്റിപ്പോയതിന്റെപേരില്‍ അപ്പന്റെ മുന്നില്‍ കുറ്റബോധത്തോടെ വിങ്ങിനില്‍ക്കുന്ന മകന്‍. അവനെ നോക്കി അപ്പന്‍ ചോദിച്ചു: ''നീ എന്തായിത്തീര്‍ന്നിരിക്കുന്നു മോനേ''?

സങ്കടം സഹിക്കാനാകാതെ അവന്‍ പറഞ്ഞു:

''ഒരു പരട്ട ചെറ്റ''.

ഉടനെ അപ്പനെന്തു ചെയ്‌തെന്നോ? എഴുന്നേറ്റ് മകനെ മുറുകെ കെട്ടിപ്പിടിച്ചു. അപ്പന്റെ ദൃഢാശ്ലേഷത്തില്‍ മകന് ശ്വാസംമുട്ടി.

''നീ എനിക്കു പ്രിയപ്പെട്ടവനാടാ''

അപ്പന്‍ ഉറക്കെ പറഞ്ഞു. അപ്പോള്‍ ഒരു പ്രാവ് തന്റെ ചുമലിലേക്ക് പറന്നിറങ്ങിയതായി മകന് തോന്നി.

ആരാന്റമ്മയ്ക്കുമാത്രമല്ല, ആരാന്റെ മക്കള്‍ക്കു ഭ്രാന്തുപിടിച്ചാലും സമൂഹത്തിന് അതൊരുത്സവമാണ്. അധ്യാപകനെ കുട്ടി വൈകാരികാവേശത്തില്‍ ഭീഷണിപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, അവന്‍ ഭയന്നതെന്തോ അതുതന്നെയല്ലേ ആ വീഡിയോ എടുക്കുകവഴി സംഭവിച്ചത്? കുട്ടിക്കു നിഷേധിച്ച മൊബൈല്‍ ഫോണിന്റെ സാധ്യതകളെ അധ്യാപകന്‍ എത്ര വിദഗ്ധമായാണ് ഉപയോഗിച്ചത്! ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടാണോ തിരുത്തുക? സ്‌കൂളില്‍ കുട്ടികള്‍ക്കുമാത്രമായി എന്തു തെറ്റും ശരിയും? തെറ്റാണെങ്കില്‍ അധ്യാപകരും ആ തെറ്റു ചെയ്തുകൂടാ.

ഗൃഹാതുരതാഭാരംകൊണ്ട് അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്കുണ്ടാക്കുന്ന മാനസികസമ്മര്‍ദങ്ങളെക്കുറിച്ചും സംസാരിക്കാറില്ല. പോക്‌സോ കേസുപോലെ, റേപ് കേസുപോലെത്തന്നെ പ്രധാനമാണ് കുട്ടികളനുഭവിക്കുന്ന മാനസിക പീഡനങ്ങളും.

ഒരിക്കല്‍ മകളുടെ പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ അവളുടെ സ്‌കൂളില്‍ പോകേണ്ടിവന്നു. അന്നത്തെദിവസം ഞാന്‍ മറക്കില്ല. എനിക്കും അവള്‍ക്കും വലുതായ ആത്മവിശ്വാസമുണ്ട്. അഭിമാനത്തോടെയാണ് അവള്‍ എന്നെയും കൂട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്‌ചെന്നത്. എന്തോ വലിയ കുറ്റം കണ്ടുപിടിച്ചതുപോലെ ടീച്ചര്‍ പറഞ്ഞു: ''അവള്‍ attention seeking ആണ് ശ്രദ്ധിക്കണം''. മോള്‍ പെട്ടെന്നൊന്ന് ഉലഞ്ഞോ? അവളുടെ തല കുനിഞ്ഞോ? കുറ്റവാളിയെപ്പോലെ കണ്ണുനിറഞ്ഞ് എന്റെ മുന്നില്‍ തലകുനിച്ചുനിന്ന മകളോട് അവളെ ചേര്‍ത്തുപിടിച്ച് ഞാന്‍ പറഞ്ഞു: ''അമ്മ ഇപ്പോഴും attention seeking ആണ്, അതൊരു കുറ്റമല്ല'' എന്ന്. ആകര്‍ഷണത്വര കൗമാരകാലത്തിന്റെ സ്വാഭാവികതയാണെന്നും അതിനെ സ്വാഭാവികമായി, ആരോഗ്യകരമായി കൈകാര്യംചെയ്യണമെന്നും അറിയാത്ത, സ്വയം ഭയപ്പെടുന്ന ഒരാളെന്ന സഹതാപം എനിക്ക് ആ അധ്യാപികയുടെ നേര്‍ക്ക് തോന്നി. പക്ഷേ, എന്റെ മകളുടെ തലമുറ അവരെ വിചാരണചെയ്യുകതന്നെ ചെയ്യും. രക്ഷിതാക്കളുടെ മുന്നില്‍വെച്ചുപോലും കുട്ടിയെ ഒരു ക്രിമിനലിനെയെന്നവണ്ണം നിര്‍ത്തി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു കളയുന്ന എത്രയോ അധ്യാപകരെ ഞാനെന്റെ അധ്യാപനജീവിതത്തില്‍ കണ്ടിരിക്കുന്നു. ആ കുട്ടികള്‍ ഈ സംവിധാനത്തെ വെറുക്കാതിരിക്കുന്നതെങ്ങനെ?

സ്വന്തം പ്രശ്‌നങ്ങളെന്തെന്ന് തിരിച്ചറിയാതെ കുഴങ്ങുന്നവരാകും കൗമാരപ്രായക്കാര്‍ ഏറെയും. പ്രത്യേകിച്ച് പ്രലോഭനങ്ങളുടെയും ആകര്‍ഷണീയതകളുടെയും സമൃദ്ധിയുടെ കാലത്ത്. ശരിയേത് തെറ്റേത് എന്ന് നിര്‍ണയിക്കാന്‍ കഴിയാതെ സമൂഹമൊന്നടങ്കം കുഴങ്ങുന്ന കാലത്ത്. വളരുന്ന ശരീരവും മാറുന്ന വൈകാരികപ്രശ്‌നങ്ങളും മാറിവരുന്ന സാമൂഹികനീതികളോട് വല്ലാതെ ഇടഞ്ഞുനില്‍ക്കുന്ന കാലത്ത് കുട്ടികളെ നേരിടുന്ന അധ്യാപകരും ഒട്ടേറെയായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഒന്നും ലളിതമല്ല, എളുപ്പവുമല്ല. അധ്യാപനവും രക്ഷാകര്‍ത്തൃത്വവും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍തന്നെയാണ്. കുട്ടികളില്ലെങ്കില്‍ കോളേജില്‍ എന്തു സമാധാനമാണ് എന്നാശ്വസിച്ചു സംസാരിച്ച ഒരു പ്രധാനാധ്യാപകനെ ഓര്‍ക്കുന്നു.

കുട്ടികളുടെ ചിന്തകളെ നോര്‍മലായി, ആരോഗ്യത്തോടെക്കണ്ട് അഡ്രസ്സ് ചെയ്യുന്ന രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയനേതൃത്വവും സമൂഹവും ഉണ്ടാകണം. അല്ലാതെ, തലമുറകളെ തമ്മില്‍ താരതമ്യംചെയ്യുന്നതില്‍ ഒരര്‍ഥവുമില്ല. തന്നെയുമല്ല, അതില്‍ ഒരു അധാര്‍മികതയുണ്ടുതാനും. ഓരോ തലമുറയ്ക്കുമുണ്ട് താന്താങ്ങളുടേതായ സാഹചര്യങ്ങളും ന്യായീകരണങ്ങളും.

കുട്ടികള്‍ പലതരം സാഹചര്യങ്ങളില്‍നിന്നാണ് വരുന്നത്. വ്യത്യസ്തമായ വൈകാരിക, മാനസിക, ബിഹേവിയറല്‍ അവസ്ഥകളുള്ളവര്‍ ഒരുമിക്കുന്ന സ്ഥലമാണ് വിദ്യാലയങ്ങള്‍. പല വീടുകളിലും സാമ്പ്രദായിക ചിന്തകള്‍ക്കപ്പുറം ഉന്നതമായ കാഴ്ചപ്പാടുകള്‍ ഇല്ലാത്ത രക്ഷിതാക്കള്‍ ഉണ്ടാകാം. പക്ഷേ, അവരുടെ മറുപതിപ്പുകള്‍ മാത്രമാകരുത് അധ്യാപകര്‍. കെമിസ്ട്രിയോ ഇംഗ്ലീഷോ ഫിസിക്‌സോ അല്പം കൂടുതലറിയാവുന്ന വെറും മോറലിസ്റ്റുകള്‍ മാത്രമായി അവര്‍ മാറുന്നതും അപകടകരമാണ്.

''കൊന്നുകളയും തട്ടിക്കളയും കാണിച്ചു തരാം'' ഇതൊന്നും നമ്മളാദ്യമായി പാലക്കാട്ടെ 16-കാരന്‍ കുട്ടിയില്‍നിന്നല്ല കേള്‍ക്കുന്നത്. ''തള്ളേ കണ്ടു മരിക്കില്ല, കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും'' എന്നൊക്കെ ഭീഷണിമുഴക്കിയവര്‍ കുട്ടികള്‍മാത്രമായിരുന്നില്ല. ഉത്തരവാദപ്പെട്ട നേതൃപദവികളിലിരുന്നുകൊണ്ട് ഇത്തരം ഭീഷണികള്‍ ആവര്‍ത്തിക്കുന്നവര്‍ പാലക്കാട്ടെ കുട്ടിയെ എന്തുപറഞ്ഞാകും ഗുണദോഷിക്കുക?

സിനിമാക്കാര്‍ക്കുമാത്രമല്ല രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും, ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഭാര്യയെ ശാസിക്കുകയും താക്കീതുനല്‍കുകയും ചെയ്യുന്ന കുടുംബസംവിധാനങ്ങള്‍ക്കും ഇത്തരം അപചയങ്ങളില്‍ കാര്യമായ പങ്കുണ്ട്. സമൂഹത്തെ മൊത്തം ബാധിക്കുന്ന ജ്വരത്തിന്റെ ഒരു വിഹിതം പുതുതലമുറയ്ക്കും കിട്ടാതിരിക്കില്ല.

ഗുരു എന്നത് അത്ര ശാശ്വതവും മഹത്തരവുമായ പദമൊന്നുമല്ല. കാലക്രമേണ കുട്ടികള്‍ രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നും തെന്നിമാറുകതന്നെ ചെയ്യും. പുതിയ തുടക്കങ്ങള്‍ക്ക് പുതിയ മാതൃകകള്‍ ആവശ്യമായി വന്നേക്കാം. ഈ പ്രക്രിയയില്‍ പിതൃരൂപത്തിന്റെയും അഹംബോധത്തിന്റെയും ലോകങ്ങളുമായി സംഘര്‍ഷമുണ്ടാകുക സ്വാഭാവികമാണ്. ശ്വാസംമുട്ടിക്കുന്ന ഏതു പ്രഭവത്തെയും നിഗ്രഹിക്കുക എന്നത് ഒരു പ്രതീകാത്മകപ്രക്രിയയായി മാറാം. ഗുരുവിനെ നിഗ്രഹിക്കുക എന്നുകേള്‍ക്കുമ്പോള്‍ ഒരു വ്യവസ്ഥ തകരുന്നതിന്റെ ശബ്ദമായിമാത്രം കേള്‍ക്കുക.