മ്മുടെ നാട്ടിൽ കൊലപാതകങ്ങൾ നടക്കാറുണ്ട്, പണ്ടും ഇപ്പോഴും. എന്നാൽ, അടുത്ത കാലത്ത് അതിക്രൂരമായ കൊലപാതകങ്ങളിലും അക്രമങ്ങളിലും വളരെ വർധനയുണ്ടായിട്ടുണ്ട്. ഇതിൽ പലതിലും ലഹരിയുടെ സ്വാധീനമുണ്ടെന്നു പറയാതെവയ്യ. ഗുണ്ടാപ്രവർത്തനം ഉൾപ്പെടെയുള്ളവയിൽ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പോലീസിന്റെയും കോടതിയുടെയും രേഖകളിലുണ്ട്.

To advertise here,

ലഹരിപദാർഥങ്ങളുടെ ഉപയോഗം തലച്ചോറിന്റെ നിയന്ത്രണം കുറയ്ക്കും. ക്രൂരമായ കുറ്റകൃത്യങ്ങൾ കാണുന്നത് പലരെയും അതിലേക്കു നയിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നുവെന്നത് പ്രധാന ഘടകമാണ്. ഇവിടെയാണ് സിനിമയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് റോളുള്ളത്. അടുത്തിടെയിറങ്ങിയ ചില സിനിമകളിലെ ക്രൂരത ചിന്തിക്കാൻപോലും പറ്റാത്തതാണ്. ഒരു കുഞ്ഞിനെ ഗ്യാസുകുറ്റികൊണ്ട് ഇടിച്ചുകൊന്ന സംഭവം കേരളത്തിലുണ്ടായിട്ടില്ല.

ഇതിനൊക്കെ സിനിമാക്കാരുടെ ന്യായീകരണം, സമൂഹത്തിൽ വയലൻസ് ഉണ്ടെന്നതാണ്. സിനിമകളിൽ കാണിക്കുന്നതുപോലെയുള്ള അക്രമങ്ങൾ കേരളത്തിൽ അത്രയൊന്നും ഉണ്ടായിട്ടില്ല. ഏത്ര ക്രൂരമായ കുറ്റകൃത്യങ്ങൾപോലും വാണിജ്യാവശ്യത്തിനു കാണിക്കുന്ന അവസ്ഥയാണിന്ന്.

വീഡിയോ ഗെയിമുകളിൽ, ആവർത്തിക്കുന്ന കൊലപാതകങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അന്യമല്ല. സാധാരണമല്ലാത്ത ആയുധങ്ങൾ ഉപയോഗിക്കുന്നതു കണ്ടുവളർന്ന തലമുറയെ പ്രീതിപ്പെടുത്താനാണ് അക്രമം നിറഞ്ഞ സിനിമകളെന്നാണ് ചിലർ പറയുന്നത്. ഇതിന്റെ അപകടം, ഏതൊരു വയലൻസിനോടുമുള്ള സംവേദനക്ഷമത കുറയ്ക്കുമെന്നതാണ്.

‘മദ്യപാനം ആരോഗ്യത്തിനു ഹാനികര’മാണെന്ന് സിനിമയിൽ കാണിച്ചിട്ട്, രണ്ടര മണിക്കൂർ മദ്യപാനം കാണിക്കുന്നു. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണിതെല്ലാം. വയലൻസ്‌ കണ്ടന്റ് ഒരു പരിധിക്കപ്പുറം കാണിക്കരുതെന്ന് നിയമം വേണ്ടിവരും. കാലത്തിനനുസരിച്ച് പുതിയ നിയമങ്ങൾ വേണം.

വെഞ്ഞാറമൂട്ടിലെ, 23 വയസ്സുള്ള യുവാവിന് കടം എങ്ങനെയുണ്ടായി? കുടുംബത്തിനുണ്ടായ കടബാധ്യത ഈ വ്യക്തിയെ മാത്രം ബാധിക്കുന്നതെങ്ങനെയാണ്? ആലോചിക്കേണ്ടതാണ്. ഏത് അക്രമത്തിലുമുള്ളതുപോലെ ലഹരിയുപയോഗ പരിശോധന ഈ യുവാവിലും ആവശ്യമാണ്. അതുപോലെ പ്രധാനമാണ് കുറ്റകൃത്യം നടത്തിയയാളുടെ മനോനിലപരിശോധനയും. മനോനില പരിശോധിച്ചാൽ കുറ്റവാളി രക്ഷപ്പെട്ടേക്കാമെന്ന തെറ്റായ ധാരണയുണ്ട്. കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ കണ്ടെത്തിയാലേ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധവഴികൾ തേടാനാവൂ.

സ്‌കൂൾ, കോളേജ് തലങ്ങളിൽ മാനസികാരോഗ്യത്തെപ്പറ്റി അവബോധമുണ്ടാക്കാനും പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും കഴിയണം. കുട്ടികളുടെ പ്രശ്നങ്ങൾ പറഞ്ഞാൽ അങ്ങനെയൊന്നുമില്ലെന്നു പറഞ്ഞൊഴിയുകയാണ് മാതാപിതാക്കളെന്ന്‌ അധ്യാപകർ ദുഃഖത്തോടെ പറയുന്നു. അതാണ് വലിയ അപകടവും. ഇതിനൊക്കെയെന്താണ് പ്രതിവിധിയെന്ന് എല്ലാവരും ചിന്തിക്കാനുള്ള സമയം വൈകിപ്പോകുന്നു.

(കൊല്ലം മെഡിക്കൽ കോളേജ് മനഃശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകന്‍)