
ഒസ്‌ലോ: നൊബേൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ നോർവേ ഭരണകൂടത്തിന് പങ്കില്ലെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ. നോർവേയിലെ രാഷ്ട്രീയ അധികാരികളിൽ നിന്ന് സ്വതന്ത്രമായാണ് സമ്മാനം നൽകുന്നതെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെ ട്രംപിൽ നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായും സ്റ്റോർ സ്ഥിരീകരിച്ചു. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള തന്റെ നീക്കം നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതിലുള്ള നിരാശയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ട്രംപ് ടെക്സ്റ്റ് സന്ദേശത്തിൽ പറഞ്ഞതായാണ് സ്റ്റോർ വ്യക്തമാക്കിയിരിക്കുന്നത്.
"നൊബേൽ സമ്മാനം സ്വതന്ത്രമായ ഒരു നൊബേൽ കമ്മിറ്റിയാണ് നൽകുന്നതെന്നും നോർവീജിയൻ ഗവൺമെൻ്റല്ലെന്നും പ്രസിഡൻ്റ് ട്രംപടക്കമുള്ളവരോട് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നോർവേ, ഫിൻലൻഡ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കെതിരെ ഗ്രീൻലൻഡ് വിഷയത്തിലെ തർക്കത്തെത്തുടർന്ന് യുഎസ് തീരുവ വർധിപ്പിച്ചതിനെ എതിർത്ത് താനും ഫിൻലൻഡ് പ്രസിഡൻ്റും ട്രംപിനെ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദേശം ലഭിച്ചതെന്ന് നോർവീജിയൻ പ്രധാനമന്ത്രി പറഞ്ഞു.
ട്രംപിനയച്ച സന്ദേശത്തിൽ, സ്കാൻഡിനേവിയൻ നേതാക്കൾ സംഘർഷം ലഘൂകരിക്കാൻ അഭ്യർഥിക്കുകയും തീരുവ ഭീഷണികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപുമായി ഫോണിൽ നിർദേശിക്കുകയും ചെയ്തതായി സ്റ്റോറി പറഞ്ഞു. "ഗ്രീൻലൻഡ് ഡെൻമാർക്ക് രാജ്യത്തിൻ്റെ ഭാഗമാണ്, ഈ വിഷയത്തിൽ നോർവേ ഡെൻമാർക്കിനെ പൂർണമായി പിന്തുണയ്ക്കുന്നു," അദ്ദേഹം പറഞ്ഞു. "ആർട്ടിക് മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാൻ നാറ്റോ ഉത്തരവാദിത്വത്തോടെ നടപടികൾ സ്വീകരിക്കുന്നതിനെയും ഞങ്ങൾ പിന്തുണയ്ക്കുന്നു."സ്റ്റോർ കൂട്ടിച്ചേർത്തു.
"എട്ട് യുദ്ധങ്ങൾ നിർത്തലാക്കിയതിന് നൊബേൽ സമാധാന സമ്മാനം നൽകാതിരിക്കാൻ നിങ്ങളുടെ രാജ്യം തീരുമാനിച്ചതിനാലും, ഞാൻ ഇനി സമാധാനത്തെ കുറിച്ച് ചിന്തിക്കുന്നില്ല, യുഎസിന് നല്ലതും ശരിയായതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും”, ട്രംപ് അയച്ച സന്ദേശം ഇത്തരത്തിലായിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നെതർലൻഡ്സ്, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും, ഗ്രീൻലൻഡ് വിഷയത്തിൽ യുഎസിന് അനുകൂലമായ ഉടമ്പടിയിലെത്തിയില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നിരക്ക് 25 ശതമാനമായി ഉയർത്തുമെന്നും ശനിയാഴ്ച ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
Content Highlights: Norwegian PM Jonas Gahr Stoere clarifies to US President Donald Trump that the Nobel Prize selection is independent of the Norwegian government.
Published: 20 Jan 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented