മഹാത്മാ ഗാന്ധിയുടെ ഉത്കൃഷ്ടമായ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും പ്രചുരിമ കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ലോകചരിത്രത്തില്‍ത്തന്നെ അനന്യമായ ഇടംനേടി. അഹിംസ ആയുധമാക്കി എന്നതു മാത്രമല്ല, ധര്‍മത്തിലും നൈതികതയിലും സത്യാന്വേഷണത്തിലും പടുത്തുയര്‍ത്തപ്പെട്ട ഈവിധമൊരു ജനമുന്നേറ്റത്തിനു സമാനമായി മറ്റൊന്ന് ചൂണ്ടിക്കാട്ടാന്‍ ചരിത്രത്തിനില്ല. എഴുപത്തേഴുവര്‍ഷം മുന്‍പ് പ്രകാശത്തിലേക്കും പ്രതീക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇന്ത്യ കണ്ണുതുറക്കുമ്പോള്‍ ഭരണകൂടത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍ അതേ തോതിലോ അതേ സ്വഭാവത്തിലോ ഇന്ന് നിലനില്‍ക്കുന്നില്ല. ദുഷ്‌കരമെന്ന് അന്ന് കരുതിയിരുന്ന എത്രയോ പ്രശ്‌നങ്ങള്‍ നാം പരിഹരിച്ചുകഴിഞ്ഞു. വിഭജനത്തിന്റെ നോവുകളില്‍നിന്ന് ഒരു രാജ്യം പിറവിയെടുത്തു. വിഭജനത്തിന്റെ കെടുതികളും ഗാന്ധിവധത്തിന്റെ ആഘാതവും പട്ടിണിയും നിരക്ഷരതയും അന്ധവിശ്വാസങ്ങളുമെല്ലാംകൊണ്ട് പരാധീനമായ ഒരു രാജ്യം മെല്ലെമെല്ലെ ആത്മവിശ്വാസത്തോടെ മുന്നോട്ടുനടക്കാന്‍ തുടങ്ങി.

To advertise here,

രാഷ്ട്രനിര്‍മിതി ഏറ്റെടുത്ത തലമുറ

സ്വാതന്ത്ര്യലബ്ധിയുടെ സമീപവര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഈ രാഷ്ട്രദര്‍ശനത്തിന്റെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും പുതിയ അവസരങ്ങളുടെയും ആരോഗ്യകരമായ പ്രകാശത്തിലാണ് വളര്‍ന്നുവന്നത്. ധാരാളം ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടായിരുന്നെങ്കിലും അവരെ മുന്നോട്ടുനയിച്ച പ്രതീക്ഷയുടെ വഴിവിളക്കുണ്ടായിരുന്നു. ആദ്യ പ്രധാനമന്ത്രി, കവിമനസ്സുള്ള ജവാഹര്‍ലാല്‍ നെഹ്റു ആവര്‍ത്തിച്ചിരുന്നതും (ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതുമായ) 'രാഷ്ട്രനിര്‍മിതി' എന്ന ആശയത്തിന്റെ തണലില്‍ ഒരു തലമുറ അവരുടെ പ്രതീക്ഷകളെ തോറ്റിയെടുത്തു.

അവകാശങ്ങള്‍ ചുരത്താത്ത പശു

ഒരുപക്ഷേ, യാഥാര്‍ഥ്യവും ആഗ്രഹങ്ങളും ഒരുമിച്ചു സഞ്ചരിക്കുന്നില്ലെന്ന് ആ തലമുറയ്ക്ക് ആദ്യമായി ബോധ്യപ്പെട്ടത് 1962-ലെ ചൈനീസ് ആക്രമണവും ഇന്ത്യയുടെ ബലഹീനതയുമായിരുന്നു. അത് ഒരു പുതു യാഥാര്‍ഥ്യബോധത്തിലേക്കും പ്രായോഗികചിന്തകളിലേക്കും ആ തലമുറയെ വിളിച്ചുണര്‍ത്തി. ആദര്‍ശാത്മക രാഷ്ട്രീയവും ഭരണകൂടത്തിന്റെ നീതിബോധവും അലംഘനീയമായ തത്ത്വങ്ങളാണെന്ന വിശ്വാസത്തിനു ഉടവു തട്ടിയതിനു ചൈനീസ് ആക്രമണം മാത്രമായിരുന്നില്ല കാരണം. എന്തു വിലകൊടുത്തും അധികാരം, ഏതു മാര്‍ഗത്തിലൂടെയും സാമ്പത്തിക നേട്ടം എന്ന ആശയം വ്യാപകമായി അംഗീകാരംനേടാന്‍ തുടങ്ങി. മെല്ലെമെല്ലെ ഗാന്ധിജി 'പ്രയോജനരഹിതമായ' ഒരു ഐക്കണ്‍ ആയി മാറുകയും ആദര്‍ശാത്മകത അപ്രായോഗികമാണെന്ന ആശയം വ്യാപകമാവുകയും ചെയ്തു. ഭരണഘടന വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും പരിരക്ഷകളും പദവിയും സ്വാധീനവുമുള്ളവര്‍ക്കു മാത്രമുള്ളതാണെന്നു തോന്നിപ്പോകുംവിധം രാഷ്ട്രീയപ്രവര്‍ത്തനവും ഭരണനിര്‍വഹണ ശൈലിയും ഏകപക്ഷീയമായിത്തുടങ്ങി. ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുന്നതു സര്‍വസാധാരണമായി. സാധാരണ ഭാരതീയന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍, ചുരത്താത്ത പശുവാണെന്ന വിചാരം പ്രബലമായി.

പിന്നെ 1975-ല്‍ അടിയന്തരാവസ്ഥാപ്രഖ്യാപനമായി. രാഷ്ട്രത്തിന്റെ ജനാധിപത്യസ്വഭാവത്തിലും മാനവികതയിലും ദയാദാക്ഷിണ്യത്തിലുമുള്ള വിശ്വാസത്തെ നല്ലൊരളവില്‍ ഉലയ്ക്കാന്‍ അടിയന്തരാവസ്ഥയും അധികാര ദുര്‍വിനിയോഗവും കാരണമായി. ഒരര്‍ഥത്തില്‍ അത് രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളിലുള്ള അടിസ്ഥാന വിശ്വാസത്തെ ഉണര്‍ത്താനും ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്ദീപിപ്പിക്കാനും ഇടയാക്കി എന്നത് ചരിത്രത്തിന്റെ ലീല.

സങ്കല്പങ്ങളുടെ തലമുറ മാറ്റം

അടിയന്തരാവസ്ഥയ്ക്കുശേഷം ജനിച്ചവര്‍ക്ക് അവരുടെ മാതാപിതാക്കള്‍ വിവരിക്കുന്ന പഴയഭാരതം അപരിചിതവും ഒട്ടൊക്കെ അവിശ്വസനീയവുമായി തോന്നിയിരിക്കണം. സമസ്തമേഖലകളിലും ആദര്‍ശനിഷ്ഠയില്ലാത്ത പ്രയോഗികതയും സ്വാര്‍ഥതയും അരങ്ങുവാഴുമ്പോള്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പാഴ്ക്കിനാവുകളായേ തോന്നൂ. സ്വാതന്ത്ര്യം ലഭിച്ചു നാലുപതിറ്റാണ്ടു കഴിഞ്ഞിട്ടും സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചരീതിയില്‍ വളരാതിരിക്കുകയും തൊഴിലവസരങ്ങള്‍ വേണ്ടത്ര സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്ത ഒരു പശ്ചാത്തലത്തിലാണ് പെട്രോഡോളറിന്റെ കരുത്തില്‍ വളരാന്‍ തുടങ്ങിയ ഗള്‍ഫുനാടുകള്‍ നമ്മുടെ ചെറുപ്പക്കാരുടെ മുന്നില്‍ പുതിയ സാധ്യതകളുടെ ലോകം തുറന്നിട്ടത്. സാമ്പത്തികമാന്ദ്യത്തിനും ഭരണപരമായ കെടുകാര്യസ്ഥതയ്ക്കും പൊതുജീവിതത്തിലെ അഴിമതിക്കുമെല്ലാമുള്ള മറുമരുന്നെന്ന നിലയ്ക്കുകൂടിയാണ് തൊണ്ണൂറുകളിലെ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ രാജ്യം പിന്തുടരാന്‍ തുടങ്ങിയത്. ഈ നയങ്ങള്‍ പുതിയ തലമുറയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സാമൂഹികമേഖലകളില്‍ അസമത്വവും അസംതൃപ്തിയും സൃഷ്ടിക്കുകയുണ്ടായി. എങ്കിലും ഇതുവരെ ഉറങ്ങിക്കിടന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ ഉണര്‍ത്താന്‍ ഈ നയങ്ങള്‍ക്ക് ഒട്ടൊക്കെ സാധിച്ചെന്ന വാസ്തവം നിഷേധിച്ചുകൂടാ.

ഉയരുന്ന ചോദ്യങ്ങള്‍

ഇന്ന് ഇന്ത്യന്‍ ജനസംഖ്യയുടെ 52 ശതമാനവും മുപ്പതുവയസ്സിനു താഴെയുള്ളവരാണ്. അവര്‍ അനുഭവിക്കുന്ന ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശപ്രകാശം അസ്തമിച്ച ഒരു രാജ്യമാണ്. മത്സരവും ഒപ്പം അവസരങ്ങളുമുള്ള രാജ്യമാണ്. അസമത്വങ്ങള്‍ വളരുന്ന രാജ്യം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടാന്‍പോരുന്ന സാഹചര്യങ്ങളാണ് അവരുടെമുന്നില്‍. ഭരണകൂടത്തെ ആശ്രയിക്കാതെ ജീവിക്കണമെന്നാഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വളരുകയാണ്. ഈ അരാഷ്ട്രീയത ജനാധിപത്യത്തിന് ഗുണകരമല്ലതന്നെ. ഭരണഘടനാമൂല്യങ്ങള്‍ ശാശ്വതമാണോ സുരക്ഷിതമാണോ എന്ന അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ യുവാക്കളുടെ മനസ്സില്‍ ഉയരുന്നുണ്ട്. അതുകൊണ്ടാണ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അന്യ രാജ്യങ്ങളില്‍പ്പോയി പഠിക്കാനും കഴിയുമെങ്കില്‍ അവിടെത്തന്നെ തുടരാനുമുള്ള പ്രേരണ വളരുന്നത്.

വികസിതരാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നു എന്ന് അന്വേഷിച്ചുകണ്ടെത്താന്‍ ടെക്നോളജി യുവാക്കളെ പ്രാപ്തരാക്കിയിരിക്കുന്നു. നമുക്കെന്താണ് ഇതൊന്നും സാധിക്കാത്തത് എന്ന് പരിതപിക്കുന്ന ഒരു വിഭാഗവും 'നമുക്ക് എങ്ങനെയെങ്കിലും പോയി രക്ഷപ്പെടണ'മെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവും ഇന്ന് യുവാക്കള്‍ക്കിടയിലുണ്ട്. വളരുന്ന അസമത്വം, അധികാരമില്ലാത്തവന്റെ നിസ്സഹായത, ഇനിയും പൂര്‍ണമായി മാറിയിട്ടിലാത്ത സാമൂഹികാസമത്വങ്ങള്‍, ഭരണഘടന വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന പുതിയ കഠിനനിയമങ്ങള്‍, വിഭിന്നമായ അഭിപ്രായപ്രകടനംപോലും അപകടകരമാവുന്ന അവസ്ഥ, സാമൂഹികനീതി മരീചികയായി എന്ന ശങ്ക ഇതെല്ലാം ആകുലപ്പെടുത്തുന്ന യുവതയെ കണ്ടില്ലെന്നുനടിക്കാന്‍ കഴിയില്ല.

അവരുടെ ആശങ്കകള്‍

രാജ്യത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ അസ്വസ്ഥതയും സാമൂഹികമായ അകലങ്ങളും വ്യാപകമായ അഴിമതിയും ചെറുപ്പക്കാരെ ഭരണകൂടങ്ങളോട് നിസ്സംഗതപുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. തന്റെ കഴിവിനൊത്തു വികസിക്കാന്‍ സഹായിക്കുന്ന അനുതാപമുള്ള ഭരണകൂടമെവിടെ എന്ന യുവതയുടെ ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. എത്രയോ പ്രശ്‌നങ്ങള്‍ മറ്റു രാജ്യങ്ങള്‍ പരിഹരിച്ചല്ലോ എന്ന അറിവ് അവരുടെ ആകുലതകളെ കനപ്പിക്കുന്നു. വളരുന്ന സമ്പദ്വ്യവസ്ഥ പ്രദാനംചെയ്യുന്ന വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അത് തങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും വിശ്വസിക്കുന്ന യുവാക്കളും കുറവല്ല. എന്നാല്‍, അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കാത്ത കാലഹരണപ്പെട്ട ഭരണനിര്‍വഹണ ശൈലിയും മനോഭാവങ്ങളും അവരെ നിരാശപ്പെടുത്തുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ അദൃശ്യ നിയന്ത്രണങ്ങളുണ്ടെന്ന ആശങ്കയില്‍ സ്വയം നിയന്ത്രിക്കുന്ന യുവാക്കള്‍ അവരുടെ ജീവിതചക്രവാളത്തെ ചുരുക്കിക്കളയുന്നു. കേട്ടുശീലിച്ച മതസാഹോദര്യവും മതനിരപേക്ഷതയും കാപട്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന ചെറുപ്പക്കാര്‍ ആദര്‍ശങ്ങളോട് അകലാന്‍ തുടങ്ങുന്നു. എഴുതപ്പെട്ട വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം അവരെ അന്ധാളിപ്പിക്കുകയും പലപ്പോഴും നിഷ്‌ക്രിയരാക്കുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ കരുണയും കാര്യക്ഷമതയും അന്വേഷിക്കുന്ന യുവതലമുറയെ പ്രചോദിപ്പിക്കാനും വിശ്വാസത്തിലെടുക്കാനും നവഭാരതനേതൃത്വത്തിനും പൊതുജീവിതത്തിനും കഴിയണം എന്നതത്രേ ഈ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം നമുക്കേല്‍പ്പിച്ചുതരുന്ന ചരിത്രദൗത്യം.