മനുഷ്യന്‍ തീ ഉത്പാദിപ്പിച്ചതോടെ അന്നുവരെയുണ്ടായിരുന്ന ലോകത്തിന്‌ വലിയ മാറ്റങ്ങള്‍ വന്നു. മാനവസംസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണ് തീ. പരിണാമചരിത്രത്തില്‍ തീയുടെ ഉപയോഗം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്‌. ഭക്ഷണം പാകം ചെയ്യാനും തണുപ്പുകാലത്ത് ചൂട് ലഭിക്കാനും കൂടുതല്‍ മൂര്‍ച്ചയും കരുത്തുമുള്ള ആയുധങ്ങള്‍ നിര്‍മിക്കാനുമൊക്കെ തീയുടെ ഉപയോഗം മനുഷ്യരെ സഹായിച്ചിട്ടുണ്ട്. ശിലായുഗ മനുഷ്യരുടെ പ്രധാന ആയുധം തന്നെ ശിലകള്‍ പ്രത്യേക രീതിയില്‍ രാകിമിനുക്കി ഉണ്ടാക്കുന്നവ ആയിരുന്നു. 

To advertise here,

മനുഷ്യരുടെ പൂര്‍വികരായ നിയാണ്ടര്‍ത്താലുകളും തീ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, കുന്തവും മറ്റും ഉണ്ടാക്കുന്നതിന് ടാര്‍ പോലുള്ള ചില പശകളും അവര്‍ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. അക്കാലത്ത് മനുഷ്യരെങ്ങനെ ടാര്‍ ഉത്പാദിപ്പിച്ചുവെന്നത് വലിയൊരു സമസ്യയായിരുന്നു. എന്നാല്‍, 65000 വര്‍ഷം പഴക്കമുള്ള തീക്കുണ്ഡം കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവ് കിട്ടിയത്. ഈ സ്ഥലം ചെറിയ ടാര്‍ ഉത്പാദന ഫാക്ടറി ആയി പ്രവര്‍ത്തിച്ചിരുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്വാട്ടെര്‍നറി സയന്‍സ് റിവ്യു എന്ന പ്രസിദ്ധീകരണത്തില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഐബീരിയന്‍ പെനിസുലയിലെ ജിബ്രാള്‍ട്ടറിലാണ് ഗവേഷകര്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള തീക്കുണ്ഡങ്ങള്‍ കണ്ടെത്തിയത്.  അതിലൊന്നില്‍ ടാര്‍ ഉത്പാദിപ്പിച്ചിരുന്നുവെന്നാണ്‌ ഗവേഷകര്‍ അനുമാനിക്കുന്നത്. റോക്ക്‌റോസ് എന്നറിയപ്പെടുന്ന ഒരു ചെടിയില്‍നിന്നാണ് ഇവര്‍ ടാര്‍ ഉണ്ടാക്കിയിരുന്നതെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിച്ചാല്‍ ടാര്‍ ഉത്പാദിപ്പിക്കാന്‍ ഈ ചെടി ഉപയോഗിച്ചിരുന്നുവെന്നതിന്റെ ആദ്യ തെളിവായി ഇത് മാറും. ഹോമോസാപ്പിയന്‌സിനൊപ്പം ജീവിച്ചിരുന്നവരെന്നു കരുതപ്പെടുന്ന നിയാണ്ടര്‍ത്താലുകള്‍ തങ്ങളുടെ ശിലായുധങ്ങളെ മരംകൊണ്ടുള്ള വടികളില്‍ കൊരുത്തുവെക്കാന്‍ പ്രത്യേക പശ ഉപയോഗിച്ചിരുന്നതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്. 

കളിമണ്ണും പ്രകൃത്യാ കിട്ടുന്ന പശയുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നിലവില്‍ കണ്ടെത്തിയ തീക്കുണ്ഡങ്ങള്‍ വ്യക്തമാക്കുന്നത് ഇവിടെ തീ കത്തിച്ച് ടാര്‍ ഉണ്ടാക്കാന്‍ പ്രത്യേകതരം സംവിധാനമൊരുക്കിയിരുന്നുവെന്നാണ്. ശിലായുഗ കാലത്ത് ഉപയോഗിച്ചിരുന്ന പശകളേപ്പറ്റി കാര്യമായ ഗവേഷണം നടന്നിട്ടില്ല.  ഏതായാലും നിലവിലെ ഗവേഷണം വിരല്‍ചൂണ്ടുന്നത് നിയാണ്ടര്‍ത്താലുകള്‍ ഈ സ്ഥലത്ത് ടാര്‍ ഉണ്ടാക്കിയിരുന്നുവെന്നാണ്. 

യുനെസ്‌കോ ലോകപൈതൃകമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ജിബ്രാള്‍ട്ടറിലെ വാന്‍ഗാര്‍ഡ് ഗുഹ. ഈ പ്രദേശം നിയാണ്ടര്‍ത്താലുകള്‍ അധിവസിച്ചിരുന്ന മേഖലയായിരുന്നുവെന്ന് നേരത്തെ തന്നെ തിരിച്ചിറിഞ്ഞതാണ്. ഈ ഗുഹയിലാണ് ഗവേഷണം നടന്നത്. 2012 മുതലാണ് ഇവിടെ ഗവേഷണങ്ങള്‍ തുടങ്ങിയത്. ഇവിടെനിന്ന് നിരവധി കണ്ടെത്തലുകള്‍ വിവിധ ഗവേഷകരുടേതായി വന്നിട്ടുമുണ്ട്. 

ഇവിടെനിന്ന് കരിയും റോക്ക്‌റോസ് എന്ന ചെടിയുടെ അവശിഷ്ടങ്ങളുമൊക്കെ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. ഇവയില്‍ നടത്തിയ പരിശോധനയിലാണ് നിയന്ത്രിത രീതിയില്‍ തീയുടെ ഉപയോഗം നടത്തിയതായി കണ്ടെത്തിയത്. രാസപരിശോധനയില്‍ ഇവിടെനിന്ന് കണ്ടെടുത്ത സാമ്പിളുകളില്‍ മെഴുക് പോലുള്ള പദാര്‍ഥം കണ്ടെത്തി. ഇത് വിരല്‍ചൂണ്ടുന്നത് നിയാണ്ടര്‍ത്താലുകള്‍ ടാര്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചതാണെന്നാണ്. 

അക്കാലത്തെ വവ്വാലുകളുടെയും പക്ഷികളുടെയുമൊക്കെ വിസര്‍ജ്യം അടിഞ്ഞുകൂടിക്കിടക്കുന്നതും കണ്ടെത്തി. ഇതിനെ മണ്ണുമായി കലര്‍ത്തി റോക്ക്‌റോസ് ചെടിയെ പുതച്ചിട്ട് തീ കൊടുത്ത് ചൂടാക്കിയാണ് നിയാണ്ടര്‍ത്താലുകള്‍ ടാര്‍ ഉത്പാദിപ്പിച്ചിരിക്കുക എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ശരിയാണോ എന്നുറപ്പിക്കാന്‍ ഗവേഷര്‍ അക്കാലത്ത് നിയാണ്ടര്‍ത്താലുകള്‍ ചെയ്തിരുന്നുവെന്ന് അനുമാനിച്ച രീതിയില്‍ റോക്ക്‌റോസ് ചെടിയെ ചൂടാക്കി നോക്കി. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇവര്‍ക്ക് ലാബ്ഡനം എന്ന റെസിന്‍ ഉത്പാദിപ്പിക്കാനായി. ഇതുപയോഗിച്ച് അവര്‍ ചെറിയ കല്ലും മരക്കൊമ്പും ഉപയോഗിച്ച് ആയുധമുണ്ടാക്കി പരീക്ഷിച്ച് നോക്കുകയും ചെയ്തു.