പതിനെട്ട് ലക്ഷം വര്‍ഷം പഴക്കമുള്ള, ആദിമ മനുഷ്യന്റെ താടിയെല്ല് കണ്ടെത്തി ജോര്‍ജിയയിലെ പുരാവസ്തു ഗവേഷകര്‍. യൂറേഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ ചരിത്രാതീത മനുഷ്യവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക്‌ ഇത് വെളിച്ചം വീശുമെന്ന് ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് ഇതുവരെ ഖനനം ചെയ്യപ്പെട്ട ആദിമ മനുഷ്യരുടെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന ചരിത്രസമ്പന്നമായ ഒറോസ്മാനിയിലെ ഈ ജോര്‍ജിയന്‍ പ്രദേശത്തുനിന്നാണ് ഇതും ലഭിച്ചത്.

To advertise here,

വേട്ടയാടി ജീവിച്ചിരുന്ന ഹോമോ ഇറക്റ്റസിന്റെ ജീവിതരീതികളെക്കുറിച്ചും ഇത് സൂചനകള്‍ നല്‍കും. ഇവര്‍ ഏകദേശം ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാടനം ആരംഭിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. യൂറേഷ്യയിലെ ആദ്യകാല താമസക്കാരുടെ ജീവിതരീതി നിര്‍ണയിക്കാന്‍ ഇത് സഹായിക്കുമെന്ന് ടിബിലിസിയിലെ ഇലിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശിലായുഗ പുരാവസ്തുശാസ്ത്ര പ്രൊഫസറായ ജോര്‍ജി ബിഡ്‌സിനാഷ്വിലി പറഞ്ഞു. മനുഷ്യരാശിയെക്കുറിച്ച് ഒറോസ്മാനിക്ക് വലിയ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയില്‍നിന്ന് 100 കിലോമീറ്റര്‍ തെക്കു-പടിഞ്ഞാറായിട്ടാണ് ഈ കീഴ്ത്താടിയെല്ല് കണ്ടെത്തിയത്. ഇതേ കാലഘട്ടത്തിലെ ആദിമ മനുഷ്യരുടെ ഒരു പല്ല് 2022-ല്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെനിന്ന് ഖനനം ചെയ്‌തെടുത്തിരുന്നു. ഇതിനടുത്തുള്ള ഡിമാനിസി ഗ്രാമത്തില്‍നിന്ന് മുന്‍പ് 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. കടുവ, ആന, ചെന്നായ, മാന്‍, ജിറാഫ് എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളുടെ ഫോസിലുകളും കൂടാതെ ഒരു കൂട്ടം ശിലായുധങ്ങളും ഇവിടെനിന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

താടിയെല്ലിന്റെയും മൃഗങ്ങളുടെ ഫോസിലുകളുടെയും സൂക്ഷ്മമായ പഠനം, ആഫ്രിക്ക വിട്ടതിനുശേഷം ആദിമ മനുഷ്യര്‍ എങ്ങനെ പരിണമിച്ചു, അവര്‍ എന്താണ് കഴിച്ചത്, കാലാവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്നതിനെക്കുറിച്ചുള്ള നിര്‍ണായകമായ ഉത്തരങ്ങള്‍ നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒറോസ്മാനിയിലെ ഖനനസ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ ഓരോ വര്‍ഷവും ഹോമോ ഇറക്റ്റസിന്റെ പുതിയ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നുണ്ട്. അഞ്ച് സെന്റിമീറ്റര്‍ താഴ്ചയില്‍നിന്നുപോലും എന്തെങ്കിലും കണ്ടെത്താന്‍ നല്ല സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.