സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോധ്യം മലയാളികള്‍ക്കുണ്ടെങ്കിലും ഈ പ്രവൃത്തി ഇവിടെ സജീവമായി തന്നെ നടക്കുന്നു. സ്ത്രീധനം എന്ന പേരിന് പകരം വിവാഹസമ്മാനമെന്ന് അറിയപ്പെടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ അല്പം കൂടി ലളിതമായി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വീണ്ടും വാര്‍ത്തകളായതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. സ്ത്രീധനം നല്‍കാനാവാത്തതിന്റെ പേരില്‍ സുഹൃത്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയത് ഡോ ഷഹ്ന അതിലൊരാള്‍ മാത്രമാണ്. 

To advertise here,

2021ല്‍ മാത്രം 66 സ്ത്രീധന പീഡന മരണങ്ങള്‍ ആണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.15143 കേസുകള്‍ മാത്രം സ്ത്രീധന പീഡനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയപ്പെട്ടു. ഇന്ത്യയില്‍ ദിനം പ്രതി 18ലേറെ സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ നിയമം മൂലം (Dowry prohibition Act, 1969) സ്ത്രീധനം നിരോധിക്കപ്പെട്ടതാണ്. സംസ്ഥാന പോലീസിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 3/4 സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവയാണ്. 2010 -2021   വരെയുള്ള കണക്കെടുത്താല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 10,96 സ്ത്രീധന പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിയമം എത്ര തന്നെ കണിശം ആയാലും സമൂഹം ഒരു കുറ്റകൃത്യത്തെ സാധുവാക്കിയാൽ അതു അനുസ്യൂതം നടക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് സ്ത്രീധനം. സംസ്‌കാരിക സംവേദന ക്ഷമത (cultural sensitivity )ക്ക് ഇതില്‍ ഒരു വലിയ റോളുണ്ട് . കുറ്റകൃത്യത്തിന്റെ ഗൗരവം എല്ലായ്പോഴും അതു നിലനില്‍ക്കുന്ന സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിയമം കര്‍ശനമായപ്പോള്‍.. 'പരിതോഷികം 'എന്നപേരില്‍ ഈ അനാചാരം ഇന്നും തുടര്‍ന്ന് പോരുന്നു.

സ്ത്രീധനം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള പരസ്യങ്ങള്‍ നിരോധിക്കുകയും ലംഘിക്കുന്നവര്‍ക്ക് ആറു മാസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള തടവ് നല്‍കുകയും ചെയുന്ന നിയമം. ആഡംബര വിവാഹങ്ങളെ നിയന്ത്രിക്കാന്‍ യാതൊന്നും ചെയ്യുന്നില്ല. 2021ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അത്തരം ആവശ്യം മുന്നോട്ട് വച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ആഡംബര വിവാഹങ്ങളെ നിയന്ത്രിക്കാനുള്ള ഒരു ശ്രമം എന്നനിലയില്‍ മംഗല്യ നിധി സെസ്സ് കേരള സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്നെങ്കിലും കേരള ഹൈക്കോടതി അതു റദ്ദ് ചെയുകയാണ് ഉണ്ടായത്.

വിവാഹം, ഗര്‍ഭധാരണം എന്നിവയെ സംബന്ധിച്ച് പോലും സ്വന്തമായ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഈ സമൂഹത്തില്‍ എത്ര കണ്ട് സാധിക്കുന്നുണ്ട് എന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് പ്രാപ്യമായ നിരവധി മാര്‍ഗങ്ങള്‍ കേരളം ഈ വിഷയത്തില്‍ സ്വീകരിച്ചുണ്ട് എങ്കിലും ഒന്നും വേണ്ടവിധം ഫലം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. Chief dowry Prohibition Officer ഉടെ circular പ്രകാരം ഗവണ്മെന്റ് സംവിധാനങ്ങളിലെ പുരുഷ ജീവനക്കാര്‍ തങ്ങള്‍ സ്ത്രീധനം വാങ്ങിയില്ല വിവാഹം കഴിച്ചത് എന്ന് നിലവില്‍ സത്യവാങ്മൂലം നല്‍കണം.

സ്ത്രീധനത്തിന്റെ നിര്‍വചനത്തെ തന്നെ വിശാലമായി വ്യാഖ്യാനിച്ചു, വിവാഹത്തിന് ശേഷം ആവശ്യപെട്ടാലും അതു സ്ത്രീധന തിന്റെ പരിധിയില്‍ വരുന്നു എന്ന് വിസ്മയ കേസില്‍ കേരള ഹൈക്കോടതി നിരീക്ഷിക്കുന്നു. സ്ത്രീധന നിരോധന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ ആയതിനു പ്രേരിപ്പിക്കുന്നതോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും പതിനയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അപ്രകാരം വാങ്ങിയ സ്ത്രീധനം മൂന്നു മാസത്തിനുള്ളില്‍ വധുവിനു തിരികെ നല്‍കണം അല്ലാത്ത പക്ഷം ആറുമാസത്തില്‍ കുറയാത്തതും രണ്ടു വര്‍ഷം വരെ ആകാവുന്നതുമായ തടവും അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ് . ഇത് സംബന്ധിച്ച പരാതി ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ മുന്‍പാക്കെനല്‍കാവുന്നതാണ്. പ്രസ്തുത ഓഫീസര്‍ക്ക് പരാതിയില്‍ തെളിവ് ശേഖരിക്കാനും വധു ആയ സ്ത്രീ അല്ലാതെ മറ്റൊരാളുടെ പക്കല്‍ ആണ് പ്രോപ്പര്‍ട്ടി എന്ന് കണ്ടാല്‍ അതു തിരികെ നല്‍കാന്‍ ഉത്തരവിടാനുമുള്ള അധികാരമുണ്ട് 

6(3) വകുപ്പ് പ്രകാരം വസ്തുക്കള്‍ തിരികെ ലഭിക്കും മുന്‍പ് സ്ത്രീ മരണപെട്ടാല്‍ അതു ലഭിക്കാനുള്ള അവകാശം കുട്ടികള്‍ക്കും കുട്ടികള്‍ ഇല്ലാത്ത പക്ഷം മരണപ്പെട്ട സ്ത്രീയുടെ രക്ഷിതാക്കള്‍ക്കുമാണ്. സ്ത്രീധന നിരോധന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം ഒരാള്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടാല്‍ ആ കുറ്റകൃത്യം ചെയ്തിട്ടില്ല എന്ന് തെളിയിക്കണ്ട ബാധ്യത (burden of proof) ആ വ്യക്തിക്കാണ്

ഇന്ത്യന്‍ പീനല്‍ കോഡിന്റെ 498A വകുപ്പ് പ്രകാരം സ്ത്രീധന പീഡന കേസുകള്‍ അനവധി രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് തുലോം തുച്ഛമാണ്. 12.1%മാത്രമാണ് conviction നിരക്ക്. ഇത്തരം പ്രവണതകളുടെ തുടര്‍ച്ചക്ക് അതുമൊരു കാരണമാണ്. വളരെ ആഴത്തില്‍ മള്‍ട്ടി ഡിസിപ്ലിനരി സമീപനത്തിലൂടെ മാത്രമേ അതിനെ ചെറുക്കാന്‍ കഴിയൂ. വിവാഹപൂര്‍വ്വ കൗണ്‍സിലിങ്‌ (Pre marital Counseling) പോലുള്ള അവശ്യം വേണ്ട നടപടികള്‍ നിര്‍ബന്ധിതമാക്കുക, സോഷ്യല്‍ വെല്‍ഫയര്‍ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുക, ബോധവത്കരണം കൂടുതല്‍ കാര്യക്ഷ്മമാക്കുക എന്നതും അവശ്യം വേണ്ട ഇടപെടലുകള്‍ ആണ്. ശിക്ഷയുടെ കാഠിന്യമല്ല മറിച്ചു നിശ്ചിതത്വം (certainity )ആണ് കുറ്റകൃത്യങ്ങളെ തടയുക. ഇത്തരം കേസുകള്‍ വളരെ വേഗം വിചാരണ നടത്തി തീര്‍പ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഉണ്ടാകണം. സ്ത്രീധന നിരോധന ചട്ടങ്ങള്‍ പ്രകാരം  വധുവിനു ലഭിക്കുന്ന പരിതോഷികങ്ങളുടെ ലിസ്റ്റ് സത്യവാങ് മൂലമായി റജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം.

നവംബര്‍ 26 സ്ത്രീധന നിരോധന ദിനമായി ആചരിച്ചു പ്രതിജ്ഞ ചെയ്തത് കൊണ്ടോ കടുത്ത ശിക്ഷകള്‍ പ്രഖ്യാപിച്ചത് കൊണ്ടോ മാറ്റപ്പെടുന്ന ഒരു സാമൂഹിക അപകടമല്ല സ്ത്രീധനം.ഒരു പാട്രിയാര്‍ക്കിയല്‍ സമൂഹം അതിന്റെ പഴഞ്ചന്‍ ബോധ്യങ്ങളില്‍ തുടരുമ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ അവിടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ. പ്രത്യേകിച്ചും അവിടെ 'കച്ചവട താല്പര്യങ്ങള്‍ക്ക്' എതിരെയാണ് സ്റ്റേറ്റ് സഞ്ചരിക്കേണ്ടി വരിക എന്നത് ആ പ്രയത്‌നത്തിന്റെ കഠിന്യം വര്‍ധിപ്പിക്കുന്നു. സമൂഹത്തെ ശക്തമായ രീതിയില്‍ തുടര്‍ച്ചയായി ബോധവത്കരണം ചെയ്യാതെ നിയമം കൊണ്ട് മാത്രം ഇന്ത്യന്‍ മണ്ണില്‍ അത്രകണ്ടു രൂഢ മൂലമായ ഈ കുറ്റകൃത്യത്തെ ചെറുക്കുക അസാധ്യമാണ്.