വൈദ്യശാസ്ത്ര നൊബേലിന് അർഹരായവരെ നാമനിർദ്ദേശം ചെയ്യാൻ അഭ്യർഥിച്ചുകൊണ്ട് ന്യൂറോസയൻസ് വിഭാഗത്തിൽ സ്വീഡിഷ് അക്കാദമിയുടെ കത്ത് കിട്ടാറുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി ഡോ.സജികുമാർ ശ്രീധരൻ. തലച്ചോറിൽ ദീർഘകാല ഓർമകളുടെ സംഭരണരഹസ്യങ്ങൾ തേടി രണ്ട് പതിറ്റാണ്ടായി നടത്തുന്ന ശ്രദ്ധേയമായ ഗവേഷണം, ആ മേഖലയിലെ എണ്ണപ്പെട്ട വിദഗ്ധരിലൊരാളായി അദ്ദേഹത്തെ മാറ്റിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

To advertise here,

മസ്തിഷ്ക ഗവേഷകരുടെ രാജ്യാന്തര സംഘടനയായ 'അസോസിയേഷൻ ഓഫ് സ്റ്റഡീസ് ഓഫ് ന്യൂറോൺസ് ആൻഡ് ബ്രെയിൻ ഡിസീസ്' (എ.എൻ.ഡി) 2024 ൽ 'ഇൻവെസ്റ്റിഗേറ്റർ' ബഹുമതി നൽകി ആദരിച്ച ഈ ഗവേഷകൻ, ഇതിനകം ഓർമകളുടെ ജൈവരാസരഹസ്യങ്ങൾ തേടുന്ന എൺപതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ്, പ്രസിദ്ധ രാജ്യാന്തര ജേർണലായ 'പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി'ന്റെ പുതിയലക്കത്തിൽ.

സാമൂഹിക ഇടപെടലുകളുടെ വേളയിൽ, ഓർമയുടെ എൻജിനുകൾ സജീവമാക്കുന്ന സ്വിച്ച് പോലെ പ്രവർത്തിക്കാൻ ഒരു തലച്ചോർഭാഗത്തിന് കഴിയും എന്ന കണ്ടെത്തലാണ് പുതിയ പ്രബന്ധത്തിന്റെ ഉള്ളടക്കം. ഒരുപക്ഷേ, ഈ രംഗത്ത് സമീപകാലത്തുണ്ടായ ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാകും ഈ കണ്ടെത്തൽ. 'സാമൂഹിക ഇടപെടലുകൾ സന്തോഷത്തിനും മാനസികാരോഗ്യത്തിനും മാത്രമല്ല ഉപകരിക്കുന്നത്, നമ്മുടെ ഓർമ്മകളെ ജീവനോടെ നിലനിർത്താനും അത് അനിവാര്യമാണ് എന്ന് ഈ പഠനം വ്യക്തമാക്കുന്നു'-ഡോ. സജികുമാർ പറയുന്നു.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരി (എൻ.യു.എസ്) ലെ അസോസിയറ്റ് പ്രൊഫസറായ ഡോ.സജികുമാറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി. വിദ്യാർഥിയായ സിങ്കപ്പൂർ സ്വദേശി സാക്കി ഇബ്രാഹിമും ചേർന്നാണ്, തലച്ചോറിലെ 'സോഷ്യൽ സ്വിച്ചി'ന്റെ കണ്ടെത്തൽ നടത്തിയത്. യു.എസിലെ ടെംപിൾ യൂണിവേഴ്സിറ്റിയിൽ പോസ്റ്റഡോക്ടറൽ ഗവേഷകനാണിപ്പോൾ ഡോ. സാക്കി.

ഓർമ്മയുടെ ആയിരക്കണക്കിന് സിഗ്നലുകളെ നമ്മുടെ തലച്ചോറിന് ദിവസവും കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ആ സിഗ്നലുകൾ തെറ്റുകൂടാതെ കൈകാര്യം ചെയ്യുന്ന ഒരു കൺട്രോളർ തലച്ചോറിലുണ്ട്. അതാണ് ഹിപ്പോകാമ്പസ് എന്ന മസ്തിഷ്കഭാഗം. ഓർമ്മകൾ രൂപപ്പെടുത്തുന്നതിലും അവ നിലനിർത്തുന്നതിലും ഹിപ്പോകാമ്പസിനുള്ള പങ്ക് ഇതിനകം ഏറെ പഠനവിധേയമായിട്ടുള്ള സംഗതിയാണ്. എന്നാൽ, ഹിപ്പോകാമ്പസിലെ ഇതുവരെ അധികമാരും ശ്രദ്ധിക്കാത്ത സി.എ.2 (കോർനു ആംനനീസ് 2) എന്ന ചെറുഭാഗം, സാമൂഹിക ഇടപെടൽ വേളയിൽ ഓർമകളെ സജീവമാക്കാൻ പാകത്തിൽ പ്രവർത്തനക്ഷമമാകുന്നു എന്നാണ് പുതിയ കണ്ടെത്തൽ.

ഏതെങ്കിലും പുതിയ സ്ഥലത്തുപോകുക, പുതിയ അറിവ് നേടുക തുടങ്ങിയ അനുഭവങ്ങളുടെ വേളയിൽ, നാഡികോശങ്ങൾ അഥവാ ന്യൂറോണുകളിലെ രാസവൈദ്യുത വ്യതിയാനങ്ങൾ വഴി പിന്നീടവയെ ഓർമകളായി പരിവർത്തനം ചെയ്യുന്ന ഒരു പ്രധാന ഹിപ്പോകാമ്പസ് ഭാഗമുണ്ട്- സി.എ.1. പ്രായാധിക്യം, അൾഷിമേഴ്സ് രോഗം, മാനസിക സമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ സി.എ.1 നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ, ഓർമയുടെ നിലനിൽപ്പിന് ഇത്തരം പ്രശ്നങ്ങൾ പ്രതികൂലമാകുന്നു.

അതേസമയം, ഹിപ്പോകാമ്പസ് ഭാഗമായ സി.എ.2 സാധാരണ സന്ദർഭങ്ങളിൽ ഓർമകളുടെ രൂപീകരണ പ്രക്രിയയിൽ അങ്ങനെ പങ്കുചേരാറില്ല. അതിനാൽ, മേൽസൂചിപ്പിച്ച രോഗാവസ്ഥകളിലും, എന്തിന് മസ്തിഷ്കാഘാതം (സ്ട്രോക്ക്), അപസ്മാരം എന്നിവ ബാധിക്കുമ്പോൾ പോലും സി.എ.2 ഭാഗത്തിന് കാര്യമായ തകരാർ സംഭവിക്കുന്നില്ല. എന്നാൽ, സുഹൃത്തുക്കളുമായി ഒത്തുകൂടുമ്പോഴും പുതിയ ആളുകളെ കാണുമ്പോഴും കുടുംബവുമൊത്ത് സമയം പങ്കിടുമ്പോഴും കഥ മാറും. 'കല്ലിന് കാറ്റുപിടിച്ച പോലിരിക്കുന്ന' സി.എ.2 നാഡീകോശങ്ങൾ പ്രവർത്തനസജ്ജമാകും, തലച്ചോറിന്റെ സമീപഭാഗത്തേക്ക് അവ പ്രവർത്തനം വ്യാപിപ്പിക്കും!

എലികളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സാമൂഹിക ഇടപെടൽ നടത്തുന്ന എലികളിൽ സി.എ.2 ന്യൂറോണുകൾ വൈദ്യുതസ്പന്ദനങ്ങളെ സമീപത്തെ സി.എ.1 മേഖലയിലേയ്ക്ക് പ്രസരിപ്പിക്കുന്നത് ഗവേഷകർ നിരീക്ഷിച്ചു. സി.എ.1 നാഡീകോശങ്ങൾക്ക് ഹൃസ്വകാല ഓർമകളെ ദീർഘകാല ഓർമകളാക്കി മാറ്റാൻ ഇത് കഴിവ് കൂട്ടുന്നതായും കണ്ടു. 'ഓർമകളെ ശക്തമാക്കാൻ പാകത്തിലുള്ള സ്വിച്ച് പോലെ പ്രവർത്തിക്കാൻ സി.എ.2 നാഡീകോശങ്ങൾക്ക് കഴിയും എന്നുസാരം', പഠനറിപ്പോർട്ടിന്റെ മുഖ്യരചയിതാവായ ഡോ.സാക്കി പറഞ്ഞു.

മേൽസൂചിപ്പിച്ച നിരീക്ഷണത്തെ തുടർന്ന്, സി.എ.2 ന്യൂറോണുകളെ 'കീമോജനറ്റിക്സ്' എന്ന നൂതനവിദ്യ ഉപയോഗിച്ച് ഗവേഷകർ 'ഓഫ്' ചെയ്തുനോക്കി. മുമ്പ് സാമൂഹികമായി നന്നായി ഇടപഴകിയിരുന്ന എലികൾ അതോടെ അന്തർമുഖരായി. മാത്രമല്ല, ദീർഘകാല ഓർമകൾ രൂപവത്കരിക്കാനുള്ള കഴിവ് അവയിൽ പ്രകടമായി കുറഞ്ഞു. ക്രമേണ അവയുടെ മസ്തിഷ്കം, സാമൂഹികമായി ഒറ്റപ്പെട്ടവരുടേത് പോലെ പ്രവർത്തിക്കുന്ന സ്ഥിതിയിലാവുകയും ചെയ്തു.

ഏകാന്തതയും സാമൂഹികബന്ധങ്ങളുടെ അഭാവവും മുതിർന്നവരിൽ ഓർമക്ഷയം ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നാണ് ഈ കണ്ടെത്തലിൽ നിന്നെത്താവുന്ന നിഗമനം. ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം മുതിർന്നവരിൽ ഏകാന്തത വർധിച്ചു വരുന്ന ഇക്കാലത്ത് ഈ കണ്ടെത്തലിന്റെ പ്രസക്തി വർധിക്കുന്നു.

ഓർമയുടെ ചെറുപ്പം നിലനിർത്താനുള്ള പ്രകൃതിദത്തമായ ഒരെളുപ്പമാർഗം സാമൂഹിക ഇടപെടലാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു കാപ്പികുടി, കുടുംബത്തോടൊപ്പം ആഹ്ലാദംപങ്കിട്ട നിമിഷം ഒക്കെ നമ്മുടെ മസ്തിഷ്കത്തെ കരുത്തുറ്റതാക്കുന്നു. 'ബന്ധങ്ങൾ ഹൃദയത്തിന്റേത് മാത്രമല്ല, അവ മസ്തിഷ്കത്തിന്റേതുമാണ്', പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഡോ.സജികുമാർ ഓർമിപ്പിക്കുന്നു.

ഹരിപ്പാട് ചിങ്ങോലി സൗപർണ്ണികയിൽ കെ. ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ് സജികുമാർ. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിയോളജിയിൽ എംഎസ്.സി പാസായ ഇദ്ദേഹം ജർമ്മനിയിൽ നിന്നാണ് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും കരസ്ഥമാക്കിയത്. 2012 മുതൽ സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ഡോ. സജികുമാറിന്റെ മേൽനോട്ടത്തിൽ, മലയാളികൾ ഉൾപ്പടെ 10 പി.എച്ച്.ഡി വിദ്യാർഥികളും, ഏഴ് പോസ്റ്റ്ഡോക്ടറൽ ഗവേഷകരും ഇതിനകം പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 'ഇന്ത്യൻ അസോസിയേഷൻ ഓഫ് ന്യൂറോസയൻസ്' 2023 ൽ ഡോ. സജികുമാറിനെ ഫെലോ ആയി തിരഞ്ഞെടുത്തു.

ഒരർഥത്തിൽ ഡോ.സജികുമാറിന് മസ്തിഷ്ക ഗവേഷണം എന്നത് ഒരു കുടുംബകാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഭാര്യ പാലക്കാട് ചിതലി സ്വദേശി ഡോ.ഷീജ നവക്കോടും അറിയപ്പെടുന്ന ന്യൂറോസയന്റിസ്റ്റാണ്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് ഡോ. ഷീജയും പ്രവർത്തിക്കുന്നത്.

 

Ref: 'Hippocampal CA2 to CA1: A Metaplastic Switch for Memory Encoding'. By Bin Ibrahim et al. PNAS. 2025-05936R.