
പഴങ്ങളുടെ അവശിഷ്ടങ്ങള്‍ മുറിവുകള്‍ക്കുള്ള ബാന്‍ഡേജുകളുടെ ഉത്പാദനത്തിനായി ഉപയോഗപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ നാങ് യങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(NTU)യിലെ ശാസ്ത്രജ്ഞര്‍. സിങ്കപ്പൂരിൽ സുലഭമായതും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതുമായ ദൂരിയാന്‍ പഴങ്ങളുടെ പുറംതോടാണ് ആന്റി ബാക്ടീരിയല്‍ ജെല്‍ ബാന്‍ഡേജ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ദൂരിയാന്‍ പഴങ്ങളുടെ ഉള്‍ഭാഗം മാത്രമാണ് ഭക്ഷ്യയോഗ്യമായത്. ബാക്കിയാവുന്ന പഴത്തോടുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ക്കൊടുവിലാണ് ബാന്‍ഡേജ് നിര്‍മാണത്തിനുപയോഗിക്കാമെന്ന ആശയത്തിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

"സിങ്കപ്പൂരില്‍ ഒരു വര്‍ഷം ദൂരിയാന്‍ പഴങ്ങളുടെ ഉപഭോഗം 12 ലക്ഷം കവിയും. മധുരമുള്ള ഉള്‍ക്കാമ്പൊഴികെ പഴത്തിന്റെ തോടും കുരുവും അവശിഷ്ടമായി ശേഷിക്കും. ഇതാകട്ടെ പഴത്തിന്റെ പകുതിയോളം വരും. ഇവ അതേ രീതിയില്‍ ഉപേക്ഷിക്കുന്നതോ കത്തിക്കുന്നതോ വന്‍തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും", എന്‍ടിയുവിലെ പ്രൊഫസറായ വില്യം ചെന്‍ പറയുന്നു. ഇതേ രീതിയില്‍ പല ഭക്ഷ്യമാലിന്യങ്ങളേയും ഹൈഡ്രോജെല്‍ ആക്കി മാറ്റി മലിനീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ചെന്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ഉപയോഗിച്ചു വരുന്ന ബാന്‍ഡേജുകള്‍ക്ക് സമാനമായി മുറിവിനും ചുറ്റുമുള്ള ഭാഗത്തും തണുപ്പ് നിലനിര്‍ത്താനും ഈര്‍പ്പം പകരാനും അതിലൂടെ മുറിവ് വേഗം സുഖപ്പെടുത്താനും ഈ പുതിയ ജൈവ ബാന്‍ഡേജുകള്‍ക്കും സാധിക്കും. ഭക്ഷ്യമാലിന്യങ്ങളും യീസ്റ്റും ഉപയോഗിച്ചുള്ള ബാന്‍ഡേജ് നിര്‍മാണം സാധാരണ ബാൻഡേജ് നിർമ്മാണത്തേക്കാൾ ലാഭകരമാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബാന്‍ഡേജുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന വെള്ളി, ചെമ്പ് തുടങ്ങിയ ലോഹഘടകങ്ങള്‍ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുന്നതാണ് കാരണം.
സീസണില്‍ ഒരു ദിവസം 30 പെട്ടി(ഏകദേശം 1,800 കിലോ) ദൂരിയാന്‍ വിറ്റുപോകാറുണ്ടെന്ന് മൊത്തക്കച്ചവടക്കാരനായ താന്‍ എങ് ചുവാന്‍ പറയുന്നു. പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗമൊഴികെ അവശേഷിക്കുന്ന മാലിന്യം ഒഴിവാക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും ഉപയോഗപ്രദമായ ഈ പുതിയ കണ്ടുപിടിത്തം വളരെ സഹായകമാണെന്നും ചുവാന്‍ പ്രതികരിച്ചു.
Content Highlights: Scientists in Singapore transform fruit leftovers into antibacterial bandages
Published: 26 Sept 2021, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented