വീഗന്‍ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയില്‍ ലോക പ്രശസ്തയായ ഷന്ന സാസോനോവ (39) പോഷകാഹാരക്കുറവ് മൂലം മരിച്ചു. റഷ്യന്‍ സ്വദേശിനിയായ ഷന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.  'റോ വീഗന്‍' ഭക്ഷണരീതിയാണ് ഷന്ന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശീലിച്ചിരുന്നത്. ആഹാരത്തില്‍ കായ്കനികളും പച്ചക്കറികളും മാത്രം ഉള്‍പ്പെടുന്ന ഒരു ഭക്ഷണരീതിയാണിത്.

To advertise here,

ശ്രീലങ്കയില്‍വെച്ച് മാസങ്ങള്‍ക്ക് മുന്‍പ് കാണുമ്പോള്‍ ആരോഗ്യം വഷളായി ക്ഷീണിതയായ അവസ്ഥയിലായിരുന്നു ഷന്നയെന്ന്‌ സുഹൃത്ത് പറയുന്നു. ആ സമയം അവരുടെ കാലുകള്‍ നീരുവെച്ച് വീര്‍ത്തിരുന്നതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ ചികിത്സ തേടാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടും അത് കേള്‍ക്കാള്‍  തയ്യാറായില്ല. അവരെ അവഗണിച്ചുകൊണ്ട് വീഗന്‍ ഭക്ഷണരീതി തുടരുകയും ചെയ്തു.

ആരോഗ്യനില വഷളായ ഷന്ന യാത്രയ്‌ക്കൊടുവില്‍ വൈദ്യസഹായം തേടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അവര്‍ അതീവ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. കോളറ പോലുള്ള അണുബാധയാണ് ഷന്നയുടെ ജീവനെടുത്തതെന്ന് മാതാവ് പറഞ്ഞു.  എന്നാല്‍ മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

പഴങ്ങള്‍, സൂര്യകാന്തി വിത്ത് മുളകള്‍, ഫ്രൂട്ട് സ്മൂത്തികള്‍, ജ്യൂസുകള്‍ തുടങ്ങിയവയായിരുന്നു ഷന്നയുടെ ഡയറ്റില്‍ പ്രധാനമായുണ്ടായിരുന്നത്. കൂടാതെ കഴിഞ്ഞ ഏഴു വര്‍ഷമായി  പ്രധാന ഭക്ഷണമായി ചക്കയും കഴിച്ചിരുന്നു. ജങ്ക്‌ ഭക്ഷണക്രമത്തെ പൂര്‍ണമായും എതിര്‍ത്തിരുന്ന വ്യക്തിയാണവര്‍. അത്തരം ഭക്ഷണക്രമം മൂലം പ്രായം കൂടുതല്‍ തോന്നിക്കുന്ന തന്റെ സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തയാകാന്‍ ഷന്ന വീഗന്‍ ഭക്ഷണക്രമം പിന്‍തുടര്‍ന്നു.

യുവത്വവും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിനുള്ള താക്കോലാണ് തന്റെ ഭക്ഷണക്രമമെന്ന് ഷന്ന വിശ്വസിച്ചിരുന്നു. വീഗന്‍ ഭക്ഷണക്രമം തുടങ്ങിയതിനുശേഷമുള്ള തന്നെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നതെന്നും മനസും ശരീരവും പുതിയൊരു അവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെട്ടുവെന്നും അവര്‍ തന്റെ പോസ്റ്റിലൂടെ ആളുകളോട് പറഞ്ഞു. തന്റെ പഴയ ഭക്ഷണരീതിയിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വീഗന്‍ ഭക്ഷണരീതി അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു.