ഹോട്ടൽ മുറിക്കുള്ളിൽവെച്ച് ഒരു പഴം കഴിച്ചതിന് പിഴയടയ്‌ക്കേണ്ടി വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?സിങ്കപ്പുരിലെ ഒരു ചൈനീസ് വിനോദസഞ്ചാരിയായ സ്ത്രീക്ക് വൻ തുകയാണ് ഇത്തരത്തിൽ പിഴയടയ്ക്കേണ്ടിവന്നത്. ഹോട്ടൽ മുറിയിലേക്ക് ദുരിയാൻ എന്ന പഴം കൊണ്ടുവന്നതിന് 200 സിങ്കപ്പുർ ഡോളർ (ഏകദേശം 13,200 രൂപ) ആണ് പിഴ ചുമത്തിയത്.
മറ്റ് യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഈ വിനോദസഞ്ചാരി തന്റെ അനുഭവം ഓൺലൈനിൽ പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സുഹൃത്തുമായി സിങ്കപ്പുർ സന്ദർശിക്കുന്നതിനിടെ വഴിയരികിലെ കടയിൽ നിന്നാണ് അവർ ദുരിയാൻ വാങ്ങിയത്. അവിടെ ഇരുന്ന് പഴം കഴിക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ, ഒരു പ്രത്യേക തരം പെട്ടിയിലാക്കി അത് ഹോട്ടലിലേക്ക് കൊണ്ടുപോകാൻ അവർ തീരുമാനിച്ചു.
കാറിൽ തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ, പെട്ടിയിൽനിന്ന് ദുരിയാന്റെ രൂക്ഷഗന്ധം പുറത്തുവരാൻ തുടങ്ങി. ഗന്ധം നിയന്ത്രിക്കാനായി അവർ അത് ക്ലിങ്ങ് റാപ്പിൽ പൊതിഞ്ഞു. ഡ്രൈവർക്ക് ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന് ഭയന്നാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് അവർ തൻ്റെ പോസ്റ്റിൽ എഴുതി. ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം, അനുവദനീയമല്ലെന്ന് അറിയാതെ അവർ മുറിയിൽ വെച്ച് ദുരിയാൻ കഴിച്ചു. സിങ്കപ്പുരിലെ കാഴ്ചകൾകണ്ട് ഒരു ദിവസം കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ ആരംഭം. കട്ടിലിൽ വെച്ചിരുന്ന ഒരു കുറിപ്പ് അവരെ ഞെട്ടിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു- 'ഞങ്ങളുടെ ഹൗസ്കീപ്പർ നിങ്ങളുടെ മുറിയിൽ ദുരിയാൻ പഴത്തിന്റെ ഗന്ധം കണ്ടെത്തി. ശുചീകരണത്തിനായി 200 സിങ്കപ്പുർ ഡോളർ ഈടാക്കുന്നതാണ്'.
തനിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും 200 സിങ്കപ്പുർ ഡോളർ ഏകദേശം 1,000 ചൈനീസ് യുവാൻ ആണെന്നും സ്ത്രീ തന്റെ പോസ്റ്റിൽ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അവർ ഹോട്ടൽ ഫ്രണ്ട് ഡെസ്കുമായി ബന്ധപ്പെടുകയും തൻ്റെ തെറ്റ് സമ്മതിക്കുകയും ചെയ്തു.
'എനിക്ക് തെറ്റ് പറ്റിയെന്ന് ഞാൻ സമ്മതിച്ചു, ചെറിയ കിഴിവ് നൽകാമോ എന്ന് ഞാൻ ചോദിക്കുകയും ചെയ്തു. എന്നാൽ, മുറിയിൽ വലിയ ശുചീകരണം ആവശ്യമാണെന്നും ഗന്ധം കാരണം കുറച്ചു ദിവസത്തേക്ക് മുറി ഉപയോഗിക്കാൻ കഴിയില്ലെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. സമാനമായ പ്രശ്നങ്ങൾ മറ്റ് വിനോദസഞ്ചാരികളും നേരിട്ടിട്ടുണ്ടെന്ന് ഞാൻ പിന്നീട് കണ്ടെത്തി. ചിലർ ഭാഗ്യവശാൽ ദുരിയാനുമായി പ്രവേശിക്കുന്നതിന് മുൻപ് ഹോട്ടൽ ജീവനക്കാർ തടഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. കുറച്ചുപേർ വിശദീകരിച്ച് പിഴ ഒഴിവാക്കുകയും ചെയ്തു', അവർ എഴുതി.
സിങ്കപ്പുരിലെ ഹോട്ടൽ മുറിയിലേക്ക് ഒരിക്കലും ദുരിയാൻ കൊണ്ടുവരരുത് എന്ന ഒരു ഉപദേശത്തോടെയാണ് അവരുടെ പോസ്റ്റ് അവസാനിച്ചത്. ഏഷ്യവൺ റിപ്പോർട്ട് പ്രകാരം, സിംഗപ്പുരിലെ വിവിധ ഹോട്ടലുകൾ ദുരിയാൻ മുറികളിലേക്ക് കൊണ്ടുവരുന്നതിന് വ്യത്യസ്ത പിഴകളാണ് ഈടാക്കുന്നത്.
ദുരിയാൻ പഴം
മാൽവേസിയ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ദുരിയാൻ. പഴങ്ങളുടെ രാജൻ എന്നും ദുരിയാൻ അറിയപ്പെടാറുണ്ട്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ദുരിയാൻ കൂടുതലായി കൃഷിചെയ്യുന്നത്. ‘ദുരി’ എന്ന മലയൻ വാക്കിൽനിന്നാണ് ദുരിയാൻ എന്ന പേര് ലഭിച്ചത്. രുചികരവും ഒപ്പം രൂക്ഷഗന്ധവുമുള്ള പഴമാണിത്. നാരുകളാൽ സമൃദ്ധമായതിനാൽ, ഉദരസംബന്ധമായ പ്രവർത്തനങ്ങൾക്കും ദുരിയാൻ ഉത്തമമാണെന്ന് പറയപ്പെടുന്നു. കൂടാതെ, നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
എന്നാൽ ഇത്രയും സ്വാദൂറും പഴത്തിന് ഇങ്ങനെയൊരു ഗന്ധമോ എന്ന് ആരും കരുതിപ്പോകും.'ദുർഗന്ധമുള്ള പാൽക്കട്ടി, മലിനജലം, അഴുകിയ ഉള്ളി, ഗന്ധകം, ടർപ്പന്റൈൻ' - ഇങ്ങനെ ദുരിയാൻ പഴത്തിന്റെ സ്വതസിദ്ധമായ ഗന്ധം വർണിക്കാൻ പല വസ്തുക്കളെയും അനുഭവസ്ഥർ കൂട്ടുപിടിക്കുന്നു. തായ്‌ലൻഡ്, ജപ്പാൻ, സിങ്കപ്പുർ, ഹോങ്‌കോങ് എന്നീ രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളിലൊന്നും ദുരിയാന് പ്രവേശനമില്ല. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും എല്ലാം ദുരിയാൻ പഴങ്ങൾക്ക് വിലക്കുണ്ട്.
Content Highlights: Hotel Imposes Rs 13000 Fine On Tourist For Eating this fruit In Room
Published: 01 Jun 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented