മാൽവേസിയ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ദുരിയാൻ. പഴങ്ങളുടെ രാജൻ എന്നും ദുരിയാൻ അറിയപ്പെടാറുണ്ട്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ദുരിയാൻ കൂടുതലായി കൃഷിചെയ്യുന്നത്. ‘ദുരി’ എന്ന മലയൻ വാക്കിൽനിന്നാണ് ദുരിയാൻ എന്ന പേര് ലഭിച്ചത്. രുചികരവും ഒപ്പം രൂക്ഷഗന്ധവുമുള്ള പഴമാണിത്. നാരുകളാൽ സമൃദ്ധമായതിനാൽ, ഉദരസംബന്ധമായ പ്രവർത്തനങ്ങൾക്കും ദുരിയാൻ ഉത്തമമാണെന്ന് പറയപ്പെടുന്നു. കൂടാതെ, നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

To advertise here,

റംബൂട്ടാനെക്കാള്‍ വിപണിസാധ്യതയേറെയുള്ള ഫലവൃക്ഷമാണ് ദുരിയാന്‍. മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ദുരിയാന്റ ജന്മനാടുകള്‍. ചക്കയോട് സാദൃശ്യമുള്ള കൂര്‍ത്ത മുള്ളുകളോടുകൂടിയ ഫലമാണിത്. ദുര്‍ഗന്ധമുള്ളതും ഔഷധഗുണമുള്ളതുമായി പറയപ്പെടുന്ന ദുരിയാന് വലിയ ആവശ്യകതയാണുള്ളത്. ഒപ്പം, മികച്ച വരുമാനവും നേടാം. വാഴൂര്‍ കാനത്ത് റംബൂട്ടാന്‍, ദുരിയാന്‍ തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന മൈലാങ്കല്‍ ജോസഫ് തോമസ് പൊതുവായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

ദുരിയാന്‍ കൃഷിയുടെ വിപണിസാധ്യത എത്രമാത്രമുണ്ട് ?

വലിയ വിപണിസാധ്യതയുള്ള ഫലമാണിത്. ആളുകള്‍ക്ക് ദുരിയാന്‍ കൃഷിയപ്പെറ്റി അധികം അറിയില്ല. റംബൂട്ടാന്‍പോലെ അത്ര എളുപ്പത്തില്‍ കൃഷിചെയ്യാന്‍ പറ്റില്ലെങ്കിലും, മികച്ച ആദായം നല്‍കുന്ന ഫലമാണിത്.

എത്രവര്‍ഷംകൊണ്ട് കായ്ച്ചുതുടങ്ങും ?

നാലുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് ദുരിയാന്‍ മരങ്ങള്‍ കായ്ച്ചുതുടങ്ങും. രണ്ടുമുതല്‍ എട്ടുകിലോവരെ തൂക്കമുള്ള ഫലങ്ങള്‍ ഉണ്ടാകും.

വിപണിസാധ്യതയും വിലയും?

പ്രാദേശികമായി ഇപ്പോള്‍ വിപണിയുണ്ട്. എറണാകുളത്തുനിന്ന് നേരിട്ടെത്തി ദുരിയാന്‍സംഭരിക്കുന്നവരുണ്ട്. തൂക്കത്തിനാണ് വില. ഒരുകിലോയ്ക്ക് 400 മുതല്‍ 550 രൂപവരെ കിട്ടും. രണ്ടുമുതല്‍ എട്ടുകിലോവരെ തൂക്കമുള്ള ഫലങ്ങള്‍ വിളവെടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് 3000 രൂപവരെ ലഭിച്ചു.

കൃഷിരീതികളെപ്പറ്റി പറയാമോ ?

മികച്ച പരിചരണം ആവശ്യമാണ്. കൃത്യമായി നനച്ചുകൊടുക്കണം; ഇല്ലെങ്കില്‍ ഉണങ്ങിപ്പോകും. റംബൂട്ടാനെ അപേക്ഷിച്ച് കേട്, ഫംഗസ് ബാധ എന്നിവ കൂടുതലാണ്. കേടുവന്ന ഭാഗം മുറിച്ചുമാറ്റി മരുന്നുകള്‍ തളിച്ച് സംരക്ഷിക്കണം. തൈകള്‍ നടുമ്പോള്‍ 20 മുതല്‍ 30 മീറ്റര്‍വരെയോ അതില്‍ക്കൂടുതലോ അകലം പാലിച്ചാല്‍ നല്ലതാണ്.

വിളവെടുപ്പ് എപ്പോള്‍ ?

ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ദുരിയാന്‍ വിളവെടുപ്പിന് പാകമാകുന്നത്. വിളയാന്‍ മൂന്നുമുതല്‍ നാലുമാസംവരെ സമയമെടുക്കും.

ചെടികള്‍ എവിടെ കിട്ടും?

മിക്ക നഴ്സറികളിലും ദുരിയാന്‍ ചെടികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരു ചെടിക്ക് 1000 രൂപ വിലയാണ്. നല്ല ചെടികള്‍ അന്വേഷിച്ച് കണ്ടെത്തണം.