ഒട്ടാവ: മനുഷ്യപരിണാമത്തിന്റെ ശൃംഖലയിലേക്ക് ഒരു പുതിയ വര്‍ഗത്തെക്കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഗവേഷകര്‍. അഞ്ചുലക്ഷം വര്‍ഷംമുമ്പ് ജീവിച്ചിരുന്ന പുതിയ മനുഷ്യവര്‍ഗത്തിന് ഹോമോ ബോഡെന്‍സിസ് എന്നാണു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ആധുനിക മനുഷ്യരുടെ നേരിട്ടുള്ള പൂര്‍വികരാണ് ഇവയെന്നാണ് ഗവേഷകരുടെ അനുമാനം. എത്യോപ്യയിലെ ആവാഷ് നദിയുടെ പോഷകനദികളിലൊന്നായ ബോഡോ ദാറില്‍നിന്നും ഇവയുടെ തലയോട്ടികള്‍ ലഭിച്ചതിനാലാണ് ബോഡന്‍സിസ് എന്ന പേരു നല്‍കിയത്. കാനഡയിലെ വിന്നിപെഗ് സര്‍വകലാശാലയിലെ ഡോ. മിര്‍ജാന റോക്‌സാന്‍ഡിക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 'എവല്യൂഷണറി ആന്ത്രപോളജി ഇഷ്യൂസ് ന്യൂസ് ആന്‍ഡ് റിവ്യൂസ്' ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

To advertise here,

മധ്യ പ്ലീസ്റ്റോസീന്‍ കാലത്ത് ആഫ്രിക്കയിലെ ബോഡന്‍സിസിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കുന്നത്. ആധുനിക മനുഷ്യരുടെ വംശമായി കണക്കാക്കുന്ന ഹോമോ സാപ്പിയന്‍സ് ആഫ്രിക്കയിലും മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും അടുത്ത പൂര്‍വികനായ നിയാണ്ടര്‍ത്താലുകള്‍ യൂറോപ്പിലും രൂപപ്പെട്ട അതേ കാലഘട്ടത്തിലാണ് ബോഡന്‍സിസുകളും ജീവിച്ചിരുന്നത്.

ഈ കാലഘട്ടത്തിലെ മനുഷ്യ പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിച്ചേരാന്‍ ശാസ്ത്രലോകത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ സഞ്ചാരപദത്തെക്കുറിച്ച് കൃത്യമായ രൂപം കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്ലീസ്റ്റോസീന്‍ കാലത്തിലെ പരിണാമത്തെക്കുറിച്ച് നിഗമനത്തിലെത്താന്‍ കഴിയാത്തതെന്ന് മിര്‍ജാന റോക്സാന്‍ഡിക്ക് പറഞ്ഞു.

കണ്ടെത്തലോടെ ഈ കാലഘട്ടത്തിലെ ആഫ്രിക്കയില്‍നിന്നുള്ള ഭൂരിഭാഗവും തെക്കു കിഴക്കന്‍ യൂറോപ്പിലെ ചെറിയസംഘം മനുഷ്യവംശങ്ങളും ഹോമോ ബോഡന്‍സിസുകളാകും. ഇവയില്‍ ഭൂരിഭാഗത്തെയും നിയാണ്ടര്‍ത്താലുകളായാണ് മുമ്പ് കണക്കാക്കിയിരുന്നത്.

Content Highights: New species of human ancestor called Homo bodensis