രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുതലയോട് സാമ്യമുള്ള ജീവിയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈറ്റോസോര്‍ എന്ന് വിളിക്കുന്ന ജീവിയുടേതാണ് ഇതെന്നാണ് കണ്ടെത്തല്‍. ഈ ഫോസിലിന് ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളമുണ്ട്. 200 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും കണക്കാക്കപ്പെടുന്നു.
ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിലോ ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തിലോ ആണ് ഇവ ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലും കരയിലുമായി ജീവിച്ചിരുന്ന ഇവയ്ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വംശനാശം സംഭവിച്ചതാണ്. ഈ ഉരഗങ്ങള്‍ ആധുനിക മുതലകളുടെ പൂര്‍വ്വികരാണെന്ന് വിശ്വസിക്കപ്പെടുന്നു.
ദിനോസറുകളുടെ കാലഘട്ടത്തില്‍ ജീവന് നിലനിന്നിരുന്നതായി അറിയപ്പെടുന്ന ലാത്തി ഫോര്മേഷന് എന്ന് വിളിക്കുന്ന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മേഘ ഗ്രാമത്തിലാണ് ഫോസില്‍ കണ്ടെത്തിയത്. രാജസ്ഥാന് ജലവരുപ്പിലെ സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റായ ഡോ. നാരായണ്‍ ദാസ് ഇംഖിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസില്‍ പഠനവിധേയമാക്കിയത്.

ഈ പ്രദേശത്ത് ഇനിയും രഹസ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്ന് ഡോ. ഇംഖിയ പറയുന്നു. പ്രദേശത്ത് ഇനിയും ഫോസിലുകള്‍ മറഞ്ഞുകിടക്കുന്നുണ്ടാവാം. പരിണാമ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാനവും അതിശയിപ്പിക്കുന്നതുമമായ സൂചനകള്‍ അവ നല്‍കും. അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഈ കണ്ടെത്തലിലൂടെ പ്രദേശം ഫോസില്‍ ടൂറിസത്തിന്റെ കേന്ദ്രമായി പരിവര്‍ത്തനം ചെയ്യുമെന്നും കണ്ടെത്തലിന്റെ സാധ്യതകളിലൊന്നായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു തടാകത്തില്‍ ഖനനം നടത്തുന്നതിനിടെ തദ്ദേശീയരായ ഗ്രാമീണരാണ് യാദൃശ്ചികമായി ആദ്യം ഫോസില്‍ കണ്ടത്. അസ്ഥികൂടത്തിന്റെ രൂപത്തില്‍ കൗതുകം തോന്നിയ അവര്‍ അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഘനനത്തിലാണ് ഫൈറ്റോസോറിന്റെ അവശിഷ്ടങ്ങളും ഫോസിലൈസ് ചെയ്ത മുട്ടയെന്ന് തോന്നുന്ന അവശിഷ്ടവും കണ്ടെത്തിയത്. നദീതീരത്ത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവച്ചിരുന്നതെന്ന് കരുതുന്ന ഇടത്തരം വലിപ്പമുള്ള മത്സ്യങ്ങളെ ഭക്ഷിച്ച് ജീവിച്ചിരുന്നവയാവാം ഈ ഫൈറ്റോസോറെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫൈറ്റോസോറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും അവ പൂര്‍ണരൂപത്തില്‍ അപൂര്‍വമായി മാത്രമാണ് ലഭിച്ചത്. 2023 ല്‍ ഈ പ്രദേശത്ത് നിന്ന് ഡോ. ഇംഖിയ ഒരു ഒരു ദിനോസര്‍ മുട്ട കണ്ടെത്തിയിരുന്നു. 2018 ലാണ് ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഹെര്‍ബിവോറസ് ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയത്. ഇതോടെയാണ് ജയ്സാല്‍മീര്‍ പാലിയന്തോളജി പഠനങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയത്. പ്രദേശത്ത് ഗവേഷകര്‍ ഇപ്പോഴും പഠനങ്ങള്‍ നടത്തിവരികയാണ്.
Content Highlights: Fossil remains of a Phytosaur, a crocodile-like creature, discovered in Rajasthan, India.
Published: 29 Aug 2025, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented