അമേരിക്കയിലെ വെർജീനിയ വില്യം ആൻഡ് മേരി സർവകലാശാലയിൽനിന്ന് സാമ്പത്തിക നരവംശശാസ്ത്രത്തിൽ പിഎച്ച്.ഡി. ഗവേഷണത്തിന് മൂന്നുകോടിയുടെ സ്‌കോളർഷിപ്പും മികച്ച ഗവേഷണ പ്രൊപ്പോസലിനുള്ള വാൾട്ടർ ജെ. സേബിൾ ഗ്രാജ്വേറ്റ് ഫെലോഷിപ്പും നേടിയ പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായ അൽത്താഫ് ഹുസൈൻ തന്റെ പിഎച്ച്.ഡി. എൻട്രിയെക്കുറിച്ച് പറയുന്നു. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയാണ്.
ട്രാൻസ്‌നാഷണൽ ബന്ധുവ്യവസ്ഥയും കുടുംബ ധനകാര്യവും: ദക്ഷിണേഷ്യൻ കുടിയേറ്റവഴികളിലെ കുടുംബബന്ധങ്ങളെയും കുടുംബത്തിലെ അധികാരഘടനകളെയും നിക്ഷേപതീരുമാനങ്ങളെയും എങ്ങനെ പുനർരൂപപ്പെടുത്തുന്നു എന്നതിലാണ് ഗവേഷണം.
ആദ്യം ഫാക്കൽറ്റിയും സർവകലാശാലയും
സുഹൃത്തിന്റെ സഹായത്തോടെയാണ് ഗവേഷണവിഷയവുമായി ബന്ധപ്പെട്ട മേഖലകളിൽ മികച്ച ഫണ്ടോടെ പിഎച്ച്.ഡി.ക്ക് അവസരം നൽകുന്ന വിദേശ സർവകലാശാലകളെക്കുറിച്ച് മനസ്സിലാക്കിയത്.
സർവകലാശാലകളുടെ വെബ്സൈറ്റുകളിൽനിന്ന് അവിടത്തെ ഫാക്കൽറ്റികളെക്കുറിച്ച് വിശദമായ പഠനം നടത്തി. എന്റെ ഗവേഷണമേഖലകളോട് ഏറ്റവും അനുയോജ്യമായ ഫാക്കൽറ്റിയെയും സർവകലാശാലയെയും ഷോർട്‌ലിസ്റ്റ് ചെയ്തു. സി.വി., അവരുടെ റിസർച്ച് താത്പര്യവും എന്റെ റിസർച്ച് ഏരിയയും തമ്മിലുള്ള ബന്ധം, എന്തുകൊണ്ട് അപേക്ഷിക്കുന്നു എന്ന വിവരങ്ങളടങ്ങിയ വിശദമായ അപേക്ഷ മെയിൽ ചെയ്തു. 78 ഫാക്കൽറ്റികൾക്ക് മെയിൽ അയച്ചു.
അപേക്ഷിച്ചത്
ഒക്ടോബർമുതൽ ഡിസംബർ 15 വരെയാണ് അപേക്ഷിക്കേണ്ട സമയം. വിവരങ്ങൾക്ക്: www.wm.edu/as/anthropology/graduate/applications/ സി.വി., അവരുടെ റിസർച്ച് താത്പര്യവും നമ്മുടെ റിസർച്ച് ഏരിയയും തമ്മിലുള്ള ബന്ധം, എന്തുകൊണ്ട് അപേക്ഷിക്കുന്നു എന്ന വിവരങ്ങളടങ്ങിയ വിശദമായ അപേക്ഷ അയക്കണം. ആപ്ലിക്കേഷൻ റിവ്യൂവിനുമുൻപേ ഇവയെല്ലാം സർവകലാശാലയിൽ ഡോക്യുമെന്റുകളായി കൂറിയറായി എത്തിച്ചു. ശേഷം ആപ്ലിക്കേഷൻ റിവ്യൂ നടന്നു. വിശദമായ അപേക്ഷ അയച്ചതിനാൽ ഓഫർ ലെറ്റർ വന്നതിനുശേഷം മാത്രമാണ് രണ്ട് ഓൺലൈൻ ഇന്റർവ്യൂ നടന്നത്.
അക്കാദമിക് യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തരബിരുദം. ബിരുദംമാത്രമുള്ളവർക്ക് കോഴ്‌സ് വർക്കിന്റെ ആദ്യത്തെ രണ്ടുവർഷം പി.ജി. ആയി പരിഗണിക്കും. നരവംശശാസ്ത്രത്തിൽ ഒരു പേപ്പർ പഠിച്ചിരിക്കണം. ഇതില്ലാത്തവർക്ക് കോഴ്‌സ് വർക്കിന്റെ ആദ്യത്തെ ആറുമാസ കാലയളവിൽ ഇത് പഠിക്കാനുള്ള സൗകര്യമുണ്ട്.
ഫെലോഷിപ്പ് തുക
അഞ്ചുവർഷമാണ് ഗവേഷണം. സ്റ്റൈെപ്പൻഡായിമാത്രം ഓരോ വർഷവും ഏകദേശം 25.38 ലക്ഷം കിട്ടും. യാത്രച്ചെലവ്, താമസം എന്നിവയെല്ലാം ഇതിൽനിന്ന് വഹിക്കണം. ബാക്കി തുക ട്യൂഷൻ ഫീ, ഇൻഷുറൻസ് എന്നിങ്ങനെ ഒന്നരക്കോടിയോളം വരും. ഇതിനുപുറമേ വാൾട്ടർ ജെ. സേബിൾ ഗ്രാജ്വേറ്റ് ഫെലോഷിപ്പ് തുകയായി 4.8 ലക്ഷം, റിസർച്ച് ഫണ്ടായി 45,300 രൂപ എന്നിങ്ങനെ ആദ്യത്തെ രണ്ടുവർഷം ഗ്രാന്റായി ലഭിക്കും.
പ്രൊപ്പോസൽ എങ്ങനെ തയ്യാറാക്കാം
യു.എസിലെ സർവകലാശാലകളിലേക്ക് എസ്.ഒ.പി. (സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്), പേഴ്‌സണൽ എസെ, മോട്ടിവേഷൻ ലെറ്റർ എന്നിങ്ങനെ മൂന്നു രീതിയിൽ പ്രൊപ്പോസൽ എഴുതാം. റിസർച്ച് എക്സ്പീരിയൻസ്, അക്കാദമിക് യോഗ്യത, പ്രത്യേകമായ ഗവേഷണതാത്പര്യങ്ങൾ എന്നിവയെപ്പറ്റിയാണ് എസ്.ഒ.പി.യിൽ എഴുതേണ്ടത്. ഇത് അഞ്ചുപേജ് വരെയാവാം.
ഗവേഷണവിഷയം തിരഞ്ഞെടുക്കാനുള്ള കാരണം, വിഷയത്തിൽ നേരത്തേ ചെയ്തിട്ടുള്ള വർക്കുകൾ, അക്കാദമിക് യോഗ്യത, ഭാവിയിൽ വിഷയത്തെ കൈകാര്യംചെയ്യേണ്ട രീതി എന്നിവയെക്കുറിച്ചാണ് പേഴ്സണൽ എസെ, മോട്ടിവേഷൻ ലെറ്റർ എന്നിവയിൽ എഴുതേണ്ടത്. ജോയിൻ ചെയ്യാൻ പോകുന്ന ഡിപ്പാർട്ട്മെന്റ്, റിസർച്ച് ഗൈഡ് ഇവരുടെ ഗവേഷണമേഖലയും നമ്മുടെ ഗവേഷണമേഖലയും തമ്മിലുള്ള അക്കാദമിക് ബന്ധത്തെ സൂചിപ്പിച്ചാണ് എസ്.ഒ.പി., പേർസണൽ എസെ, മോട്ടിവേഷൻ ലെറ്റർ എന്നിവ എഴുതി അവസാനിപ്പിക്കേണ്ടത്. മോട്ടിവേഷൻ ലെറ്റർ രണ്ടുമുതൽ രണ്ടര പേജ് വരെയും പേഴ്സണൽ എസെ ഒന്നരമുതൽ രണ്ടുപേജുമാവാം.
വഴികാട്ടിയായി പ്രൊഫ. ആൻഡ്രി വ്രയ്റ്റ്
ഹാർവാഡ് ബിസിനസ് സ്കൂൾ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റ്, പെൻസിൽവേനിയ ബിസിനസ് സ്കൂൾ എന്നിവയിലെ ഫാക്കൽറ്റികളിൽനിന്നുൾപ്പെടെ 10 പേർ പ്രതികരിച്ചു. ഇ-മെയിൽവഴിയാണ് കമ്യൂണിക്കേഷൻ നടന്നത്.
ഇങ്ങനെ പരിചയപ്പെട്ട ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ആൻഡ്രി വ്രയ്റ്റ് ആണ് എന്റെ ഗവേഷണമേഖലയ്ക്ക് യോജിച്ച ഫാക്കൽറ്റി വില്യം ആൻഡ് മേരി യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര ഡിപ്പാർട്ട്മെന്റിലുണ്ടെന്ന് അറിയിച്ചതും അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നതും. അപേക്ഷാസമയത്തുതന്നെ പ്രൊഫസറുടെ പിന്തുണ കിട്ടി. യു.എസിലെ മികച്ച സർവകലാശാലകൾ പ്രദേശത്തെ ലിവിങ് കോസ്റ്റ് കൂടി പരിഗണിച്ചാണ് ഫണ്ട് നൽകുന്നത്. നല്ല സ്റ്റൈെപ്പൻഡോടുകൂടിയ പ്രവേശനം നേടുക എന്നതായിരുന്നു വെല്ലുവിളിയായി നിന്നത്. എന്നാൽ, വില്യം ആൻഡ് മേരി യൂണിവേഴ്സിറ്റിയിൽനിന്ന് മുൻനിര സർവകലാശാലകൾക്കു തുല്യമായ സ്റ്റൈെപ്പൻഡോടെയും ഫെലോഷിപ്പുകളോടെയും ഗവേഷണത്തിനുള്ള അവസരമുണ്ട്. അപേക്ഷയ്ക്ക് പ്രൊഫസറുടെ ഭാഗത്തുനിന്ന് അനുകൂലമായ നിർദേശം കിട്ടിയതോടെ വില്യം തിരഞ്ഞെടുത്തു.
Content Highlights: Althaf Hussain, a commerce teacher from Kerala, secures a $300K scholarship and fellowship for his PhD in Economic Anthropology at William & Mary University, USA.
Published: 23 Feb 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented