തൊഴിലിടത്തിലെ സ്ത്രീ പുരുഷ വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആണുങ്ങള്‍ ചെയ്യുന്ന ജോലികള്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന ജോലികള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് കാലങ്ങളായി ലോകത്തെ എല്ലാ സമൂഹിക വിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. പ്രാചീന കാലത്തെ വേട്ടയാടലില്‍ തുടങ്ങുന്നു ആ വേര്‍തിരിവ്. പുരുഷന്മാര്‍ വേട്ടയാടി വിഭവങ്ങള്‍ തേടുമ്പോള്‍ സ്ത്രീകള്‍ വേട്ടയാടുന്നതിന് പകരം തേടി ശേഖരിക്കുകയാണ് ചെയ്യുക എന്നാണ് കാലങ്ങളായി വിശ്വസിച്ചുവരുന്നത്. എന്നാല്‍ ഈ മിഥ്യാധാരണ തിരുത്തുകയാണ് പുതിയ ഗവേഷണം. 

To advertise here,

വേട്ടയാടല്‍, മാംസഭോജനം എന്നിവ മനുഷ്യന്റെ പരിണാമത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. നില്‍ക്കാനും നടക്കാനുമുള്ള മനുഷ്യന്റെ കഴിവ്, വലിയ തലച്ചോറ്, ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടും. 

എന്നാല്‍ മനുഷ്യന്റെ ചരിത്രത്തില്‍ പുരുഷന്മാര്‍ ഇരയ്ക്ക് പിന്നാലെ കുതിച്ച് വേട്ടയാടുന്നവരാണെന്നും സ്ത്രീകള്‍ ആവാസ കേന്ദ്രത്തിന് ചുറ്റും കഴിയുകയും വിഭവങ്ങള്‍ തേടുകയും ചെയ്തിരുന്നവരാണെന്നുമുള്ള ധാരണയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഈ ചിന്താഗതിയാണ് ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയുള്ള ലിംഗാധിഷ്ടിത തൊഴില്‍ വിവേചനത്തിന്റെ തുടക്കമെന്നും ഗവേഷകര്‍ കാണുന്നു. 

എന്നാല്‍ ഗവേഷകര്‍ കണ്ടെത്തിയ ചില തെളിവുകള്‍ ഈ ധാരണയെ തിരുത്തുന്നതാണ്. ഇരതേടിയിരുന്ന കാലത്ത് സ്ത്രീകളും വേട്ടയാടിയിരുന്നതായി പ്ലോസ് വണ്‍ (PLOS One) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ 1400 ഓളം മനുഷ്യ സാംസ്‌കാരിക വിഭാഗങ്ങളെ ഗവേഷകര്‍ വിശകലനം ചെയ്തു. 

ഇതില്‍ വന സസ്യങ്ങള്‍ ശേഖരിക്കുകയും ഇര തേടുകയും ചെയ്തിരുന്ന 391 സമൂഹങ്ങളെ തിരിച്ചറിയുകയും. രണ്ട് നൂറ്റാണ്ട് മൂമ്പുള്ള ഇവരുടെ ജീവിതം പഠിക്കുകയും ചെയ്തു. 1800 കള്‍ മുതല്‍ 2010 വരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇര തേടുകയും പഴങ്ങളും പച്ചക്കറികളും ശേഖരിക്കുകയും ചെയ്തുവരുന്ന 63 വിഭാഗങ്ങളെ ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 50 വിഭാഗങ്ങളിലും സ്ത്രീകള്‍ വേട്ടയാടുന്നുണ്ട്. അതും ഇരയെ തേടിപ്പിടിച്ച് വേട്ടയാടുന്നവര്‍ തന്നെ. അതേസമയം വേട്ടയാടലില്‍ ഓരോ സമൂഹവും സംസ്‌കാരവും വഴക്കവും വ്യക്തി താല്‍പര്യങ്ങളും പരിഗണിക്കാറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. 

സ്ത്രീയും പുരുഷനും വേട്ടയാടിയിരുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയെങ്കിലും രണ്ട് കൂട്ടരുടേയും വേട്ടയാടല്‍ രീതികളില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഫിലിപ്പീന്‍സിലെ അഗ്ത വിഭാഗക്കാര്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടലാണ് കൂടുതലും നടത്തിയിരുന്നത്. എന്നാല്‍ സ്ത്രീകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കും വഴക്കത്തിനും അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചിലര്‍ കത്തികളോ വാളുകളോ ഉപയോഗിച്ചാണ് വേട്ടയാടുന്നതെങ്കില്‍ മറ്റ് ചിലര്‍ അമ്പും വില്ലും ഉപയോഗിക്കുന്നു, അല്ലെങ്കില്‍ രണ്ട് രീതിയും ഉപയോഗിക്കുന്നു.


Top Image By Freepik