
സാമൂഹ്യശാസ്ത്ര ചിന്തയിൽ കഴിഞ്ഞ ഒരു ആറു പതിറ്റാണ്ടുകളിൽ ഏറ്റവുമവധികം വ്യാപാരിച്ചൊരു പരികൽപനയായ 'പൊതുമണ്ഡലത്തിന്റെ' (public sphere) ഉപജ്ഞാതാവ് എന്ന നിലയിൽ ലോക ചിന്തയിൽ മൗലികവും നിസ്തുലവുമായ സ്ഥാനമാണ് യുർഗൻ ഹേബർമാസിനുള്ളത്. പൊതുമണ്ഡലം എന്ന പരികൽപനയുടെ ചരിത്രവും ഉപയോഗക്ഷമതയും പ്രകടമാകുന്നത് വിവിധ സാമൂഹ്യശാസ്ത്ര വിജ്ഞാനശാഖകളിലെ ഉപയോഗത്തിലാണ്. സാമൂഹ്യശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മണ്ഡലങ്ങളിലെല്ലാം തന്നെ സന്ദർഭോചിതമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടിട്ടുള്ള പൊതുമണ്ഡലം ജനാധിപത്യത്തിന്റെ തന്നെ സംവാദാത്മകതയെയാണ് ദ്യോതിപ്പിക്കുന്നത്. ഒരു ചായക്കട സംവാദത്തിന്റെ പ്രതീകകല്പനയായ പൊതുമണ്ഡലം എന്നത് ജനാധിപത്യത്തെക്കുറിച്ചു ഏതൊക്കെ സന്ദർഭങ്ങളിൽ എപ്പോഴൊക്കെ ചിന്തിക്കുന്നുവോ അപ്പോഴൊക്കെ കടന്നുവരുന്നതാണ്. ഇത്രയും ഈടുളള ഒരു പരികല്പന യുർഗൻ ഹേബർമാസ് ആവിഷ്‌ക്കരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ബൂർഷ്വാ ജനാധിപത്യ സിവിൽ സമൂഹത്തിന്റെ ഉരുത്തിരിയലിനെ സംബന്ധിച്ചുള്ള പ്രബബന്ധത്തിലാണ്. ഫ്യുഡൽ സാമൂഹികഘടനയിൽ നിന്നും ഭേദിച്ചുകൊണ്ട് ഒരു പുതിയ സമൂഹം പിറവിക്കൊള്ളുന്നതിനു നിദാനമായ സ്വകാര്യ വ്യക്തികളുടെ പൊതു കാര്യത്തെക്കുറിച്ചുള്ള തുറന്ന സംവാദ പ്രക്രിയെയാണ് ഈ പരികല്പന അന്തർവഹിക്കുന്നത്. ഏതൊരു അസ്സൽ സങ്കൽപനവും മൗലിക ചിന്തയുടെ, അനുഭവത്തിന്റെ, അന്വേഷണത്തിന്റെ സാന്ദ്രീകൃതമായ ആവിഷ്‌കരണമാണ്. പൊതുമണ്ഡലം എന്ന പരികല്പന അതു പിറന്ന സന്ദർഭത്തിൽ നിന്നും മാറി വ്യത്യസ്തങ്ങളായ വൈജ്ഞാനിക വ്യവഹാരമണ്ഡലങ്ങളിലെ പ്രയോഗങ്ങളിലൂടെ അർത്ഥസമ്പുഷ്ടമാക്കപ്പെട്ടിട്ടുണ്ട്.
ഹേബർമസിന്റെ 'പൊതുമണ്ഡലം: സങ്കൽപനത്തിന് ആദരമാകുന്നത് പാശ്ചാത്യ ആധുനിക രാഷ്ട്രീയ ദർശനമാണ്. യുക്തിക്കും പുരോഗതിക്കും പ്രമുഖ്യം നൽകിയ പ്രബുദ്ധതയുടെ പാരമ്പര്യത്തിന്റെ ദാർശനിക ധാരയ്ക്കകത്തു നിന്നാണ് ഹേബർമാസ് സാമൂഹ്യ സംവാദത്തിന്റെ സവിശേഷ ഭൂമിക എന്തായിരുന്നുവെന്ന് വിശദീകരിക്കുന്നത്. പൊതുമണ്ഡലം എന്ന പരികല്പന അവതരിപ്പിക്കുന്നത് 'The structural transformation of public sphere' എന്ന പഠനഗ്രന്ഥത്തിലാണ്. 1960 കളിൽ പ്രസിദ്ധീകരിച്ച ഈ പഠനം ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ മൗലിക പഠനഗ്രന്ഥങ്ങളിൽ ഒന്നാണ്. .
യുർഗൻ ഹേബർമാസ് ഫ്രാങ്ക്ഫർട് സ്‌കൂൾ ചിന്തകരുടെ രണ്ടാം തലമുറക്കാരനാണ്. ഫ്രാങ്ക്ഫർട്ട് സ്‌കൂൾ എന്ന് അറിയപ്പെടുന്നത് തത്ത്വചിന്തകരും സാമൂഹ്യശാസ്ത്രജ്ഞരും സാമൂഹ്യമനഃശാസ്ത്രജ്ഞരും സാംസ്‌കാരിക വിമർശകരും ഒരുമിച്ചു ചേർന്ന് ആരംഭിച്ച ഫ്രാങ്ക്ഫർട് ആസ്ഥാനമായ ഒരു അന്താരാഷ്ട്ര സാമൂഹ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണ്. ഇടതുപക്ഷ അനുഭാവം പുലർത്തുന്ന പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകർ പ്രഗത്ഭ തത്വചിന്തകരായ ഹോർഖീമർ, തിയോഡോർ അഡോർണോ എന്നിവരാണ്. ഒരു പ്രത്യേകമായ വിജ്ഞാനശാഖയിലേക്ക് മാത്രം ചേർത്തുവെയ്ക്കാൻ കഴിയുന്നതല്ല ഇവരുടെ പഠനങ്ങൾ. രീതിശാസ്ത്രപരമായി ഹെഗേലിയൻ മാർക്‌സിസത്തോട് അനുഭാവപ്പെടുന്ന ഇവരുടെ പഠനങ്ങൾ അന്തർവിജ്ഞാനീയപരവും പ്രതിഫലനാത്മകവും വൈരുധ്യാത്മകവും വിമർശനപരവുമാണ്. പ്രസ്തുത ചിന്താധാരയുടെ ഭാഗമായതോ അല്ലെങ്കിൽ അതിന്റെ അടിസ്ഥാന സമീപനങ്ങളെ പിൻപറ്റുന്നതോ ആയ അന്വേഷണങ്ങളെ വിമർശനാത്മക ചിന്ത (critical theory) എന്നാണ് വ്യവഹരിക്കുന്നത്.
വിമർശനാത്മക ചിന്തയുടെ അന്വേഷണ സാഫല്യമാണ് ഹേബർമാസിന്റെ സംവേദനാത്മക പ്രവർത്തനം (communicative action) എന്ന സങ്കല്പനം. വിമർശനാത്മക ചിന്ത ആധാരമാക്കുന്നത് മാനവിക വ്യവഹാരങ്ങളിലെ യുക്തിപരതയെയാണ്. ഈ യുക്തിപരതയ്ക്ക് നിദാനമാകുന്നതോ സമത്വം, സ്വാതന്ത്ര്യം, യുക്തിബോധം, സത്യം തുടങ്ങിയ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ധാർമ്മികവും ജ്ഞാനശാസ്ത്രപരവുമായ മൂല്യങ്ങളാണെന്ന പരസ്പരധാരണയാണ്. ഹേബർമാസിന്റെ സംവേദന സിദ്ധാന്തത്തിന് പ്രേരകമാകുന്നത് ആശയവിനിമയത്തിലെ പരസ്പര്യമാണ്. ആധുനികമായ ലോകബോധമാണ് ഈ പരസ്പര്യത്തിൽ പ്രതിഫലിക്കുന്നത്. ആധുനികമായ ലോകബോധം എന്നതുക്കൊണ്ടു വിവക്ഷിക്കുന്നത് ശ്രേണിരഹിതവും മതേതരവുമായ സംവേദന തലങ്ങളാണ്. യുർഗൻ ഹേബർമാസ് അക്കാദമിക് മണ്ഡലത്തിൽ സംവേദനത്തിന്റെ തത്വചിന്തകനായാണ് (philosopher of communication) അറിയപ്പെടുന്നത്.
അക്കാദമിക് മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചിന്തകനായിരുന്നില്ല ഹേബർമാസ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അർധഭാഗത്തിനുശേഷം ജർമനിയിൽ ഉയർന്നുവന്ന ഏറ്റവും പ്രമുഖ പൊതുചിന്തകനാണ് (Public Intellectual) ഹേബർമാസ്. അദ്ദേഹം പൊതുവിഷയങ്ങളിൽ ഇടപ്പെട്ടു പ്രതികരിച്ചിരുന്നു. ജർമൻ വാർത്തപത്രമായ ഡെസ് ഷ്പീഗലിൽ സ്ഥിരമായി എഴുതിയിരുന്നു. ഷ്പീഗൽ എന്നാൽ കണ്ണാടി എന്നർത്ഥം. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചും ഇസ്ലാമിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഹേബർമാസിന്റെ സാമൂഹ്യചിന്തകളെ മുൻനിർത്തി യൂറോപ്പിനെ രക്ഷിക്കാനുള്ള അവസാനത്തെ തത്വചിന്തകൻ എന്നാണ് ഹേബർമാസ് വിശേഷിപ്പിക്കപ്പെട്ടത്. ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹേബർമാസ് ആദ്യം നടത്തിയ പൊതു ഇടപെടൽ അറുപതുകളുടെ അവസാനത്തിലുണ്ടായ ഇടതുതീവ്രവാദ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്ത വിദ്യാർഥി പ്രക്ഷോഭത്തെ വിമർശിച്ചുക്കൊണ്ടാണ്. രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ ലിബറൽ ബഹുകക്ഷി ജനാധിപത്യത്തിന് പ്രാമുഖ്യം നൽകിയ ഹേബർമാസ് ഭരണഘടനപരമായ ദേശസ്‌നേഹം (constitutional patriotism) എന്ന സങ്കല്പനവും ആവിഷ്‌ക്കരിക്കുകയുണ്ടായി.
1980 പകുതിയിൽ ജനാധിപത്യത്തെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ഒരു പൊതുസംവാദത്തിൽ ഇടപെട്ടാണ് ഹേബർമാസ് ഭരണാഘടനപരമായ ദേശസ്‌നേഹം എന്ന സങ്കല്പനം ആദ്യം അവതരിപ്പിക്കുന്നത്. ഹേബർമാസിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയമായും ധാർമ്മികമായും ഏറ്റവും ഉചിതമായിരിക്കുന്ന ഒരേയൊരു ദേശസ്നേഹരൂപം ഭരണഘടനാ രാഷ്ട്രത്തിന്റെ സാർവത്രിക തത്വങ്ങളിൽ ഉറച്ചുനിൽക്കുക എന്നാണ്. ജർമനിയുടെ ഫെഡറൽ റിപ്പബ്ലിക്കിൽ ഭരണഘടനാപരമായ ദേശസ്നേഹം എന്നാൽ ഫാസിസത്തെ ശാശ്വതമായി മറികടക്കുന്നതിലും നീതിയുക്തമായ ഒരു രാഷ്ട്രീയ ക്രമം സ്ഥാപിക്കുന്നതിലും അതിനെ ഒരു ലിബറൽ രാഷ്ട്രീയ സംസ്‌കാരത്തിൽ ഉറപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു എന്ന വസ്തുതയിലുള്ള അഭിമാനത്തെയാണ് അർത്ഥമാക്കുന്നത് എന്ന് ഹേബർമാസ് വിശദീകരിക്കുകയുണ്ടായി. ഭരണഘടനാപരമായ ദേശസ്‌നേഹം ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലെ നിയമതത്വങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ആശയമാണ്.
ജർമനിയുടെ നാസി ഭൂതകാലത്തോടുള്ള സംഘർഷവും നാസിസത്തിന്റെ നാമ്പുകൾ വീണ്ടും കിളിർത്തുവരുന്നതിനെതിരെയുള്ള മുന്നറിയിപ്പും എതിർപ്പും ഹേബർമാസിന്റെ ബഹുകക്ഷി ജനാധിപത്യത്തിന്റെ പ്രതിരോധത്തിലും ഭരണഘടനദേശസ്‌നേഹത്തെക്കുറിച്ചുള്ള സങ്കല്പനത്തിലും കാണാം. പശ്ചിമ ജർമനിയിലെ കൊളോണിന് ഏകദേശം മുപ്പത് മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ജർമ്മൻ പട്ടണമായ ഗമ്മേഴ്സ്ബാക്കിലാണ് യുർഗൻ ഹേബർമാസ് വളർന്നത്. ഹേബർമാസിനും വ്യക്തിപരമായി ഒരു നാസിഭൂതകാലത്തിനോട് എതിർക്കേണ്ടതായുണ്ട്. ഹേബർമാസിന്റെ പിതാവ് ഏണസ്റ്റ് ഒരു വലതുപക്ഷ യാഥാസ്ഥിതികനായിരുന്നു. 1933-ൽ അദ്ദേഹം നാസി പാർട്ടിയിൽ ചേർന്നു. യുവാവായ യൂർഗൻ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. തുടർന്ന് 1945 ഫെബ്രുവരിയിൽ, പതിനഞ്ച് വയസ്സുള്ളപ്പോൾ, വെർമാച്ചിൽ നിന്നും ഹേബർമാസിനു വിളിവന്നു. ഹേബർമാസ് പറയുന്നത് തന്റെ ഭാഗ്യംകൊണ്ടു മാത്രമാണ് നാസികളുടെ അർധസൈനിക ക്യാമ്പിലേക്ക് പോകേണ്ടി വരാതിരുന്നത് കാരണം അപ്പോഴേക്കും സഖ്യകക്ഷികൾ ജർമനിയെ നാസികളിൽ നിന്നും മോചിപ്പിച്ചിരുന്നു.
ഉൾക്കൊള്ളൽ ജനാധിപത്യത്തോട് പരിപൂർണമായും പ്രതിജ്ഞാബദ്ധനായ ഹേബർമാസ് ഒക്ടോബർ 7 നു ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ ഗാസക്കെതിരെയുള്ള വിനാശകരമായ തിരിച്ചടിയെ പിന്തുണയ്ക്കുകയുണ്ടായി. നവംബർ 13, 2023 ൽ മാധ്യമങ്ങൾക്ക് അയച്ച കത്തിൽ ഹേബർമാസ് നാസികൾക്കെതിരെ ജർമൻ ജനത രണ്ടാം ലോകമഹായുദ്ധാനന്തരം സ്വീകരിച്ച 'ഇനി ഒരിക്കലും അതുണ്ടാകരുത്' എന്ന നിലപാട് ഇസ്രയേലിനു അനുകൂലമായി വ്യഖ്യാനിച്ചു. ജൂത ജീവിതത്തെയും ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തെയും സംരക്ഷിക്കുന്നതിനും ജർമ്മൻ ജനത പ്രതിബദ്ധത കാണിക്കണമെന്ന് ഹേബർമാസ് വാദിച്ചു. ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രയേലിന്റെ സൈനിക തിരിച്ചടി 'തത്ത്വത്തിൽ ന്യായീകരിക്കപ്പെടുന്നു' എന്നും വാദിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി ചർച്ച ചെയ്യാൻ ഹേബർമാസ് വിമുഖത കാണിച്ചു.
ഹേബർമാസും പോപ്പ് ബെനഡിക്ട് പതിനാറാമാനുമായി 20024-ൽ നടത്തിയ സംവാദത്തിൽ സെക്കുലർ സമൂഹത്തിൽ മതത്തിനുള്ള പങ്കാണ് ചർച്ച ചെയ്യപ്പെട്ടത്. മതവും സെക്കുലർ യുക്തിചിന്തയും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള ഉദ്യമങ്ങളുടെ പ്രാധാന്യം പരസ്പരം അംഗീകരിച്ചുക്കൊണ്ടുള്ള സംവാദത്തിൽ ഹേബർമാസ് മതം സെക്കുലർ മൂല്യങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഊനിയത്. മതം യാഥാസ്ഥിതികമായ നിലപാടുകളിൽ അയവുവരുത്തി ആധുനികസാമൂഹികചിന്തയിൽ വന്ന മാറ്റങ്ങളെ സ്വീകരിക്കണമെന്ന സമീപനമായിരുന്നു ഹേബർമാസിന്റെ. ദൈവത്തിൽ മനുഷ്യന്റെ രൂപം ദർശികുമ്പോൾ മനുഷ്യാന്തസ്സാണ് മൂല്യവത്താകുന്നത് എന്നാണ് ഹേബർമാസ് നീരീക്ഷിച്ചത്. ഇത് മനുഷ്യർ തമ്മിൽ ശ്രേണിരഹിതവും ഉപാധികളിലില്ലാത്തതുമായ വിനിമയ സാധ്യതകൾ വർധിപ്പിക്കുന്നു, ഇതിന്റെ ഫലപ്രാപ്തി ഭിന്നസംസ്‌കാരങ്ങൾ തമ്മിലുള്ള സംവേദന സാധ്യത തുറന്നുതരുന്നുവെന്നതാണ്. അങ്ങനെ രൂപീകൃതമാകുന്ന സംവേദന തുറവികളാണ് ആഗോളമായൊരു പൊതുമണ്ഡലരൂപീകരണത്തിനു ഗുണപ്രദവുമാകുന്നത്. രാജ്യങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള പരസ്പര കാലുഷ്യങ്ങളും വിദ്വേഷങ്ങളും സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഇതു സഹായകമാകുന്നു. പാശ്ചാത്യ ജ്ഞാനോദയ പാരമ്പര്യത്തിൽപ്പെട്ട ചിന്തകൻ എന്ന നിലയിൽ ഹേബർമാസിന്റെ ജനാധിപത്യ ചിന്തയിൽ ഉട്ടോപ്യയുടെ അംശമുണ്ട്. ഇടതുപക്ഷ ലോകവീക്ഷണത്തിന്റെ അഭേദ്യഭാഗമാണ് ഉട്ടോപ്യയുടെ ദർശനം. വർത്തമാനത്തിന്റെ അസ്വാസ്ഥ്യങ്ങളെ മറികടന്നുക്കൊണ്ടു മനുഷ്യസമുദായത്തിന്റെ സാർവ്വത്രികമായ ഒരു പൊതുഭാവിയെയാണ് ആധുനികത വിഭാവനം ചെയ്യുന്നത്. ഹേബർമാസിനെ സംബന്ധിച്ചു ജ്ഞാനോദയ ആധുനികത ഇനിയും പൂർത്തീകരിക്കാൻ ബാക്കിനിൽക്കുന്ന പദ്ധതിയായാണ്.
Content Highlights: Originator of the 'Public Sphere' concept as a space for democratic discourse., Key figure in the second generation of the Frankfurt School and Critical Theory., Development of 'Communicative Action' theory focusing on rational discourse., Advocate for 'Constitutional Patriotism' as a moral framework for modern states., Exploration of the intersection between secular reason and religious values.
Published: 18 Mar 2026, 02:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented