
ഐ.എസ്.ആര്‍.ഒ.യുടെ പുതിയ അമരക്കാരനായി റോക്കറ്റ് ശാസ്ത്രജ്ഞന്‍ വി. നാരായണന്‍ സ്ഥാനമേല്‍ക്കുകയാണ്. നിലവിലെ ചെയര്‍മാന്‍ എസ്. സോമനാഥന്‍ സ്ഥാനമൊഴിയുന്ന ജനുവരി 14-ന് ചുമതലയേല്‍ക്കും. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയായ നാരായണനെ രണ്ടു വര്‍ഷത്തേക്കാണ് പദവിയില്‍ നിയമിച്ചിരിക്കുന്നത്. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ അദ്ദേഹത്തെ കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ബഹിരാകാശരംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ബഹിരാകാശ പേടക പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഒരു വ്യക്തി പുതിയ ചെയര്‍മാനായി വരുന്നത്. അതിനാല്‍ത്തന്നെ ഈ നിയമനത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതി, ചന്ദ്രയാന്‍-4 ദൗത്യം, രാജ്യത്തിന് സ്വന്തമായുള്ള ബഹിരാകാശ നിലയത്തിന്റെ വികസനം ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ നാരായണന്റെ കൈയൊപ്പുണ്ടാകുമെന്ന് തീര്‍ച്ച. അതിനാല്‍ത്തന്നെ പുതിയ ചുമതല നാരായണനെ സംബന്ധിച്ച്, മഹത്തായ ഉത്തരവാദിത്വവും അവസരവുമാണ്. ഐ.എസ്.ആര്‍.ഒ.യെ നയിച്ച പ്രഗല്ഭരായ വ്യക്തികളുടെ പാത പിന്തുടരാനുള്ള അവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.

ആരാണ് ഡോ. വി. നാരായണന്‍?
നിലവില്‍ ഐ.എസ്.ആര്‍.ഒ.യുടെ തിരുവനന്തപുരത്തെ വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് നാരായണന്‍. 2018 മുതല്‍ ഈ സ്ഥാനം വഹിച്ചുവരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ ജനനം. കയ്പും കടുത്ത അനുഭവങ്ങളും നിറഞ്ഞ ബാല്യകാലത്തിലും പക്ഷേ, പഠനത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ നാരായണന്‍ തയ്യാറായില്ല. വിവിധ ഇടങ്ങളിലെ പഠനാനുഭവങ്ങളും നിരവധി തസ്തികകളിലെ ജോലിയനുഭവങ്ങളും കഴിഞ്ഞാണിപ്പോള്‍ ഐ.എസ്.ആര്‍.ഒ.യുടെ തലപ്പത്തെത്തുന്നത്. 1984-ല്‍ ബഹിരാകാശ ഏജന്‍സിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അതിന്റെ സുപ്രധാന മേഖലകളിലൊന്നായ റോക്കറ്റ് പ്രൊപ്പല്‍ഷനില്‍ പ്രവര്‍ത്തിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL), ടി.ഐ. ഡയമണ്ട് ചെയിന്‍ ലിമിറ്റഡ്, മദ്രാസ് റബ്ബര്‍ ഫാക്ടറി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
കര്‍ഷകനായ വന്നിയപ്പെരുമാളിന്റെയും വീട്ടമ്മയായ തങ്കമ്മാളിന്റെയും മകനായി കന്യാകുമാരി ജില്ലയിലെ മേലക്കാട്ടുവിളൈയില്‍ ജനനം. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉള്‍പ്പെടെ വീട്ടില്‍ മക്കള്‍ ആറുപേര്‍. ഇളയവനായ നാരായണനും മറ്റുള്ളവരുമെല്ലാം പ്രാഥമിക പഠനം നേടിയത് വീടിനടുത്തുള്ള തമിഴ് സ്‌കൂളില്‍നിന്നാണ്. നാരായണന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നതുവരെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. പത്താം ക്ലാസില്‍ സ്‌കൂളിലെ ടോപ്പറുമായി. എന്‍.കെ. കവിതാരാജാണ് ഭാര്യ. ദമ്പതിമാര്‍ക്ക് ദിവ്യ, കലേഷ് എന്നീ രണ്ട് മക്കളുണ്ട്.
പശ്ചിമബംഗാളിലെ ഖരഗ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐ.ഐ.ടി.) പഠിച്ച നാരായണന്‍, 1989-ല്‍ ക്രയോജെനിക് എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ എം.ടെക്. കരസ്ഥമാക്കി. 2001-ല്‍ എയ്റോസ്പെയ്സ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്.ഡി.യുമെടുത്തു. 1984 ഫെബ്രുവരി ഒന്നിന് ഐ.എസ്.ആര്‍.ഒ.യില്‍ ചേര്‍ന്ന അദ്ദേഹം വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ (വി.എസ്.എസ്.സി.) സോളിഡ് പ്രൊപ്പല്‍ഷനില്‍ ജോലിചെയ്തു തുടങ്ങി. 1989-ല്‍ ക്രയോജെനിക് പ്രൊപ്പല്‍ഷനില്‍ പ്രവര്‍ത്തിക്കാനായി എല്‍.പി.എസ്.സി.യിലേക്ക് മാറി.

ക്രയോജനിക് എൻജിൻ ഉൾപ്പെടെ നിരവധി സംഭാവനകൾ
ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് III (GSLV Mk III) C25 ക്രയോജനിക് പ്രൊജക്ടിന്റെ പ്രൊജക്ട് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. വിജയകരമായി വിക്ഷേപിച്ച C25 ക്രയോജനിക് സ്‌റ്റേജിന്റെ വികസനം അദ്ദേഹത്തിന്റെ നേതൃപരമായ കഴിവ് വിളിച്ചോതുന്നു. ജോയിന്റ് പോളാര്‍ സാറ്റലൈറ്റ് സിസ്റ്റം, ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ തുടങ്ങി ഐ.എസ്.ആര്‍.ഒ.യുടെ പല സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിലും നാരായണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രയോജെനിക് എന്‍ജിനുകള്‍ ഇന്ത്യ റഷ്യയില്‍നിന്ന് സ്വന്തമാക്കാനാണ് ആദ്യം ശ്രമിച്ചിരുന്നത്. പക്ഷേ, അത് നടക്കാതെ പോയി. തുടര്‍ന്ന് ഇന്ത്യ ക്രയോജനിക് എന്‍ജിന്‍ സ്വതന്ത്രമായി വികസിപ്പിച്ചപ്പോള്‍ നാരായണനായിരുന്നു പ്രൊജക്ട് ഡയറക്ടര്‍. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന എല്‍.വി.എം.-3 റോക്കറ്റിനായി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സംവിധാനം സൃഷ്ടിച്ചത് നാരായണന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു. ഇതോടെ ക്രയോജനിക് എന്‍ജിനുകള്‍ നിര്‍മിക്കാനും വിന്യസിക്കാനും കഴിവുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.
വിക്രം ലാന്‍ഡറിന്റെ ക്രാഷ് ലാന്‍ഡിങ്ങിലൂടെ തിരിച്ചടി നേരിട്ട ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം രൂപകല്പന ചെയ്തതും നാരായണന്റെ നേതൃത്വത്തിലുള്ള ടീമാണ്. ദൗത്യത്തിന്റെ പരാജയത്തെ സംബന്ധിച്ച് വിശകലനം ചെയ്യാനുള്ള സമിതിയുടെ ചെയര്‍മാനായി നിയമിച്ചതും നാരായണനെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം സംഭവിച്ച പിഴവുകള്‍ കണ്ടെത്തുകയും തിരുത്തല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ നിരീക്ഷണത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് 2023-ല്‍ ചന്ദ്രയാന്‍-3 വിജയകരമായി ലാന്‍ഡ് ചെയ്തത്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നിലയ്ക്ക് അത് ഇന്ത്യയെ അഭിമാനകരമായ നേട്ടത്തിലെത്തിച്ചു.
ചുമതലയുടെ പ്രസക്തി
വന്‍ പ്രൊജക്ടുകള്‍ മുന്നില്‍ വരാനിരിക്കുന്നു എന്നതിനാല്‍ പുതിയ ചെയര്‍മാന്‍ ആരെന്നതിന് വലിയ പ്രാധാന്യമുണ്ട്. നാരായണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗന്‍യാന്‍, ചന്ദ്രയാന്‍-4 ഉള്‍പ്പെടെയുള്ള നിര്‍ണായക ദൗത്യങ്ങള്‍ വരാനിരിക്കുന്നു. തിരുവനന്തപുരത്തെ എല്‍.പി.എസ്.സി.യിലെ നാരായണന്റെ നേതൃത്വത്തിലുള്ള ടീം ഇതിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവിലുള്ളത്. ഹെവി ലിഫ്റ്റ് വാഹനം, ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകളാണ് അവിടെ പുരോഗമിക്കുന്നത്.
ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്കുള്ള താത്പര്യങ്ങളെക്കുറിച്ച് നാരായണന് നല്ല നിശ്ചയമുണ്ട്. ഉപഗ്രഹ വിന്യാസത്തിലും മറ്റു വാണിജ്യ പ്രവര്‍ത്തനങ്ങളിലും സ്വകാര്യ കമ്പനികളുടെ പങ്ക് വിപുലീകരിക്കുന്നത് ബഹിരാകാശരംഗത്തെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഐ.എസ്.ആര്‍.ഒ.യ്ക്ക് സ്വന്തമായി നിറവേറ്റാന്‍ കഴിയാത്ത ആവശ്യകതകള്‍ സ്വകാര്യ കമ്പനികളുടെ കൂടെ സഹായത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം ഇതിനകംതന്നെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൈവരണമെങ്കില്‍ സ്വകാര്യ പങ്കാളിത്തംകൂടി വേണമെന്നാണ് അദ്ദേഹത്തിന്റെ വെപ്പ്. ഇത് ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു പങ്ക് ഇന്ത്യക്ക് പിടിച്ചെടുക്കാന്‍ കഴിയുന്നതിലേക്ക് നയിക്കും.
പുതിയ ദൗത്യങ്ങള്‍
ഇന്ത്യയുടെ സാറ്റലൈറ്റ് സാന്നിധ്യം വിപുലീകരിക്കുക, അതിന്റെ തന്ത്രപരവും സാമൂഹികവുമായ പ്രയോഗങ്ങള്‍ മെച്ചപ്പെടുത്തുക, ആഗോള ബഹിരാകാശ പര്യവേക്ഷണത്തില്‍ രാജ്യത്തിന്റെ സംഭാവനകള്‍ വര്‍ധിപ്പിക്കുക എന്നിവയൊക്കെയാണ് ഐ.എസ്.ആര്‍.ഒ.യെക്കുറിച്ചുള്ള നാരായണന്റെ ഭാവി കാഴ്ചപ്പാടുകള്‍. ചൊവ്വ, ശുക്രന്‍ എന്നിവകൂടി ഐ.എസ്.ആര്‍.ഒ.യുടെ ഭാവി പദ്ധതികളിലുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ കീഴില്‍ ബഹിരാകാശത്ത് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ വികസിപ്പിക്കാനും ആസൂത്രണമുണ്ട്. അതിനാല്‍ത്തന്നെ നാരായണന്റെ ചെയര്‍മാന്‍ പദവി അതിഭയങ്കരമായ ഒരു ഉത്തരവാദിത്വംകൂടിയാണ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനും ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് പ്രധാന ഇടം നല്‍കുന്നതിനും അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. സാങ്കേതിക വൈദഗ്ധ്യം, സമര്‍പ്പണം, ബഹിരാകാശ പദ്ധതികളോടുള്ള ആജീവനാന്ത പ്രതിബദ്ധത എന്നിവ അദ്ദേഹത്തില്‍ വേണ്ടുവോളമുണ്ടെന്ന് ഇതഃപര്യന്ത അനുഭവങ്ങള്‍ മുന്നിലുണ്ട്.
ബഹിരാകാശത്തെ ഇന്ത്യയുടെ നിരവധി നേട്ടങ്ങള്‍ക്ക് നിദാനമായ നാരായണനെ, നിരവധി ബഹുമതികളും തേടിയെത്തിയിട്ടുണ്ട്. ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ASI) ഗോള്‍ഡ് മെഡല്‍, റോക്കറ്റിനും അനുബന്ധ സാങ്കേതിക വിദ്യകള്‍ക്കുമുള്ള എ.എസ്.ഐ. അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഔട്ട്‌സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡും പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡും നല്‍കി ഐ.എസ്.ആര്‍.ഒ. അദ്ദേഹത്തെ ആദരിച്ചു. 2018-ല്‍ ചെന്നൈയിലെ സത്യബാമ സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റും നേടി. ഖരഗ്പുരില്‍നിന്ന് വിശിഷ്ട പൂര്‍വവിദ്യാര്‍ഥി പുരസ്‌കാരം, നാഷണല്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ഫോറം ഓഫ് എന്‍ജിനീയേഴ്‌സിന്റെ ദേശീയ ഡിസൈന്‍ പുരസ്‌കാരം, എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ എയ്‌റോനോട്ടിക്കല്‍ പ്രൈസ് എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
Content Highlights: isro new chairman dr v narayanan profile
Published: 10 Jan 2025, 06:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented