അമല്‍ കുമാര്‍ റായ് ചൗധരി. രാജ്യം മറന്നെങ്കിലും ലോകം കൊണ്ടാടിയ പേര്. തമോഗര്‍ത്ത പഠനം, ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഗ്രാവിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഏണിയായി നിലകൊണ്ട റായ് ചൗധരി സമവാക്യത്തിന്റെ ഉപജ്ഞാതാവായ പ്രതിഭ. സ്റ്റീഫന്‍ ഹോക്കിങ്ങും എഡ്വേഡ് വിറ്റനും പോലുള്ളവര്‍ ആദരിക്കുന്ന അദ്ഭുത വ്യക്തിത്വം. ലോകമെമ്പാടുമുള്ള ശാസ്ത്രലോകം അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍.

To advertise here,

നൂറുവര്‍ഷംമുന്‍പ് (1923) ബംഗാളില്‍ ജനിച്ച ഒരു അസാമാന്യ അധ്യാപകന്‍ ഉണ്ടായിരുന്നു, അമല്‍ കുമാര്‍ റായ്ചൗധരി(എ.കെ.ആര്‍.). ഭൂരിഭാഗം മലയാളികള്‍ക്കോ ഇന്ത്യക്കാര്‍ക്കോ ഇദ്ദേഹത്തെ അറിയാനിടയില്ല. എന്നാല്‍, അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി (2023-2024) ഇദ്ദേഹത്തിന്റെ നൂറാംജന്മവാര്‍ഷികം ആചരിച്ചുവരുകയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശിഷ്യര്‍ ഇദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ കേംബ്രിജ് സര്‍വകലാശാലയില്‍ ഒരു ഓര്‍മ്മദിനംതന്നെ സംഘടിപ്പിച്ചു.

അസാധാരണമായ ജന്മം ആയിരുന്നു എ.കെ.ആറിന്റേത്. ഒരു ചെറിയ കോളേജിലെ ഊര്‍ജതന്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. ദേശാടനക്കിളിയെപ്പോലെ അലഞ്ഞുതിരിഞ്ഞു ജീവിച്ച ഒരു മനുഷ്യന്‍. വളരെ മിടുക്കനായ ഗവേഷകനെങ്കിലും ഇന്ത്യയിലെ പ്രസിദ്ധമായ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലൊന്നും അദ്ദേഹത്തിന് ജോലികിട്ടിയില്ല. സൈദ്ധാന്തിക ഭൗതികശാസ്ത്രം അസ്ഥിക്കുപിടിച്ച ഒരു സ്വപ്നാടകനായിരുന്നു എ.കെ.ആര്‍. കറുത്ത ബോര്‍ഡില്‍ സമവാക്യങ്ങള്‍ എഴുതി ക്ലാസ് എടുക്കാന്‍ മോഹമുള്ള ഒരു അധ്യാപകന്‍. എന്നാല്‍, കോളേജ് അധികൃതര്‍ അഭിരുചിക്കുവിപരീതമായ ജോലികളാണ് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. കോളേജിലെ ലാബ് മേല്‍നോട്ടവും ലാബ് റെക്കോഡ്സ് ഒപ്പിട്ടു കൊടുക്കലും മറ്റും.

റായ്ചൗധരി സമവാക്യം

വിഖ്യാത ഊര്‍ജതന്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം (ജനറല്‍ റിലേറ്റിവിറ്റി) പ്രസിദ്ധീകരിക്കുന്നത് 1915-ല്‍ ആണ്. ആ കാലത്ത് ആകപ്പാടെ മൂന്നുപേര്‍ക്കു മാത്രമേ ഈ സിദ്ധാന്തം മുഴുവനായി മനസ്സിലായിരുന്നുള്ളൂ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഐന്‍സ്‌റ്റൈന്‍, ഹില്‍ബെര്‍ട്ട്, എഡിങ്ടണ്‍ എന്നിങ്ങനെയുള്ള മൂന്ന് ബുദ്ധിരാക്ഷസര്‍ക്ക്. ഊര്‍ജതന്ത്രത്തിലെ ഗുരുത്വാകര്‍ഷണശക്തിയെ ഗണിതശാസ്ത്രം ഉപയോഗിച്ച്, സ്പെയ്സ് ടൈം ജ്യോമെട്രിവെച്ച് വിശദീകരിക്കുന്ന ശാസ്ത്രമാണ് ജനറല്‍ റിലേറ്റിവിറ്റി.

പ്രൊഫഷണല്‍ ഗണിതശാസ്ത്രജ്ഞര്‍ക്കുവരെ ഒട്ടും എളുപ്പമല്ലാത്ത ടെന്‍സോര്‍ കാല്‍ക്കുലസ് (tensor calculus) ഉപയോഗിച്ചുവേണം പൊതു ആപേക്ഷികതാസിദ്ധാന്തത്തില്‍ ഏതു ചെറിയ സംഭാവനപോലും ചെയ്യാന്‍. ചുരുക്കത്തില്‍ തൊട്ടാല്‍ കൈപൊള്ളുന്ന ഗവേഷണമേഖല. അക്കാലത്ത് ഒരു ഇന്ത്യക്കാരനും ഈ ഒരു യത്‌നത്തിന് മുതിരാന്‍ തയ്യാറായില്ല. എന്നാല്‍, എ.കെ.ആര്‍.തന്റെ ലാബ് ഡ്യൂട്ടിക്കിടയിലെ വീണുകിട്ടുന്ന വിശ്രമ വേളകള്‍ ജനറല്‍ റിലേറ്റിവിറ്റി ഗവേഷണത്തിന് മാറ്റിവെച്ചു. ഒരുപാട് കാലത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ഒരു പ്രത്യേകസമവാക്യം അദ്ദേഹം കണ്ടുപിടിച്ചു. റായ്ചൗധരി സമവാക്യം(Raychaudhari Equation) എന്നപേരില്‍ ശാസ്ത്രസമൂഹത്തില്‍ അത് വിഖ്യാതമായി. ജനറല്‍ റിലേറ്റിവിറ്റിയുടെ ഏതു നല്ല പാഠപുസ്തകം ലോകത്തിലെ ഏതു വായനശാലയില്‍നിന്നെടുത്താലും ഇന്ന് ഈ സമവാക്യത്തെ കാണാനാകും.

പൊതു ആപേക്ഷികതാ സിദ്ധാന്തത്തില്‍, ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ സംഭാവന (1955) എന്നുമാത്രംപറഞ്ഞാല്‍ പോരാ; ഏറ്റവും മികവുറ്റ സംഭാവന എന്ന് എടുത്തുപറയേണ്ട ഒരു നാഴികക്കല്ലായിരുന്നു അത്.

സിംഗുലാരിറ്റി തിയറത്തിന്റെ പ്രചോദനം

പ്രകാശത്തിനുപോലും രക്ഷപ്പെടാന്‍പറ്റാത്ത ഗുരുത്വാകര്‍ഷണ ബലമുള്ള ബ്ലാക്ക് ഹോള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തില്‍ ഉള്ളതറിയാമല്ലോ. ബ്ലാക്ക്ഹോള്‍ ഫിസിക്‌സ് എന്ന മേഖലയെ മാറ്റിമറിച്ച സിംഗുലാരിറ്റി തിയറം (singulartiy theorem) കേംബ്രിജില്‍വെച്ച് സ്റ്റീഫന്‍ ഹോക്കിങ്, ഓക്‌സ്ഫഡില്‍ വെച്ച് റോജര്‍ പെന്റോസ് എന്നിവര്‍ ഒന്നിച്ചു സഹകരിച്ചു പ്രസിദ്ധീകരിക്കുമ്പോള്‍ അവര്‍ ഏറ്റവും പ്രധാനമായി ഉദ്ധരിച്ചത് റായ് ചൗധരി സമവാക്യമാണ്. ഈ സമവാക്യത്തില്‍ നിന്നാണ് സിംഗുലാരിറ്റി തിയറം ഉരുത്തിരിഞ്ഞുവന്നത്. സിംഗുലാരിറ്റി എന്ന സ്ഥലം ഇന്നും മനുഷ്യന്റെ ഭാവനയ്ക്കപ്പുറമാണ്. അനന്തമായ സാന്ദ്രത കാരണം സ്പെയ്സ് ടൈം ഫാബ്രിക് തന്നെ കുഴഞ്ഞുപോകുന്ന ഇടം.

ഊര്‍ജതന്ത്രത്തിന്റെ പരമ്പരാഗതനിയമങ്ങള്‍പോലും ലംഘിക്കപ്പെടുന്ന അവസ്ഥ. ബ്ലാക്ക് ഹോള്‍ സിംഗുലാരിറ്റി പോയിന്റ്. പിന്നീടുള്ള ഹോക്കിങ് റേഡിയേഷന്‍ എന്ന സിദ്ധാന്തമൊക്കെ ഇതിനുശേഷമാണ് വരുന്നത്.

ബ്ലാക്ക്‌ഹോള്‍ ഫിസിക്‌സ് മേഖലയിലെ തലതൊട്ടപ്പനായ ഹോക്കിങ് തന്നെ സമ്മതിച്ച കാര്യമാണ് റായ് ചൗധരി സമവാക്യം ഇല്ലാതെ ബ്ലാക്ക്‌ഹോള്‍ ഫിസിക്‌സില്‍ ഇതൊന്നും ഒരിക്കലും കണ്ടെത്താന്‍ പറ്റുമായിരുന്നില്ല എന്ന വാസ്തവം.

പുതിയ കണ്ടെത്തലുകള്‍ പ്രകാരം പ്രപഞ്ചത്തിലെ ഓരോ ഗാലക്‌സിയുടെയും നടുവില്‍ ചുരുങ്ങിയത് ഒരു ബ്ലാക്ക് ഹോള്‍ എങ്കിലും സ്ഥിതിചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ പ്രപഞ്ചമൊട്ടാകെ 100 ബില്യണ്‍ ബ്ലാക്ക് ഹോള്‍ എങ്കിലും ഉണ്ടാകും. അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം ബ്ലാക്ക് ഹോള്‍ ഫിസിക്‌സ് എത്രമാത്രം പ്രാധാന്യമുള്ള ഒരു മേഖലയാണെന്ന്. ഇതിലും കൗതുകരമായ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്നത്തെ ഏതൊരു സ്ട്രിങ് തിയറി ശാസ്ത്രജ്ഞനോടും ചോദിച്ചാല്‍ അവര്‍ പറയും റായ്ചൗധരിയുടെ സമവാക്യം ക്വാണ്ടം ഗ്രാവിറ്റി (quantum gravtiy) കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന്. കാരണം ജനറല്‍ റിലേറ്റിവിറ്റി ഇനി ഭാവിയില്‍ ശരിയല്ല എന്നുതെളിഞ്ഞാല്‍പ്പോലും റായ്ചൗധരി സമവാക്യം അപ്പോഴും ശരിയായിത്തന്നെ നിലകൊള്ളും. അതിനുള്ള കാരണം ആ സമവാക്യം ഒരു തരത്തില്‍ പറഞ്ഞാല്‍ ഗണിതശാസ്ത്രത്തിലെ ഒരു ശാഖയായ ജ്യോമട്രിയിലെ ചില അടിസ്ഥാനതത്ത്വംവെച്ചുമാത്രം ഉരുത്തിരിഞ്ഞു വന്നതാണ്. അതിനാല്‍ത്തന്നെ പ്രസ്തുത സമവാക്യത്തിന്റെ അടിത്തറയിളക്കാനാവില്ല.

അമ്പരപ്പിക്കുന്ന ഉള്‍ക്കാഴ്ച

റായ്ചൗധരിയുടെ സംഭാവനകളില്‍ കാണുന്ന അസാമാന്യമായ ഉള്‍ക്കാഴ്ചകള്‍ ഇന്നും എത്രയോ റിലേറ്റിവിറ്റി ഗുരുക്കന്മാരെ അമ്പരപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് വിപുലമാണ് അവരില്‍ പലരും ഇന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍. അദ്ദേഹം പഠിപ്പിക്കുന്ന രീതിയും ആ ഭാവനയും വിചിത്രമായിരുന്നു എന്നാണവര്‍ പറയുന്നത്.

ഒരു ഉദാഹരണം ഇങ്ങനെ. ജനറല്‍ റിലേറ്റിവിറ്റി പ്രകാരം ഗുരുത്വാകര്‍ഷണം കാന്തശക്തിപോലുള്ള ഒരുബലം അല്ല. മറിച്ച്് സ്പെയ്സ് ടൈം ഫാബ്രിക്കില്‍ ഒരു ഭാരമുള്ള വസ്തു ഒരുചെറിയ കുഴിയുണ്ടാക്കുന്ന പോലെയാണ്. മറ്റുള്ള വസ്തുക്കള്‍ ആ ഭാരത്തിന്റെ അടുത്തേക്ക് വക്രമായ ഒരു ഫാബ്രിക്കില്‍ നേര്‍വരയില്‍ പോവാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഗുരുത്വാകര്‍ഷണം കാരണം വീഴുന്ന വസ്തുക്കള്‍ പ്രപഞ്ചത്തില്‍ വളഞ്ഞപാതയില്‍ ചുറ്റുന്നത്.

എ.കെ.ആര്‍. പറയുമായിരുന്നുത്രേ 'ട്രാം കാര്‍ ഏതുവഴിപോവും എന്നറിയാന്‍ ഒറിജിന്‍ കോര്‍ഡിനേറ്റ്സ്,ഫൈനല്‍ കോര്‍ഡിനേറ്റ്സ് ഒന്നും വേണ്ടാ. ട്രാം ലൈന്‍ പിന്തുടര്‍ന്നാല്‍ മതി' എന്ന്. ജനറല്‍ റിലേറ്റിവിറ്റി സ്പെയ്സ് ടൈം ഫീല്‍ഡ്ലൈന്‍ കൊല്‍ക്കത്തയിലെ ട്രാംലൈന്‍പോലെയാണ്. വളരെ ലളിതവും എന്നാല്‍, വളരെ ആഴത്തിലുമുള്ള ഇതുപോലത്തെ ഉദാഹരണങ്ങള്‍. ഒട്ടേറെയുണ്ട് ശിഷ്യഗണങ്ങള്‍ക്ക് ഓര്‍ക്കാന്‍

ഗണിതശാസ്ത്രത്തിലെ ഫീല്‍ഡ്സ് മെഡല്‍ ചരിത്രത്തിലാദ്യമായി കിട്ടിയ ഏക ഊര്‍ജതന്ത്രജ്ഞന്‍ പ്രൊഫസര്‍ എഡ്വേഡ് വിറ്റന്‍ പറയുന്നത് റായ് ചൗധരിയുടെ സംഭാവനകളാണ് ബ്ലാക്ക്‌ഹോള്‍, ജനറല്‍ റിലേറ്റിവിറ്റി, ക്വാണ്ടം ഗ്രാവിറ്റി എന്ന മേഖലകളെ കാര്യമായി പോഷിപ്പിച്ചത് എന്നാണ്. അറിയപ്പെടുന്ന പുരസ്‌കാരങ്ങളോ പദവികളോ ഒന്നും ജീവിച്ചിരുന്ന കാലത്തു കിട്ടിയില്ലെങ്കിലും കാലം കൊടുക്കുന്ന ഈ ഒരു സ്ഥാനമാണ് ഒരു പ്രതിഭയ്ക്കുള്ള യഥാര്‍ഥ അംഗീകാരം.

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷിക പരിപാടികളൊക്കെ ലോകമെമ്പാടും പരിസമാപ്തിയിലെത്തും. ആ വേളയില്‍ ഇന്ത്യക്കാര്‍ അഭിമാനത്തോടെ ഓര്‍ക്കേണ്ട ഒരു വ്യക്തിത്വമാണ് ആണ് അമല്‍ കുമാര്‍ റായ്ചൗധരി.

(ഉല്‍ക്കശാസ്ത്രത്തില്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം ഉപയോഗിച്ച് ഗവേഷണംചെയ്യുന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് ലേഖകന്‍)