
ഒരു ദിവസം ഭൂമിയുടെ കറക്കം നിന്നുപോയാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ ഒരു ഭാഗം നിരന്തരമായ ഇരുട്ടിലേക്കും മറ്റൊരു ഭാഗം കലുഷിതമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലേക്കും എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും. എന്നാല്‍, ഭൂമിക്കുള്ളിലെ അകക്കാമ്പിന്റെ കറക്കം നിന്നുപോയാലോ! ഭൂമിയുടെ കാന്തികത നഷ്ടപ്പെടും, സൂര്യകിരണങ്ങള്‍ ഭൂമിയെ ചുട്ടെരിക്കും, പച്ചപ്പും ഹരിതാഭയും ജലവും നഷ്ടപ്പെട്ട് ഭൂമി മറ്റൊരു ചൊവ്വയായി മാറും. ഞെട്ടേണ്ട, അടുത്തൊന്നും അങ്ങനെ അകക്കാമ്പിന്റെ കറക്കം നിന്നുപോവുകയൊന്നുമില്ല, രണ്ടോ മൂന്നോ ദശലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം അത് സംഭവിച്ചേക്കാം.. ഭൂമിയുടെ അകക്കാമ്പിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
കുറച്ചുനാളുകള്‍ക്ക് മുമ്പ്, ഭൂമിയുടെ അകക്കാമ്പിന്റെ കറക്കത്തില്‍ മാറ്റം വരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഭൂമിയുടെ അകക്കാമ്പിന്റെ ആകൃതി മാറുന്നുവെന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഭൂകമ്പശാസ്ത്രജ്ഞനായ (seismologist) ഡോ. ജോണ്‍ വിഡേല്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പഠനത്തിന് പിന്നില്‍. നേച്ചര്‍ ജിയോ സയന്‍സ് ജേണലില്‍ 2025 ഫെബ്രുവരി ആദ്യവാരമാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അകക്കാമ്പുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എങ്ങനെയാണ് ഭൂമിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്നത്? അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി ഭൂമിയുടെ ഉള്ളിലുള്ള സംഗതികളെക്കുറിച്ചുള്ള ചില അടിസ്ഥാനവിവരങ്ങള്‍ അറിയാം...
ഭൂമിയെ ഒരു ഗോളമായി സങ്കല്‍പിച്ചാല്‍, അതിന്റെ ആരം (radius) 6371 കിലോ മീറ്റര്‍ ആണ്. ഭൂമിയാകുന്ന ഈ ഗോളത്തിന് പ്രധാനമായും നാല് പാളികളാണ് ഉള്ളത് - ഭൂവല്‍ക്കം (crust), മാന്റില്‍ (mantle), പുറക്കാമ്പ് (outer core), അകക്കാമ്പ് (inner core) എന്നിവയാണ് ആ പാളികള്‍. ഏറ്റവും ഉള്ളിലെ പാളിയാണ് അകക്കാമ്പ്. 1936-ലാണ് ഭൂമിയുടെ ഏറ്റവും അകത്തായി ഇത്തരത്തില്‍ ഒരു ലോഹപ്പന്ത് ഉള്ളതായി ശാസ്ത്രജ്ഞര്‍ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഉപരിതലത്തില്‍ നില്‍ക്കുന്ന ഒരാളുടെ കാല്‍ചുവട്ടില്‍നിന്ന് ഏകദേശം 5150 കിലോ മീറ്റര്‍ താഴെയാണ് അകക്കാമ്പ് സ്ഥിതി ചെയ്യുന്നത് എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഭൂമി എന്ന ഗോളത്തിന്റെ ഒത്തനടുവിലായി ഏകദേശം 1220 കിലോ മീറ്റര്‍ ആരമുള്ള ഒരു ഗോളമായാണ് ശാസ്ത്രജ്ഞര്‍ അകക്കാമ്പിനെ കണക്കാക്കുന്നത്.
ഇരുമ്പും നിക്കലും ചേര്‍ന്ന് ഖരാവസ്ഥയിലുള്ള ഗോളമാണ് അകക്കാമ്പ്. ഇതിന് തൊട്ടുപുറത്തുള്ള പാളിയായ പുറക്കാമ്പിലും ഇരുമ്പും നിക്കലും ചേര്‍ന്ന മിശ്രിതം തന്നെയാണുള്ളത്. എന്നാലിത് ദ്രവരൂപത്തിലാണുള്ളത്. ഈ ദ്രവാവസ്ഥയിലുള്ള പുറക്കാമ്പാണ് അകക്കാമ്പിനെ മറ്റ് പാളികളില്‍നിന്നു വേര്‍തിരിച്ച് നിര്‍ത്തുന്നത്. പുറക്കാമ്പിലെ ദ്രവാവസ്ഥയിലുള്ള ഈ മിശ്രിതമാണ് ഭൂമിയുടെ കാന്തികതയ്ക്ക് കാരണമാകുന്നത് എന്ന് ശാസ്ത്രജ്ഞന്മാര്‍ പല പഠനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. കാന്തികത ഉണ്ടാക്കുന്നത് പുറക്കാമ്പാണെങ്കിലും അകക്കാമ്പാണ് ഇതിനെ കാര്യമായി സ്വാധീനിക്കുന്നത്.
ഭൂമി കറങ്ങുന്നുണ്ട്, അതിനുള്ളിലുള്ള അകക്കാമ്പും കറങ്ങുന്നുണ്ട്. അകക്കാമ്പിനെ ചുറ്റി സ്ഥിതി ചെയ്യുന്ന പുറക്കാമ്പ് ദ്രാവാവസ്ഥയില്‍ ആയതുകൊണ്ടുതന്നെ സ്വതന്ത്രമായാണ് അകക്കാമ്പിന്റെ ഭ്രമണം. ഭൂചനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ചില പ്രത്യേക തരംഗങ്ങളുടെ ചലനങ്ങളിലൂടെയാണ് അകക്കാമ്പിന്റെ ഇത്തരം മാറ്റങ്ങള്‍ പഠനവിധേയമാക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ എന്നപോലെ തന്നെ ഉള്ളിലെ പാളികളിലൂടെയും ഈ തരംഗങ്ങള്‍ സഞ്ചരിക്കാറുണ്ട്. ഈ തരംഗങ്ങള്‍ രേഖപ്പെടുത്തി അവ അപഗ്രഥിച്ചാണ് ഭൂമിയുടെ ഉള്ളിലെ പാളികളെക്കുറിച്ചെല്ലാം ശാസ്ത്രജ്ഞര്‍ പഠിക്കുന്നത്.
2009-നോട് അടുത്ത് അകക്കാമ്പിന്റെ കറക്കത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഏകദേശം 70 വര്‍ഷങ്ങള്‍ കൂടുന്തോറും ഭൂമിയുടെ മറ്റ് പാളികളെ അപേക്ഷിച്ച് അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശയില്‍ വ്യത്യാസം വരുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 1970-കളുടെ തുടക്കത്തിലാണ് അകക്കാമ്പ് ഇത്തരത്തില്‍ ദിശ മാറ്റിയത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീജിങ്ങിലെ പെക്കിങ് സര്‍വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞന്മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 1960 മുതല്‍ 2021 വരെ ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂചലനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പഠനം നടത്തിയത്. 2023-ല്‍ ശാസ്ത്ര ജേണലായ നേച്ചറിലാണ് (nature) ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നത്.
70 വര്‍ഷത്തിന്റെ കാലയളവില്‍ ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യത്തിലും കാലാവസ്ഥയിലും കാന്തികമണ്ഡലത്തിലും ചാക്രികമായി ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശ മാറാന്‍ 70 വര്‍ഷമൊന്നും വേണ്ടിവരില്ലെന്നാണ് ഇതുസംബന്ധിച്ച പിന്നീട് നടന്ന പഠനങ്ങള്‍ തെളിയിച്ചത്. ഇത്തരത്തില്‍ അകക്കാമ്പിന്റെ കറക്കത്തിലെ വ്യത്യാസം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ സ്വാധീനം ചെലുത്തുന്നു. ഭൂമിയുടെ ഭ്രമണത്തിന്റെ കാന്തികപ്രഭാവത്തില്‍ അകക്കാമ്പിനുള്ള സ്വാധീനം മൂലമാണിത്. അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലും ഉണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് നേരത്തെ നടത്തിയിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണങ്ങളെ പ്രതിരോധിക്കുന്നതിലും അകക്കാമ്പ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഈ പ്രത്യേകതകള്‍ കൊണ്ടൊക്കെത്തന്നെ ഭൂമിയുടെ ഹൃദയമെന്നാണ് അകക്കാമ്പിനെ ശാസ്ത്രലോകം വിളിക്കുന്നത്. ചന്ദ്രന്റെ മുക്കാല്‍ ഭാഗത്തോളം വലിപ്പമുള്ള ഗോളമാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളിക്കുള്ളിലായതിനാല്‍ ഭൂമിയുടെ മറ്റ് പാളികളെ അപേക്ഷിച്ച് വ്യത്യസ്തവും സ്വതന്ത്രവുമായി ഭ്രമണം ചെയ്യാന്‍ അകക്കാമ്പിന് സാധിക്കുന്നു. ദ്രവരൂപത്തിലുള്ള പുറക്കാമ്പിനുള്ളില്‍ ഏറെക്കുറെ ഒരു ജെല്ലിക്കുള്ളിലെന്ന പോലെയാണ് അകക്കാമ്പ് ഭ്രമണം ചെയ്യുന്നത്. ഘരരൂപത്തിലെങ്കിലും അകക്കാമ്പിന്റെ പുറംഭാഗം അല്ലെങ്കില്‍ ഉപരിതലത്തേക്ക് അടുക്കുന്തോറും കട്ടികുറഞ്ഞ് കാണപ്പെടുന്നതായാണ് പുതിയ പഠനം പറയുന്നത്.
'അകക്കാമ്പിന്റെ ഉള്ളിലേക്ക് പോകുന്തോറും കട്ടികൂടുമെങ്കിലും പുറംഭാഗത്തേക്ക് വരുംതോറും മൃദുവായി വരുന്നു,' ലേഖനത്തിന്റെ സഹ-എഴുത്തുകാരനും കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൂഭൗതികശാസ്ത്രജ്ഞനും (geophysicist) ആയ കാഷ പട്ടേല്‍ പറയുന്നു. പുറക്കാമ്പുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാണ് അകക്കാമ്പിന്റെ അരികുകള്‍ ചെറിയതോതിലെങ്കിലും രൂപമാറ്റത്തിന് വിധേയമാകുന്നത്. നിരന്തരം ലോഹദ്രാവകത്തില്‍ തട്ടിക്കൊണ്ടേയിരിക്കുന്ന ഏതൊരു ഖരവസ്തുവിനും സംഭവിക്കുന്ന മാറ്റം തന്നെയാണ് അകക്കാമ്പിനും സംഭവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1991 മുതല്‍ 2023 വരെ ഉണ്ടായ 121-ഓളം ഭൂകമ്പങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലൂടെയാണ് ശാസ്ത്രജ്ഞര്‍ ഈ പഠനം നടത്തിയത്.
ഭൂകമ്പങ്ങളുടെ ഭാഗമായുണ്ടാകുന്ന ഭൂകമ്പതരംഗങ്ങളെ (seismic waves) പഠനവിധേയമാക്കിയാണ് ഭൂമിയുടെ ഉള്ളിലുള്ള പാളികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താറുള്ളത്. ഭൂമിയുടെ അകക്കാമ്പില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ ഈ ഒരു വഴി മാത്രമാണ് ശാസ്ത്രജ്ഞര്‍ക്കുള്ളത്. 1991-2023 കാലയളവില്‍ തെക്കന്‍ അറ്റിലാന്റിക് സമുദ്രത്തിലെ സാന്‍ഡിവിച്ച് ദ്വീപുകള്‍ക്കും (south sandwich islands) വടക്കേ അമേരിക്കയ്ക്കും ഇടയിലൂടെ ഭൂമിയുടെ അകക്കാമ്പിലൂടെ കടന്നുപോയിട്ടുള്ള ഭൂകമ്പതരംഗങ്ങളാണ് ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയത്. ഒരേ സ്ഥലത്ത് വ്യത്യസ്തമായ സമയങ്ങളില്‍ നടന്നിട്ടുള്ള ഭൂകമ്പങ്ങളുടെ ഭാഗമായ തരംഗങ്ങളില്‍ വന്നിട്ടുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ പഠനം നത്തിയത്.
ഭൂമിയും, സമാന്തരമായി അകക്കാമ്പും കറങ്ങുന്നുണ്ടല്ലോ. ഇതിന്റെ അടിസ്ഥാനത്തില്‍, ഭൗമോപരിതലത്തില്‍ നിരന്തരമായി ഭൂകമ്പം നടക്കുന്ന ഒരു പ്രത്യേകസ്ഥലം ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്തു. ഇവിടെനിന്നുള്ള ഭൂകമ്പതരംഗം അകക്കാമ്പില്‍ പതിച്ച പോയിന്റും അടയാളപ്പെടുത്തി. പിന്നീടുള്ള കാലയളവില്‍, ഓരോ വര്‍ഷവും ഈ രണ്ട് പോയിന്റുകളും ഒരേസ്ഥലത്ത് എത്തുന്ന സമയം ഭൂകമ്പതരംഗത്തില്‍ ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ ഉറവിടസ്ഥാനത്തില്‍ നിന്നും പുറപ്പെട്ട തരംഗങ്ങള്‍ അകക്കാമ്പില്‍ പതിക്കുമ്പോള്‍ ലഭിച്ച മറ്റ് തരംഗങ്ങളില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ അകക്കാമ്പിനുണ്ടായിട്ടുള്ള വ്യത്യാസങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത് എന്നാണ് ജോണ്‍ വിഡേലും കാഷ പട്ടേലും അവകാശപ്പെടുന്നത്.
ഓരോ വര്‍ഷം കഴിയുന്തോറും അകക്കാമ്പിന്റെ അടുത്തുകൂടി കടന്നുപോകുന്ന ഭൂകമ്പതരംഗങ്ങളില്‍ വ്യത്യാസം കാണുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല താനും. അകക്കാമ്പിന്റെ പുറംഭാഗത്തിന് സംഭവിച്ചിട്ടുള്ള ആകൃതിമാറ്റമായിരിക്കാം തരംഗങ്ങളില്‍ വന്നിട്ടുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് പഠിതാക്കളുടെ നിഗമനം. കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായാണ് അകക്കാമ്പിന്റെ രൂപത്തില്‍ മാറ്റം സംഭവിച്ചിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയുടെ അകക്കാമ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പഠനങ്ങളില്‍ ഇത്രയും ഡേറ്റകളുടെ അടിസ്ഥാനത്തോടെ പുറത്തുവന്നിട്ടുള്ള ഒരേയൊരു പഠനമാണ് ജോണ്‍ വിഡേലിന്റെയും കാഷ പട്ടേലിന്റേതുമെന്ന് സയന്‍സ് മാഗസിനില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭൂമിയിലെ ഏറ്റവും നിഗൂഡവും മനുഷ്യന് ഇതുവരെയും ചെന്നെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഭാഗമാണ് ഭൂമിയുടെ അകക്കാമ്പ്. ഭൂമിക്കുള്ളിലൂടെ കടന്നുപോകുന്ന തരംഗങ്ങളിലൂടെ മാത്രമാണ് അകക്കാമ്പിനെക്കുറിച്ചുള്ള പഠനങ്ങള്‍ സാധ്യമാകുന്നത്. നിരവധി അദ്ഭുതാവഹമായ വസ്തുതകളാണ് ഈ കാലയളവിനിടയില്‍ അകക്കാമ്പിനെക്കുറിച്ച് മനുഷ്യന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ഭൂമിക്കുള്ളില്‍ സ്വതന്ത്രമായി കറങ്ങുന്ന മറ്റൊരു ഗോളമായാണ് അകക്കാമ്പ് സ്ഥിതി ചെയ്യുന്നത് എന്ന തിരിച്ചറിവ്. അതിനുശേഷം അകക്കാമ്പ് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്, അതിന്റെ കറക്കം നിലച്ചു എന്നതിന്റെ പേരിലായിരുന്നു. എന്നാല്‍, ശരിക്കും അകക്കാമ്പിന്റെ ഭ്രമണം നിലയിക്കുകയല്ല, മറിച്ച് അതിന്റെ വേഗതയില്‍ വരുന്ന ക്രമാതീതമായ ഏറ്റക്കുറച്ചിലുകളാണ് അത്തരം ഒരു ചിന്താക്കുഴപ്പത്തിന് കാരണമായത് എന്ന് ശാസ്ത്രജ്ഞന്മാര്‍ പിന്നീട് കണ്ടെത്തിയിരുന്നു.
ഭൂമിയുടെ ഭ്രമണത്തെക്കാള്‍ കൂടിയ വേഗത്തിലും തീരെ കുറഞ്ഞ വേഗത്തിലുമെല്ലാം അകക്കാമ്പിന്റെ ഭ്രമണം നടക്കുന്നു എന്നായിരുന്നു ഇതുമായി പിന്നീട് നടത്തിയിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ, ഭൂമിയുടെ കറക്കത്തിന്റെ വേഗതയേക്കാള്‍ കൂടിയ വേഗത്തിലായിരുന്നു അകക്കാമ്പ് കറങ്ങിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി അകക്കാമ്പിന്റെ കറക്കത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇടയ്ക്ക് ഇത് വിപരീതദിശയില്‍ കറങ്ങുന്നതായും കണ്ടെത്തിയിരുന്നു. അകക്കാമ്പിന്റെ ആകൃതിയില്‍ ഉണ്ടായിട്ടുള്ള വ്യത്യാസത്തിന്റെ ഭാഗമായിട്ടായിരിക്കാം ഈ വേഗതക്കുറവും സംഭവിച്ചിരിക്കുക എന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവര്‍ അനുമാനിക്കുന്നത്.
ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും സൂര്യനില്‍നിന്നുള്ള ഹാനികരമായ കിരണപ്രസരണങ്ങളെ പ്രതിരോധിക്കുന്നതിലും ഇതിലൂടെ ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിലും അകക്കാമ്പ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ, അകക്കാമ്പ് ഭൂമിക്ക് ചുറ്റും സൃഷ്ടിക്കുന്ന ഈ കാന്തികസുരക്ഷാ മണ്ഡലം ഇല്ലാതാകുന്ന പക്ഷം ഭൂമി, സൂര്യനില്‍ നിന്നുള്ള ഹാനികരമായ കിരണങ്ങളേറ്റ് കത്തിക്കരിഞ്ഞ് പോകുകയും ചൊവ്വയ്ക്ക് സമാനമായി മാറുകയും ചെയ്യും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തികസുരക്ഷാ മണ്ഡലം നഷ്ടപ്പെട്ടതോടെയാണ് ചൊവ്വ ഇന്നുകാണുന്ന തരത്തിലുള്ള രൂപാന്തരത്തിന് വിധേയമായത് എന്നത് ശാസ്ത്രം നേരത്തേ കണ്ടെത്തിയിട്ടുള്ള വസ്തുതയാണ്.
അകക്കാമ്പിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഭൂമിക്ക് ചുറ്റുമുള്ള കാന്തികസുരക്ഷാ മണ്ഡലത്തെ ദോഷകരമായി ബാധിക്കുമെന്നത് ശരിയാണെന്നിരിക്കെ, ചൊവ്വയുടെ വിധിയായിരിക്കുമോ ഭൂമിയേയും കാത്തിരിക്കുന്നത് എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. അങ്ങനെ സംഭവിച്ചാല്‍, അത് ഭൂമിയില്‍ ജീവജാലങ്ങളുടെ അന്ത്യത്തിലേക്കായിരിക്കും നയിക്കുക. അതേസമയം, അത്തരത്തിലൊരു മാറ്റത്തിന് ഭൂമി വിധേയമാകുമെങ്കില്‍ തന്നെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കും അങ്ങനെ സംഭവിക്കുക എന്നതാണ് ആശ്വസിക്കാനുള്ള വക നല്‍കുന്നത്. എന്നാല്‍, ആ സമയമാകുമ്പോഴേക്കും ഭൂമിയെ സൂര്യന്‍ വിഴുങ്ങിയിട്ടുണ്ടാവും എന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlights: earths inner core shape is changing reason and how will if affect mankind
Published: 15 Feb 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented