ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണംനിലച്ചു, വിപരീതദിശയില്‍ പുനരാരംഭിച്ചു?; പഠനറിപ്പോര്‍ട്ടുമായി ഗവേഷകർ


ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രം, ഐഎസ്ആർഒ പ്രസിദ്ധപ്പെടുത്തിയത് | Photo : PTI

ഭൂമിയുടെ അകക്കാമ്പി (inner core) ന്റെ ഭ്രമണം തെല്ലിട നിലച്ചതായും ചലനദിശയില്‍ വ്യത്യാസം സംഭവിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. 2009-ലാണ് അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഒരിടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അകക്കാമ്പ് ഒരു ഊഞ്ഞാല്‍ പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതായാണ് ഗവേഷകർ കരുതുന്നത്. ആറ്-ഏഴ് പതിറ്റാണ്ടുകൊണ്ടാണ് അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകുന്നത്. അതായത്, 35 വര്‍ഷംകൂടുമ്പോള്‍ ചലനദിശ വ്യത്യാസപ്പെടും. ഇതിനുമുമ്പ് 1970-ല്‍ ഇത്തരത്തില്‍ ചലനദിശ വ്യത്യാസപ്പെട്ടതായും ഇനി 2040-ല്‍ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യി യാങ്, ഷിയാവോദോങ് സോങ് എന്നീ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇരുവരും.

എന്താണ് ഭൂമിയുടെ അകക്കാമ്പ്?
ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്- ക്രസ്റ്റ് (crust) അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം (mantle), കോര്‍ അഥവാ അകക്കാമ്പ് (core). ഇതില്‍ അകക്കാമ്പിന്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് (outer core) എന്ന് പറയുന്നു. പ്രധാനമായും നിക്കല്‍, ഇരുമ്പ്‌ എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്. ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു.

നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി (പുറക്കാമ്പ്)ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്തവേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.

ഭൂകമ്പതരംഗങ്ങളുടെ പഠനത്തിനിടെ 1936-ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7,000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ല്‍ നേച്ചര്‍ നടത്തിയ തുടര്‍പഠനത്തില്‍ ഭൂകമ്പതരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.

അകക്കാമ്പിന്റെ ചലനദിശയ്ക്ക് ഭൂമിയുടെ ദിനചര്യയുമായുള്ള ബന്ധമെന്ത്?

അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിനദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തികപ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്.

ഭൂമിയുടെ വ്യത്യസ്തപാളികളുടെ പരസ്പരബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണസമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പഠനസംഘം പറയുന്നു.

ഭൂകമ്പമോ അഗ്നിപര്‍വതസ്‌ഫോടനമോ സംഭവിക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ ഭൗമാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് നാം ചിലപ്പോഴെങ്കിലും ഓര്‍മിക്കുന്നത്. ഭ്രമണവും പരിക്രമണവും പോലെ ഭൂമിയുടെ ഉള്‍ഭാഗത്തും നിരന്തരം ചലനമുണ്ടാകുന്നുണ്ട്. അകക്കാമ്പ് അഥവാ കോറില്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ആനുകാലികചലനങ്ങള്‍ ഭൗമോപരിതലത്തിന്റെ പരിസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭ്രമണദിശയിലുണ്ടാകുന്ന വ്യത്യാസം ഭൂമിക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഭീഷണിയുയര്‍ത്താനിടയില്ലെന്നാണ് വിദഗ്ധര്‍ നിലവില്‍ കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.

Content Highlights: Earth’s Core Has Stopped, May Be Reversing Direction, Study Says, Rotation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented