''അനന്തമജ്ഞാതമവർണനീയം
ഈ ലോകഗോളംതിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തുകണ്ടു''

(നാലാപ്പാട്ട് നാരായണമേനോൻ)

To advertise here,

നാലാപ്പാടൻ ഈ ലോകഗോളത്തെക്കുറിച്ച് അന്തിച്ചിരുന്ന കാലത്ത് അതിന്റെ പല സവിശേഷതകളും നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. അറിഞ്ഞതുതന്നെ ആളുകളിൽ എത്തിയിട്ടുമുണ്ടായിരുന്നില്ല. ശാസ്ത്രലോകം അറിവുകളുടെ അത്ഭുതച്ചെപ്പുകൾ ഓരോന്നായി തുറന്നതോടെ, അനന്തമായ ആശ്ചര്യങ്ങളുടെ കലവറയാണ് നമ്മുടെ ഭൂമിയെന്ന് ഇന്ന് നമുക്കറിയാം. അതിലെ സസ്യ-ജീവജാലങ്ങളും അവയുടെ ജീവിതവും മാത്രമല്ല, ഭൂമിതന്നെ ഒരു അത്ഭുതഗോളമാണ്. അതിലെ ഓരോ ഇഞ്ചും കൗതുകങ്ങളുടെ ഭൂമികയാണ്.

മുതിർന്നിട്ടില്ല,ഇപ്പോഴും വളരുന്നു ഹിമാലയം

ഇപ്പോഴും യൗവനം വിട്ടിട്ടില്ലാത്ത പർവതനിരകളാണ് ഹിമാലയനിരകൾ എന്നുപറഞ്ഞാൽ വിശ്വസിക്കുമോ..? അത് ഇപ്പോഴും വളർന്നുകൊണ്ടേ ഇരിക്കുന്നു എന്നുപറഞ്ഞാലോ..? ഭൂമിയിലെ ഏറ്റവും പുതിയ പർവതമായ ഹിമാലയത്തിന്റെ ജനനകഥ ഏറെ രസകരമാണ്. അതിന് ഭൂഖണ്ഡങ്ങളുടെ കഥകളുമായി ബന്ധമുണ്ട്.

ഇന്ന് ഇന്ത്യ ഏഷ്യാഭൂഖണ്ഡത്തിലാണല്ലോ. എന്നാൽ 20 കോടി വർഷം മുൻപ് നമ്മുടെ രാജ്യം ഗോണ്ട്വാനാ എന്ന മഹാഭൂഖണ്ഡത്തിലായിരുന്നു. കാടുപിടിച്ചുകിടക്കുന്ന ആഫ്രിക്കയും മഞ്ഞുമൂടിക്കിടന്ന അന്റാർട്ടിക്കയും ദക്ഷിണ അമേരിക്കയുമെല്ലാം ഉണ്ടായിരുന്ന ഭൂഭാഗത്തിൽ. അതായത് ഭൂമിയുടെ മറ്റൊരു പൊളിയായ ദക്ഷിണാർധ ഗോളത്തിൽ. പിന്നീട് ഒരു 13,12 കോടി വർഷം മുൻപ് ഇന്ത്യയുൾപ്പെടെയുള്ള ഭൂഭാഗം നിലകൊള്ളുന്ന ടെക്റ്റോണിക് പ്ലേറ്റ് ഗോണ്ട്വാനയിൽ നിന്ന് പിളർന്നു. ഭൂമിക്കുള്ളിൽ മാഗ്മയിൽ ഒഴുകിക്കൊണ്ടിരിക്കുന്നതാണ് ഈ പ്ലേറ്റുകൾ. അത് സ്ഥാനം മാറുന്നതിനനുസരിച്ച് മുകൾപ്പരപ്പിലെ ഭൂഭാഗവും സ്ഥാനം മാറും. അങ്ങനെ സ്ഥാനംമാറിയ ഈ ഭൂഭാഗം അതിവേഗത്തിൽ വടക്കോട്ട് നീങ്ങി. ഒരു അഞ്ചോ ആറോ കോടി വർഷം മുൻപ് ഈ പ്ലേറ്റ് യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചു. ഇടിയെന്നുപറഞ്ഞാൽ ഒരു കാർ ബസ്സിനെ ഇടിക്കുന്നതു പോലെയൊന്നും മനസ്സിൽ കാണരുത്. കോടിക്കണക്കിന് വർഷം നീണ്ടുനിന്ന ഒരു ഇടിയായിരുന്നു അത്. ആ മർദത്തിന്റെ ഭാഗമായി ടെത്തിസ് കടലിന്റെ അടിത്തട്ട് മുകളിലേക്ക് ഞെരിഞ്ഞുയർന്നു. ഉയർന്നു എന്നല്ല, ഉയർന്നുകൊണ്ടിരിക്കുന്നു എന്നുപറയണം. അങ്ങനെ ഭൂമിക്കു മുകളിലേക്ക് ഉയർന്ന ഭൂഭാഗമാണ് ഇന്നു നാം കാണുന്ന ഹിമാലയം. വർഷത്തിൽ നാലോ അഞ്ചോ സെന്റിമീറ്റർ വരെ ഇന്ത്യൻ പ്ലേറ്റ് യൂറേഷൻ പ്ലേറ്റിലേക്ക് തള്ളിക്കയറുന്നുണ്ട്. അതിന്റെ ഭാഗമായി വർഷത്തിൽ ഒരു സെന്റിമീറ്ററോളം ഹിമാലയം ഉയർന്നുകൊണ്ടിരിക്കുന്നു. ഹിമാലയത്തിന് മുകളിൽനിന്ന് ഇപ്പോഴും നമുക്ക് സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ ലഭിക്കാറുണ്ട്. ഹിമാലയത്തിൽ കയറുന്നവർക്ക് തങ്ങൾ നിൽക്കുന്നത് ഒരു പുരാതന കടലിന്റെ നടുവിലാണെന്ന കാര്യം അറിയുമോ ആവോ..

എവറസ്റ്റിനേക്കാൾ ഉയരമുള്ള കൊടുമുടി

ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ഏതാണ്? സ്‌കൂളിൽ പഠിക്കുന്നവർപോലും എളുപ്പത്തിൽ ഉത്തരംപറയും എവറസ്റ്റ് എന്ന്. എന്നാൽ ശരിക്കും ഉയരംകൊണ്ട് ഏറ്റവും ഉന്നതൻ എവറസ്റ്റല്ല, ഹവായി ദ്വീപസമൂഹങ്ങളിലെ ബിഗ് ഐലൻഡ് എന്ന ദ്വീപിലുള്ള മൗന കിയ (Mouna Kea) എന്ന പർവതമാണ്. ഹവായി ഭാഷയിൽ വെളുത്തപർവതം എന്നാണ് ഇതിനർഥം. കൂടുതൽ സമയവും മഞ്ഞണിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് മൗന കിയ ഏറ്റവും വലിയ കൊടുമുടിയാവുന്നത്. എവറസ്റ്റിന്റെ ഉയരം കടൽനിരപ്പിൽ നിന്ന് 8849 മീറ്ററാണെങ്കിൽ മൗന കിയയുടേത് 4202 മീറ്ററാണ്. എന്നാൽ, മൗനയുടെ ഉപരിതലം മാത്രമേ നാം കാണുന്നുള്ളൂ. ശരിയായ 'വേരു' കിടക്കുന്നത് അങ്ങ് കടലിനടിയിലാണ്. കടലിന്റെ അടിത്തട്ടിൽ നിന്ന് തുടങ്ങുന്ന ഈ പർവതത്തിന്റെ ശരിക്കുള്ള ഉയരം അളന്നാൽ 10200 മീറ്റർ വരും.

കടലിനടിയിൽ ഏകദേശം പത്തുലക്ഷം വർഷം മുൻപുണ്ടായ അഗ്നിപർവതസ്ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ട പർവതമാണ് മൗന. ലാവ ഘട്ടംഘട്ടമായി അടിഞ്ഞുകൂടി അടിത്തട്ടിൽ നിന്ന് ഉയർന്നുയർന്നു വരികയായിരുന്നു. അവസാന ലാവാപ്രവാഹമുണ്ടായത് നാലായിരം വർഷം മുൻപാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇപ്പോൾ ഉറങ്ങുന്ന അഗ്നിപർവതങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിട്ടുള്ളതെങ്കിലും അങ്ങനെ എക്കാലവും ഉറങ്ങിക്കിടക്കുന്ന പാവമാണെന്നൊന്നും കരുതിക്കൂടാ എന്ന മുന്നറിയിപ്പുമുണ്ട്. എന്തായാലും ഇതിനു മുകളിൽ ഒട്ടേറേ ദൂരദർശിനികൾ സ്ഥാപിച്ചിട്ടുണ്ട്. മേഘങ്ങളുടേയും മറ്റും തടസ്സമില്ലാതെ ഏറ്റവും വ്യക്തമായി ആകാശദർശനം സാധ്യമാകുമെന്നതിനാലാണിത്. മാത്രമല്ല, ഈ കൊടുമുടിയിൽ നിന്ന് ഭൂമിയുടെ വളവ് (curvature of the earth) വ്യക്തമായി കാണാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്.

കടലിനടിയിലും വെള്ളച്ചാട്ടം

ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേതാണെന്ന് ചോദിച്ചാൽ ഏതൊരാളും പറയുക ഏഞ്ചൽ ഫാൾസ് എന്നും നയാഗ്ര എന്നുമൊക്കെയായിരിക്കും. എന്നാൽ ശരിക്കും ഏറ്റവും വലിയ വെള്ളച്ചാട്ടം നമുക്ക് കാണാൻ സാധിക്കാത്ത വിധം കടലിനടിയിലാണുള്ളത്. അത് സ്ഥിതിചെയ്യുന്നത് ഗ്രീൻലൻഡിനും ഐസ്​ലൻഡിനും ഇടയിലുള്ള ഡെൻമാർക്ക് കടലിടുക്കിലാണ്.

കടലിനടിയിലെങ്ങനെ വെള്ളച്ചാട്ടം എന്ന സംശയമുണ്ടാവാം. അതിന് കാരണം വെള്ളത്തിന്റെ സാന്ദ്രതയിലെ വ്യത്യാസമാണ്. ആർട്ടിക് മേഖലയിലെ വെള്ളം നന്നായി തണുത്തതായതിനാൽ സാന്ദ്രതകൂടും. തെക്കുഭാഗത്തു നിന്നുള്ള വെള്ളത്തിന് തണുപ്പുകുറഞ്ഞതിനാൽ സാന്ദ്രത കുറവുമായിരിക്കും. അതുകൊണ്ട് ഭാരമുള്ള തണുത്ത ജലം വലിയ അളവിൽ താഴേക്ക് പതിക്കും. ഇത് പതിക്കുന്നതാണെങ്കിൽ കടലിനടിയിലെ ഉയരമുള്ള പർവതസമാനമായ ഒരു ഭാഗത്തു നിന്നാണ് താനും. ഗുരുത്വാകർഷണമാണ് യഥാർത്ഥത്തിൽ ഈ വെള്ളച്ചാട്ടത്തിന് കാരണം. കരയിൽ കാണുന്ന വെള്ളച്ചാട്ടംപോലെയാണ് ഇതെന്ന് ധരിക്കരുത്. വെള്ളത്തിനടിയിൽ തണുത്ത വെള്ളം അതിശക്തമായി താഴേക്ക് പതിക്കുന്നതാണ് സംഭവം. അതേസമയം ഇതിന് 3500 മീറ്റർ ഉയരവുമുണ്ട്. ആഫ്രിക്കയിലെ ഏഞ്ചൽ ഫാൾസിന് 979 മീറ്ററും നയാഗ്ര വെള്ളച്ചാട്ടത്തിന് വെറും 52 മീറ്ററും മാത്രമേ ഉയരമുള്ളൂ. സെക്കൻഡിൽ 3-5 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇങ്ങനെ താഴേക്ക് ഒഴുകുന്നതെന്ന് പറഞ്ഞാൽ അതിന്റെ വലിപ്പം ഊഹിക്കാം. 1950-60 കാലത്താണ് ഈ കടൽ വെള്ളച്ചാട്ടത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നത്.

കടലും കാടുമായിരുന്ന സഹാറാ മരുഭൂമി

ലോകത്തിലെ ഏറ്റവും വലിയ ചൂടൻ മരുഭൂമി വടക്കേ ആഫ്രിക്കയിലെ സഹാറയാണെന്ന് എല്ലാവർക്കും അറിയാം. ഏകദേശം ചൈനയുടെ അതേ വലിപ്പം ഈ മരുഭൂമിക്കുണ്ട്. ഭൂമിയുടെ കരവലിപ്പത്തിന്റെ എട്ടു ശതമാനത്തോളം. എന്നാൽ, ഈ മരുഭൂമി ഒരു കാലത്ത് കടലും പിന്നെ കുറേക്കാലം കാടുമായിരുന്നുവെന്ന് എത്രപേർക്കറിയാം.

145-66 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സഹാറയുടെ പലമേഖലകളും കടലിനടിയിലായിരുന്നു. അതായത് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ. അതിന്റെ അടയാളങ്ങളായി കടൽജീവികളായ കടൽച്ചിപ്പികൾ, അമോണൈറ്റുകൾ, പവിഴപ്പുറ്റുകൾ, സ്രാവുകളുടേയും തിമിംഗിലങ്ങളുടേയും അവശിഷ്ടങ്ങൾ എല്ലാം കണ്ടെത്തിയിട്ടുണ്ട്. പലതരം സമുദ്രാന്തർഭാഗ ശിലകളും കണ്ടെത്തി. പിന്നീട് ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് കടൽ മെല്ലെ പിൻവലിഞ്ഞു. 30-50 ദശലക്ഷം വർഷം മുൻപ് കുറേ തടാകങ്ങളും നദികളും മണൽമേടുകളും മാത്രം അവശേഷിച്ചു. കാലം അവിടെയും നിന്നില്ല. 14,500-5500 വർഷം മുൻപ് സഹാറ പച്ചപ്പട്ടണിഞ്ഞുകിടന്നു. പുൽമേടുകളും കാടും നദികളുമൊഴുകിയ സമൃദ്ധമായ ഹരിതഭൂമി. അവിടെ ആനകളും ഹിപ്പോകളും ജിറാഫുമെല്ലാം നിർബാധം വിഹരിച്ചു. അന്നത്തെ മനുഷ്യർ അതിനെയൊക്കെ വേട്ടയാടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ തടാകമായ ചാഡ് അവിടെയായിരുന്നു. ഇന്നത്തെ ചാഡിനേക്കാൾ എത്രയോ ഇരട്ടി വലിപ്പം.

പിൽക്കാലത്ത് ഭൂമിയുടെ ഭ്രമണപഥത്തിലെ ചില സവിശേഷതകൾ കാരണം മൺസൂൺ ലഭ്യതയിൽ വലിയ കുറവുണ്ടായി. ദീർഘ വൃത്താകൃതിയിലെ ഭ്രമണവും അച്ചുതണ്ടിന്റെ ചെരിവുമെല്ലാം മാറുന്നതിനനുസരിച്ച് ഈ പ്രശ്നം കൂടിക്കൂടി വന്നു. മഴയും ഒപ്പം പച്ചപ്പും കുറഞ്ഞുകൊണ്ടിരുന്നു. തടാകങ്ങൾ ഓരോന്നായി വറ്റിത്തുടങ്ങി. വന്യജീവികളെല്ലാം ഘട്ടം ഘട്ടമായി തെക്കോട്ട് നീങ്ങി. മനുഷ്യരും നൈൽ നദീതടങ്ങളിലേക്കും പടിഞ്ഞാറൻ ആഫ്രിക്കയിലെ നദീതീരങ്ങളിലേക്കും പലായനം തുടങ്ങി. അങ്ങനെ നൂറ്റാണ്ടുകൾ കൊണ്ടാണ് സഹാറ ഇന്നുകാണുന്ന മരുഭൂമിയായി മാറിയത്. അതുകൊണ്ടുതന്നെ എക്കാലവും ഇത് ഇങ്ങനെത്തന്നെ തുടരണമെന്നില്ല. പഴയ പച്ചപ്പിലേക്ക് സഹാറ തിരിച്ചുപോവാനും സാധ്യതയുണ്ട്.

ഒരു നദിക്കുതാഴെ മറ്റൊരു നദി

കേൾക്കുമ്പോൾത്തന്നെ കൗതുകമുള്ള വിഷയമാണിത്. ഒരു നദിക്കു താഴെ മറ്റൊരു നദിയെന്ന കാണാക്കാഴ്ചയുള്ളത് ആമസോണിലാണ്. ആമസോൺ നദിക്കു താഴെയായിട്ടാണ് മറ്റൊരു നദിയുള്ളതായി ഗവേഷകസംഘം കണ്ടെത്തിയത്. താഴെ എന്നു പറഞ്ഞാൽ കുറച്ചൊന്നുമല്ല, മൂന്നോ നാലോ കിലോമീറ്റർ താഴെ! ആറായിരം കിലോമീറ്ററോളം നീളത്തിൽ കിടക്കുന്നുവെന്നാണ് കണ്ടെത്തൽ. ഏകദേശം ആമസോൺ നദിക്ക് സമാന്തരമായിത്തന്നെ.

2011 ൽ ബ്രസീലിയൻ ഗവേഷകനായ വാലിയ ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം കണ്ടെത്തി ലോകത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെയാണ് ആ നദിക്ക് അദ്ദേഹത്തിന്റെ പേരുനൽകിയതും. എണ്ണക്കിണറുകളിലെ താപനിലയെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് ഈ ഭൂഗർഭജലപ്രവാഹം കണ്ടെത്തുന്നത്. എന്നാൽ, ഇതിനെ നദിയെന്നൊക്കെ വിളിക്കാമോ എന്ന കാര്യത്തിൽ ഇന്നും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. വലിയൊരു ജലപ്രവാഹമാണിത്. വളരെ കുറഞ്ഞ വേഗത്തിലേ ഒഴുകുന്നുള്ളൂ. ആമസോൺ ആണെങ്കിൽ അതിവേഗത്തിലൊഴുകുന്ന നദിയാണ്. 2011 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന സൊസൈറ്റി ഓഫ് എക്സ്പ്ലൊറേഷൻ ജിയോഫിസിസിസ്റ്റ്സ് സമ്മേളനത്തിൽ ഹംസയും സംഘവും ഈ പഠനഫലങ്ങൾ അവതരിപ്പിച്ചിരുന്നു.

അഗ്നിപർവതം പൊട്ടിയാൽ ഭൂമി തണുക്കുമോ?

കേൾക്കുമ്പോൾ ഇതെന്തു കൂത്ത് എന്ന് തോന്നാം. കടുത്തചൂടിൽ ഉരുകിയിളകി മറിയുന്ന ലോഹങ്ങളും പാറകളും എങ്ങനെയാണ് ഭൂമിയെ തണുപ്പിക്കുന്നത്? അതിന് കാരണമുണ്ട്. അഗ്നിപർവതം പൊട്ടിയാൽ ലാവക്കു പുറമേ സൾഫർ ഡയോക്സൈഡ്, ചാരം, മറ്റു വാതകങ്ങൾ എന്നിവകൂടി പുറത്തുവരും. ഇത് അന്തരീക്ഷത്തിലേക്ക് ഉയരും. സൾഫർ ഡയോക്സൈഡ് മേഘവുമായി ചേർന്ന് ചെറു സൾഫ്യൂറിക് ആസിഡ് കണങ്ങളായിമാറും. ഈ കണങ്ങൾ സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കടക്കുന്നത് തടഞ്ഞ് ബഹിരാകാശത്തിലേക്കുതന്നെ തിരിച്ചുവിടും. അതോടെ ഭൂമിയുടെ ഉപരിതലം തണുക്കാൻ തുടങ്ങും. ആഗോളതാപനത്തെപ്പോലും വലിയ തോതിൽ കുറക്കുന്ന പ്രക്രിയയാണിത്.

ഇതൊന്നും വെറുതേ കഥ പറയുന്നതല്ല. 1991 ൽ ഫിലിപ്പീൻസിലെ മൗണ്ട് പിനാറ്റുബോ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ഈ പ്രക്രിയ നടന്ന് ആഗോളതാപനം 0.4 മുതൽ 0.6 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ഇരുപത് ദശലക്ഷം ടൺ സൾഫർ ഡയോക്സൈഡ് ആണത്രെ അന്ന് അന്തരീക്ഷത്തിലെത്തിയത്. 1815 ൽ ഇൻഡൊനീഷ്യയിലെ മൗണ്ട് ടംബോറ പൊട്ടിത്തെറിച്ചതിന്റെ ഫലമായി വേനലില്ലാക്കാലമാണ് അവിടെ ഉണ്ടായത്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ജൂൺമാസത്തിലും മഞ്ഞുവീഴ്ചയായിരുന്നു. ഇതിന്റെ ഭാഗമായി വിളനാശവും ഭക്ഷ്യക്ഷാമവുമുണ്ടായി എന്നത് വേറേ കാര്യം. 1883 ൽ ക്രാക്കറ്റോവ പൊട്ടിത്തെറിച്ചപ്പോഴും അന്തരീക്ഷ താപം ഏറെ കുറഞ്ഞു. എന്നാൽ, എല്ലാ അഗ്നിപർവത സ്ഫോടനവും ഭൂമിയെ തണുപ്പിക്കില്ല. വലിയ അളവിൽ സൾഫർ ഡയോക്സൈഡ് പുറന്തള്ളപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.