ഭൂമിയുടെ അകക്കാമ്പ് ദിശ മാറി കറങ്ങുന്നോ; ഭൂമിയുടെ ഭ്രമണം നിലയ്ക്കുമോ? വാസ്തവം എന്ത്?


Pocket Science | ശ്രീനിധി കെ.എസ്Premium

pinterest, CC BY-SA 4.0 , via Wikimedia Commons

'ഭൂമിയുടെ അകക്കാമ്പില്‍ സംഭവിച്ചത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും' , 'ഭൂമിയുടെ അകക്കാമ്പ് നിലച്ചു-ഇനി കറക്കം വിപരീത ദിശയില്‍' ഇങ്ങനെ പലവിധങ്ങളായ വാർത്താ തലക്കെട്ടുകൾ നിങ്ങൾ കണ്ടുകാണും. അരുതാത്തതെന്തോ സംഭവിച്ചു എന്ന ധ്വനിയിലുള്ള വാർത്തകൾ. എന്താണ് ഇതിലെ വാസ്തവം. നമ്മൾ മനുഷ്യരടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങൾ ഈ സംഭവ വികാസത്തിൽ ആശങ്കാകുലരാവേണ്ടതുണ്ടോ ? എന്താണിതിലെ കാര്യം? വിശദമാക്കാം.

ഭൂമിയും അകക്കാമ്പും

ഭൂമിയെ ഒരു ഗോളമായി ഏകദേശം സങ്കല്പിച്ചാല്‍, 6371 കിലോമീറ്റര്‍ ആണ് അതിന്റെ ആരം (radius). ഗോളത്തിനു പ്രധാനമായും നാല് പാളികള്‍-ഭൂവല്‍ക്കം (crust), മാന്റില്‍ (mantle), പുറക്കാമ്പ് (outer core), അകക്കാമ്പ് (inner core) എന്നിങ്ങനെ. ഏറ്റവും ഉള്ളിലെ പാളി ആയ അകക്കാമ്പിനെ കുറിച്ചുള്ള പഠനങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ കാല്‍ച്ചുവട്ടില്‍ നിന്നും ഏകദേശം 5150 കിലോമീറ്റര്‍ താഴെ ആണ് അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിയുടെ ഒത്ത നടുക്ക് ഏകദേശം 1220 കിലോമീറ്റര്‍ ആരമുള്ള ഒരു ഗോളം. (ചിത്രം കാണുക). ഏകദേശം നമ്മുടെ പ്ലൂട്ടോയുടെ വലിപ്പം വരും ഇത്. പ്രധാനമായും ഖരരൂപത്തില്‍ ഉള്ള ഇരുമ്പും നിക്കലും ആണ് അകക്കാമ്പില്‍ കാണുന്നത്. 1936ലാണ് ഭൂമിയുടെ ഏറ്റവും അകത്ത് ഇങ്ങനെയൊരു ലോഹപ്പന്ത് ഉണ്ടെന്ന് കണ്ടെത്തുന്നത്.

ഈ അകക്കാമ്പിന്റെ പുറത്തുള്ള പാളിയായ പുറക്കാമ്പിലും പ്രധാനമായും ഇരുമ്പും നിക്കലും തന്നെയാണ്. പക്ഷെ അകക്കാമ്പില്‍ നിന്ന് വ്യത്യസ്തമായി പുറക്കാമ്പ് ദ്രവാവസ്ഥയില്‍ ആണ്. അതായത് മറ്റ് പാളികളില്‍ നിന്നും അകക്കാമ്പിനെ ദ്രവാവസ്ഥയില്‍ ഉള്ള പുറക്കാമ്പ് വേര്‍തിരിക്കുന്നു എന്നും പറയാം. ഈ പുറക്കാമ്പിലെ ഒഴുക്ക് ആണ് ഭൂമിയുടെ കാന്തികതക്ക് കാരണം ആകുന്നത് എന്നതാണ് സത്യം. കാന്തികത ഉണ്ടാക്കുന്നത് പുറക്കാമ്പ് ആണെങ്കിലും അതില്‍ അകക്കാമ്പിനും ചെറുതല്ലാത്ത പങ്കുണ്ട് എന്നത് മറ്റൊരു സത്യം. അതിലേക്കൊന്നും ഇപ്പോള്‍ കടക്കേണ്ട!

ഭൂമി, ഒരു സാങ്കല്പിക അച്ചുതണ്ട് അനുസരിച്ചു ഭ്രമണം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് നമുക്ക് രാവും പകലും ഉണ്ടാകുന്നതെന്നും അറിയാത്തവര്‍ ഉണ്ടാവില്ല. അങ്ങനെ സ്വയം കറങ്ങുന്ന ഭൂമിക്കുള്ളിലെ അകക്കാമ്പ്, ഈ ഭൂമിയുടെ കറക്കത്തില്‍ നിന്നും വ്യത്യസ്തമായി, ഏറെക്കുറെ സ്വതന്ത്രമായി ആണ് ഭ്രമണം ചെയ്യുന്നത്. ചുറ്റും ഉള്ള പുറക്കാമ്പ് ദ്രവാവസ്ഥയില്‍ ആയത് കൊണ്ടാണ് ബാക്കി പാളികളില്‍ നിന്നും വ്യത്യസ്തമായി കറങ്ങാന്‍ അകക്കാമ്പിനു സാധിക്കുന്നത് എന്നാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഈ അകക്കാമ്പിന്റെ കറക്കം കുറെ ശാസ്ത്രജ്ഞരുടെ ഉറക്കം കളയുന്ന ഒരു കടങ്കഥ ആണ്.

ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള പഠനം പറയുന്നത് 2009-നോട് അടുത്ത് അകക്കാമ്പിന്റെ ഈ കറക്കത്തില്‍ ചില മാറ്റങ്ങള്‍ വന്നു എന്നാണ്. മറ്റ് പാളികളെ സംബന്ധിച്ചു അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശ ചെറുതായി മാറിയിട്ടുണ്ട് എന്നാണു നിരീക്ഷണം. പഠനം പൊതുമാധ്യമങ്ങളില്‍ വ്യാഖ്യാനിക്കുന്നതോ 'അകക്കാമ്പ് കറക്കം നിര്‍ത്തി. വിപരീതദിശയില്‍ കറങ്ങാന്‍ തുടങ്ങി' എന്നൊക്കെ ആണ്. വിശദാംശങ്ങളിലേക്ക് വരാം.

അകക്കാമ്പിനെ കുറിച്ച് പഠിക്കുന്നതെങ്ങനെ?

ഭൂചലനങ്ങള്‍ നടക്കുമ്പോള്‍ പല തരം തരംഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവ ഭൂമിയുടെ വിവിധ പാളികളിലൂടെ സഞ്ചരിക്കാറുമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ തരംഗങ്ങള്‍ രേഖപ്പെടുത്തുകയും അവയെ അപഗ്രഥിക്കുകയും ചെയ്യും. ഭൂമിയുടെ ഉള്ളിലെ പാളികളെ കുറിച്ച് പ്രധാനമായും പഠിക്കുന്നത് ഇങ്ങനെയാണ്. ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം.

പ്രതീകാത്മകചിത്രം | Photo: AP

മേശപ്പുറത്ത് രണ്ട് ഗ്ലാസ് വച്ചിട്ടുണ്ടെന്നു കരുതുക. ഒന്നില്‍ വെള്ളം നിറച്ചിട്ടുണ്ട്. മറ്റേത് ശൂന്യം (ശരിക്കും ശൂന്യമല്ല, അതില്‍ വായു നിറഞ്ഞിരിക്കുന്നു.) ഒരു സ്പൂണ്‍ കൊണ്ട് രണ്ട് ഗ്ലാസില്‍ തട്ടിയാലും ഉണ്ടാകുന്ന ശബ്ദങ്ങള്‍ പല തരത്തില്‍ ആയിരിക്കും, അല്ലെ? ഈ ഗ്ലാസുകള്‍ ഇരിക്കുന്ന മേശപ്പുറത്ത് തട്ടിയാല്‍ വേറെ തരം ശബ്ദം. മേശ ഇരിക്കുന്ന തറയില്‍ തട്ടിയാല്‍ വേറെ ശബ്ദം. അങ്ങനെയങ്ങനെ... അതായത് വസ്തുവിന്റെ പ്രത്യേകതകള്‍ അനുസരിച്ചു ഉണ്ടാകുന്ന ശബ്ദതരംഗങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.

ഇത് ശാസ്ത്രീയമായി കൃത്യമായ ഒരു ഉദാഹരണം അല്ലെങ്കിലും, ഏറെക്കുറെ ഇത് പോലെ ഭൂമിയുടെ പാളികളുടെ പ്രത്യേകതകള്‍ അനുസരിച്ച് ശാസ്ത്രജ്ഞര്‍ ശേഖരിക്കുന്ന ഭൂകമ്പ തരംഗങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ഓരോ പാളികളിലും തട്ടി വരുന്ന അല്ലെങ്കില്‍ അവയിലൂടെ സഞ്ചരിച്ചു വരുന്ന തരംഗങ്ങളില്‍ ആ പാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടാകും എന്നര്‍ത്ഥം. സീസ്‌മോളജിസ്റ്റുകള്‍ (seismologists- ഭൂകമ്പശാസ്ത്രജ്ഞര്‍) ഈ തരംഗങ്ങളെ വിശദമായി പഠിച്ച് ഈ ഉള്‍പ്പാളികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നു.

ഇനി, അകക്കാമ്പിന്റെ കാര്യത്തിലേക്ക് തന്നെ തിരിച്ചു വരാം.

അകക്കാമ്പിന്റെ കറക്കം

നേരത്തെ പറഞ്ഞത് പോലെ, ദ്രവാവസ്ഥയില്‍ ഉള്ള പുറക്കാമ്പിനുള്ളില്‍ അകക്കാമ്പ് സ്വയം കറങ്ങുന്നുണ്ട്. അതായത് ഒരു പ്രത്യേക ദിശയില്‍ ഭ്രമണം ചെയ്യുമ്പോള്‍ ഭൂമിക്കുള്ളില്‍ അകക്കാമ്പ് അതിന്റേതായ രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.

1996ലാണ് അകക്കാമ്പിന്റെ കറക്കത്തിന്റെ വേഗതയിലുള്ള വ്യത്യാസം കണ്ടെത്തിയത്. അതിനു ശേഷം വന്ന ഒരുപാട് പഠനങ്ങളില്‍ അകക്കാമ്പിന്റെ കറക്കം ഭൂമിയുടെ കറക്കത്തെക്കാള്‍ വേഗത്തില്‍ ആണെന്നും പറയുന്നു.

Image by brgfx on Freepik

ഏകദേശം 70 വര്‍ഷങ്ങള്‍ കൂടും തോറും 'മറ്റ് പാളികളെ അപേക്ഷിച്ച്' ഈ അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശ മാറുമത്രേ. 1970കളുടെ തുടക്കത്തില്‍ ആണ് ഇതിനു മുമ്പ് അകക്കാമ്പ് ഇത്തരത്തില്‍ 'ദിശ മാറ്റിയത്'. ഇക്കഴിഞ്ഞ 2009-നോട് അടുത്ത് 'മറ്റ് പാളികളെ അപേക്ഷിച്ച്' അകക്കാമ്പിന്റെ കറക്കം ഏറെക്കുറെ നിന്നു എന്നും അതുവരെ ഉണ്ടായിരുന്നതിന്റെ 'വിപരീതമായ ദിശയില്‍' കറക്കം തുടങ്ങി എന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

ബീജിങ്ങിലെ പെക്കിങ് സര്‍വ്വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയത്. 1960 മുതല്‍ 2021 വരെ ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂചലനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആണ് ഈ പഠനത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. മുന്‍നിര ശാസ്ത്ര ജേണല്‍ ആയ നേച്ചറില്‍ (Nature) ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭൗമ-ഭൗതിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ (geophysicists) ഇത് ചര്‍ച്ചയായിട്ടുണ്ട്.

അകക്കാമ്പിന്റെ കറക്കത്തെ കുറിച്ച് പല വ്യത്യസ്ത പഠനങ്ങള്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതിലും പറയുന്നത് അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശമാറാന്‍ 70 വര്‍ഷങ്ങള്‍ ഒന്നും വേണ്ട, അതിലും കുറച്ച് സമയം മതി എന്നാണ്. എന്തായാലും ഭൂമിയുടെ ഘടനയെ കുറിച്ച് അറിയുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ആണ് അറിയാന്‍ ബാക്കി ഉള്ള കാര്യങ്ങള്‍.

ശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യത്തിലും, കാലാവസ്ഥയിലും, കാന്തികമണ്ഡലത്തിലും ഏതാണ്ട് ഇതേ സമയ ദൈര്‍ഘ്യത്തില്‍ (60-70 വര്‍ഷങ്ങള്‍) ചെറിയ വ്യതിചലനങ്ങള്‍ ചാക്രികമായി ഉണ്ടാകുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍, ഈ മാറ്റങ്ങളും അകക്കാമ്പിന്റെ ഈ മനം മാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും ശാസ്ത്രജ്ഞര്‍ പഠിച്ചു വരുന്നു.

Image by pikisuperstar on Freepik

വാർത്തകളിൽ പറയുന്ന ദിശാമാറ്റത്തിന്റെ വസ്തുത

ഈ ദിശമാറ്റം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. അത്, 'ഇത്ര നാള്‍ വലത്തോട്ട് കറങ്ങി, ഇനി ഇടത്തോട്ട് തിരിയാം, ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത്' എന്ന മട്ടിലുള്ള മാറ്റം ആണെന്ന് കരുതിയോ? എങ്കില്‍ തെറ്റി.

നിങ്ങള്‍ ഒരു ഓട്ടോറിക്ഷയില്‍ തെക്ക് ദിശയിലേക്ക് യാത്ര ചെയ്യുകയാണ് എന്ന് കരുതുക. വേഗത മണിക്കൂറില്‍ ഒരു 40 കിമീ എന്ന് സങ്കല്പിക്കാം. നിങ്ങളുടെ അടുത്തുകൂടെ ഒരു സൈക്കിളില്‍ ഒരാള്‍ സഞ്ചരിക്കുന്നുണ്ട്. അയാളുടെ വേഗത ഏകദേശം മണിക്കൂറില്‍ 12 കിമീ. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ സൈക്കിളിനെ മറികടക്കുമല്ലോ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം സൈക്കിളില്‍ ഇരിക്കുന്ന ആള്‍ പുറകിലോട്ട്, അതായത് വടക്ക് ദിശയിലേക്ക്, ആണ് പോയത്. ഇനി സൈക്കിളിനു പകരം 70km/hr വേഗതയില്‍ ഉള്ള ഒരു കാര്‍ ആയിരുന്നെങ്കിലോ. കാര്‍ നിങ്ങളെ എപ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെന്നു ചോദിച്ചാല്‍ മതി. അതായത് ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം കാര്‍ തെക്ക് ദിശയിലേക്ക് തന്നെ ആണ് പോയത്. പക്ഷെ യഥാര്‍ത്ഥത്തില്‍ റോഡരികില്‍ നില്‍ക്കുന്ന മറ്റൊരാളെ സംബന്ധിച്ച് സൈക്കിളും കാറും എല്ലാം തെക്ക് ദിശയിലേക്ക് തന്നെ ആണല്ലോ പോയത്.

ഏതാണ്ട് ഇത് പോലെ തന്നെ ആണ് അകക്കാമ്പിന്റെ കറക്കത്തിലും സംഭവിക്കുന്നത്. ഭൂമിയുടെ കറക്കത്തിനേക്കാള്‍ വേഗതയില്‍ അകക്കാമ്പ് കറങ്ങുന്നു എന്ന് കരുതുക (Super-rotation). ഭൂമിയെ - അല്ലെങ്കില്‍ ഭൂമിയുടെ പുറം പാളികളെ - സംബന്ധിച്ചിടത്തോളം ആ കറക്കം X എന്ന ദിശയില്‍ ആണ് അനുഭവപ്പെടുന്നത് എന്ന് കരുതുക. ഒരു സമയം എത്തുമ്പോള്‍ അകക്കാമ്പിന്റെ വേഗത കുറഞ്ഞ് ഭൂമിയുടെ കറക്കത്തിന്റെ വേഗതയോട് തുല്യമാകുന്നു (Synced Rotation). അപ്പോള്‍ ഭൂമിയുടെ പുറം പാളികളെ സംബന്ധിച്ച് നോക്കുമ്പോള്‍ അകക്കാമ്പ് നിശ്ചലമാണ്. ഒരേ വേഗതയില്‍ സമാന്തരമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഒരിടത്ത് തന്നെ നില്‍ക്കുന്നതായി തോന്നുന്നത് പോലെ

ഇനി വീണ്ടും വേഗത കുറഞ്ഞ് ഭൂമിയുടെ ഭ്രമണത്തേക്കാള്‍ കുറഞ്ഞ വേഗതയില്‍ (sub-rotation) അകക്കാമ്പ് ഭ്രമണം ചെയ്താലോ? പുറംപാളികളെ അപേക്ഷിച്ചു അകക്കാമ്പ് എതിര്‍ദിശയില്‍ ഭ്രമണം ചെയ്യുന്നതായി തോന്നുന്നു. അതായത് X-ന്റെ വിപരീത ദിശയില്‍ അനുഭവപ്പെടുന്നു (സൈക്കിളോട്ടക്കാരന്റെ ഉദാഹരണം ഓര്‍ക്കുക).

എന്നാല്‍ ഭൂമിയുടെ ഭ്രമണവും അകക്കാമ്പിന്റെ ഭ്രമണവും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നിന്ന് നോക്കുമ്പോള്‍ ഒരേ ദിശയില്‍ തന്നെയാണ് താനും. പക്ഷെ പല വേഗതയില്‍ ആണെന്ന് മാത്രം.

ഇത് തന്നെയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പഠനത്തിലും പറയുന്നത്. അതായത് 2009 - 2010 കാലഘട്ടത്തില്‍ അകക്കാമ്പിന്റെ വേഗത ഭൂമിയുടെ ഭ്രമണത്തിനു ഏകദേശം തുല്യമാവുകയും തുടര്‍ന്ന് അതിനേക്കാള്‍ കുറയുകയുമാണ് ചെയ്തിരിക്കുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വര്‍ഷങ്ങള്‍ എടുത്ത് അകക്കാമ്പ് വലത്തോട്ടും ഇടത്തോട്ടും മാറി മാറി കറങ്ങുകയല്ല. മറിച്ചു വേഗത കൂടുകയും കുറയുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

The core സിനിമയില്‍ പറഞ്ഞത് ഇപ്പോള്‍ സത്യമായോ?

2003ഇല്‍ ഇറങ്ങിയ 'സയന്‍സ് ഫിക്ഷന്‍' സിനിമ The core-ഉമായി പലരും ഇപ്പോഴത്തെ പഠനത്തെ താരതമ്യം ചെയ്യുന്നുണ്ട്. ഭൂമിയുടെ കാമ്പിന്റെ ഭ്രമണം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. ഭൂമിയുടെ കാമ്പിലേക്ക് വലിയൊരു തുരങ്കം ഉണ്ടാക്കി അവിടെ എത്തി ന്യൂക്‌ളിയര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കറക്കം പുനഃസ്ഥാപിക്കുന്നത് ഒക്കെ ആണ് സിനിമയില്‍ കാണിക്കുന്നത്. ആധുനികസയന്‍സുമായി വിദൂരബന്ധം പോലും ഇല്ലാത്ത കഥയാണ് ഇത്. കാമ്പിന്റെ കറക്കത്തിന്റെ കാര്യം മുകളില്‍ വിശദീകരിച്ചുവല്ലോ. കാമ്പിലേക്ക് 'ഡ്രില്‍' ചെയ്ത് എത്തുക എന്നതൊക്കെ മനുഷ്യന് നിലവില്‍ അസാധ്യമായ കാര്യമാണ്. ഇനി അതിനു സാധിക്കുന്ന തരത്തില്‍ ഉള്ള സാങ്കേതികവിദ്യ ഉണ്ടാക്കി എടുക്കാന്‍ സാധിക്കും എന്ന് പോലും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നില്ല. The core ഒരു സാങ്കല്പിക കഥ മാത്രമാണ്.

ഈ വാര്‍ത്ത വായിച്ച് നമ്മള്‍ ഞെട്ടേണ്ടതുണ്ടോ ?

ഒട്ടും ഞെട്ടേണ്ടതില്ല. കാര്യങ്ങള്‍ ഇങ്ങനെ എല്ലാം വിശദീകരിക്കുമ്പോള്‍ ആനക്കാര്യം ആയി തോന്നുമെങ്കിലും (യഥാര്‍ത്ഥത്തില്‍ ശാസ്ത്രലോകത്തില്‍ ഇതൊരു ആനക്കാര്യം തന്നെ ആണ് കേട്ടോ). അകക്കാമ്പിലെ ഈ മലക്കം മറിച്ചിലുകള്‍ക്ക് നമ്മുടെ നിത്യജീവിതത്തില്‍ വലിയ സ്വാധീനം ഒന്നും ഇല്ല. ഭൂമിയുടെ കാലാവസ്ഥയിലോ, രാവിലെയും പകലിന്റെയും നീളത്തിലോ ഒന്നും പ്രകടമായ മാറ്റങ്ങള്‍ ഒന്നും ഇത് കൊണ്ട് ഉണ്ടാകുന്നില്ല.

ഭൂമി നില്ക്കാന്‍ പോകുന്നില്ല. സൂര്യന്‍ ഉദിക്കാതിരിക്കുകയുമില്ല. അത് കൊണ്ട് തന്നെ ഈ വാര്‍ത്ത കണ്ട് ഞെട്ടേണ്ട ആവശ്യവുമില്ല.

അധികവായനക്ക്

Yang, Y., Song, X. Multidecadal variation of the Earth's inner-core rotation. Nat. Geosci. (2023). https://doi.org/10.1038/s41561-022-01112-z
Song, X., Richards, P. Seismological evidence for differential rotation of the Earth's inner core. Nature 382, 221-224 (1996). https://doi.org/10.1038/382221a0
Zhang, J., Song, X., Li, Y., Richards, P. G., Sun, X., & Waldhauser, F. (2005). Inner core differential motion confirmed by earthquake waveform doublets. Science, 309(5739), 1357-1360. https://www.science.org/doi/abs/10.1126/science.1113193
https://www.nature.com/articles/d41586-023-00167-1


ഐ.ഐ.ടി ബോംബെ, മുംബൈ-മൊണാഷ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ-ല്‍ ഗവേഷകയാണ് ലേഖിക

Content Highlights: Earth’s core is changing, Geography, Science News, Science Column

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented