ശ്രീനഗർ: ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർക്ക് അതീവരഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ കരസേന ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരേ പോലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയും ഫ്രീലാൻസ് ഗവേഷകയുമായ യുവതിക്കെതിരെയാണ് ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപകരണങ്ങൾ ഉപയോഗിച്ച് സെൻസിറ്റീവായ വിഷയങ്ങളിൽ വിശദ റിപ്പോർട്ട് തയ്യാറാക്കി രഹസ്യാന്വേഷണ ഏജന്റുമാർക്ക് കൈമാറുകയായിരുന്നു. ഇവരെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിനുപിന്നാലെ ചോദ്യംചെയ്തെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ (എൽ.ഒ.സി.) സാഹചര്യം, അരുണാചൽ പ്രദേശിലെ നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾ, ഡ്രോണുകളുടെ വിന്യാസം തുടങ്ങിയ പ്രതിരോധ, സുരക്ഷാ, ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ വിശകലന റിപ്പോർട്ടുകൾ തയ്യാറാക്കാൻ യുവതിക്ക് നിർദേശം ലഭിച്ചിരുന്നതായാണ് അധികൃതർ പറയുന്നത്. ജമ്മുവിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽനിന്ന് പഠാൻകോട്ടിലേക്ക് ട്രെയിൻ കയറാനൊരുങ്ങുന്നതിനിടെയാണ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പോലീസും അടങ്ങുന്ന സംഘം യുവതിയെ പിടികൂടിയത്. തുടർന്ന് അടുത്തുള്ള സൈനികകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തു. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. തന്റെ വിവരങ്ങൾ മുഴുവൻ ചാറ്റ്ജിപിടി പോലുള്ള പൊതുസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് യുവതി മൊഴിനൽകിയത്.
2023-ൽ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഇന്റേൺഷിപ്പിനിടെ ഒട്ടേറെ വിദേശ പൗരന്മാരുമായി യുവതി ബന്ധം സ്ഥാപിച്ചിരുന്നു. ഇവരിൽ ഒരു ചൈനീസ് പൗരനും ഉൾപ്പെടുന്നു. ഇയാളുമായി വാട്സാപ്പ് വഴി തുടർന്നും ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം. 2024-ൽ ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന മലേഷ്യൻ പൗരനുമായും സമൂഹമാധ്യമങ്ങളിലൂടെ യുവതി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ഇയാൾ ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് സംശയം. വിദേശ പൗരന്മാരുമായുള്ള ബന്ധവും അവരുമായി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം ഇന്ത്യ-ഇറ്റലി പ്രതിരോധ കൂടിക്കാഴ്ച, ഇന്ത്യൻ കരസേനാ മേധാവിയുടെ യു.എസ്. സന്ദർശനം, ഇന്ത്യ-റഷ്യ പ്രതിരോധക്കരാർ എന്നീ വിവരങ്ങൾ ഫോണിൽനിന്ന് കണ്ടെടുക്കാനായിട്ടുണ്ട്. വിവിധജലവൈദ്യുത പദ്ധതികൾ, ഇന്ത്യ-സീഷെൽസ് ബന്ധം, ഇന്ത്യ-ചൈന ബന്ധം തുടങ്ങിയ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കൈമാറ്റം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
2022-ൽ ജനീവയിൽനിന്ന് യൂറോപ്യൻ ആൻഡ് ഇന്റർനാഷണൽ ഗവേണൻസിൽ മാസ്റ്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബിരുദം നേടിയിട്ടുണ്ട് യുവതി. 2021-ൽ ബെംഗളൂരുവിലെ ഒരു സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. 2023 -ലാണ് മേജർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ യുവതി വിവാഹം കഴിച്ചത്.
Published: 19 Oct 2026, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented