
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ അടൂർ പ്രകാശിനും കെ. സുധാകരനും മറുപടിയും പരോക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഒരാൾ മുഖ്യമന്ത്രിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ആരോ ഉണ്ടെന്ന് മുരളീധരൻ പറഞ്ഞു. ആണുങ്ങളുടെ സർക്കാർ എന്ന സുധാകരന്റെ വിമർശനത്തിന്- ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
‘മുഖ്യമന്ത്രിക്കെതിരേ ഒരു വ്യക്തി നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കിൽ സംബഡി ബിഹൈൻഡ് ദ കർട്ടൻ (തിരശ്ശീലയ്ക്ക് പിന്നിൽ ആരോ ഉണ്ട്.) അത് ആരാണെന്ന് ഞാൻ പറയുന്നില്ല. അത്രയേ തനിക്ക് പറയാനുള്ളൂ, മുരളീധരൻ പറഞ്ഞു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണ്ടേ എന്ന ചോദ്യത്തിന്- പാർട്ടിയുടെ ദേശീയനേതൃത്വമുണ്ട് അതൊക്കെ മനസ്സിലാക്കാനെന്നും അവർ അത് സമയംപോലെ ചെയ്‌തോളുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സിഎംആർഎൽ- എക്‌സാലോജിക് കേസിൽ പിണറായി വിജയന് ഇ.ഡി. സമൻസ് നൽകിയതിനു പിന്നാലെയാണ് സംസ്ഥാനസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ രംഗത്തെത്തിയത്. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ നടപടിയുണ്ടാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 'പിണറായിക്കെതിരെ സർക്കാർ നടപടിയിലേക്ക് നീങ്ങണം. ആണുങ്ങളുടെ സർക്കാരാണെങ്കിൽ അത് അതുപോലെ നീങ്ങും. അതിവിടെ ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് നോക്കാം' എന്നായിരുന്നു സുധാകരന്റെ വാക്കുകൾ. അതിനോടാണ് പരിഹാസത്തിൽ പൊതിഞ്ഞ മറുപടി മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
സതീശനെതിരേ പാർട്ടിക്കുള്ളിൽനിന്നും പ്രതിപക്ഷത്തുനിന്നും ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചുവരുന്നത്.
Content Highlights: K. Muraleedharan claims someone is behind the continuous criticism against the Chief Minister., He sarcastically responded to K. Sudhakaran's 'men's government' remark regarding the CMRL-Exalogic case., Muraleedharan stated that the national leadership of the party will handle internal issues accordingly.
Published: 19 Oct 2026, 12:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented