അജ്മാന്‍: കേരളത്തില്‍ തെയ്യക്കാലം തുടങ്ങിയതോടെ പ്രവാസനാടും തെയ്യപ്പുറപ്പാടിനൊരുങ്ങുകയായി. വടക്കേമലബാറുകാരുടെ പ്രധാന തെയ്യങ്ങളില്‍ ഉള്‍പ്പെടുന്ന 'കടവാങ്കോട്ട് മാക്കവും മക്കളും' അജ്മാനിലും കെട്ടിയാടുന്നു. ആദ്യമായാണിവിടെ കടവാങ്കോട്ട് മാക്കവും മക്കളായ ചാത്തുവും ചീരുവും മറ്റുതെയ്യങ്ങളും കെട്ടിയാടപ്പെടുന്നത്. 24-ന് വിന്നേഴ്സ് സ്‌പോര്‍ട്സ് ക്ലബ്ബിലാണ് തെയ്യങ്ങളുടെ പുറപ്പാട്.
കളിയാട്ടം യു.എ.ഇ. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന തെയ്യത്തിനായി കേരളത്തില്‍നിന്ന് കലാകാരന്മാര്‍ അജ്മാനിലെത്തി. ഇ.പി. നാരായണപ്പെരുവണ്ണാന്‍ പ്രധാന അമ്മദൈവമായ കടവാങ്കോട്ട് മാക്കത്തിന്റെ കോലധാരിയാകും. മക്കളായ ചാത്തുവും ചീരുവും കൂടാതെ വിഷ്ണുമൂര്‍ത്തി, ഗുളികന്‍, ശാസ്തപ്പന്‍ തുടങ്ങിയ തെയ്യങ്ങളുമുണ്ടാകും. ബാലകൃഷ്ണ പെരുമലയന്‍, കുഞ്ഞിരാമപ്പണിക്കര്‍, അര്‍ജുനന്‍, പുരുഷോത്തമന്‍, രാജന്‍, പ്രകാശന്‍, വിജേഷ്, ചന്ദ്രന്‍, ഷൈജു, പ്രസൂണ്‍, ബിജു, ജയരാജന്‍, പ്രേമരാജന്‍ തുടങ്ങിയവരാണ് കേരളത്തില്‍നിന്ന് കളിയാട്ടത്തിനായെത്തിയത്.
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്താണ് കടവാങ്കോട്ട് മാക്കത്തിന്റെ പ്രധാന ആരൂഢം. നാട്ടില്‍വെച്ച് തെയ്യങ്ങള്‍ കാണാന്‍സാധിക്കാത്തവര്‍ക്കുള്ള അപൂര്‍വ അവസരമാണ് അജ്മാനിലെ കളിയാട്ടം.
ഞായറാഴ്ച രാവിലെ നാലുമണിക്ക് സൂര്യകാലടിമനയിലെ സൂര്യന്‍ ജയസൂര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ കളിയാട്ടത്തിന് തുടക്കമാവും. തുടര്‍ന്ന്, ആറുമണിമുതല്‍ മാക്കത്തിന്റെ തോറ്റമാണ്. കൂടാതെ ശാസ്തപ്പന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവയുമുണ്ടാകും.
ഉച്ചയ്ക്ക് മാക്കവും മക്കളായ ചാത്തുവും ചീരുവും കെട്ടിയാടും. കളിയാട്ടത്തിനായി പ്രത്യേക 'പള്ളിയറ'കളും സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് അന്നദാനവുമുണ്ടാകും.
ഒട്ടേറെ തെയ്യങ്ങള്‍കെട്ടി അംഗീകാരങ്ങള്‍നേടിയ ഇ.പി. നാരായണപ്പെരുവണ്ണാനെ കളിയാട്ടത്തിന്റെ ഭാഗമായി ആദരിക്കും.
Content Highlights: Theyyam in Ajman
Published: 20 Nov 2024, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented