ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യമൂന്നുദിവസംകൊണ്ടുമാത്രം ചിത്രം 150 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടു. വലിയ സ്വീകരണമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിക്കുന്നത്. ഇതിനിടെ തമിഴ്‌നാട് ദിണ്ടിക്കലിലെ ഒരു തീയേറ്ററില്‍നിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

To advertise here,

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്നാലെ തീയേറ്ററിലേക്ക് ഒരു ആരാധകന്‍ പഞ്ചുരുളി തെയ്യത്തിന്റെ വേഷത്തിലെത്തിയ വീഡിയോയാണ് ചര്‍ച്ചയാവുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം തെയ്യത്തിന്റെ വേഷത്തിലെത്തിയ ഒരാള്‍ കാണികള്‍ക്കിടയിലേക്ക് ഓടിയെത്തി. 'വരാഹരൂപം' പാട്ടിന്റെ പശ്ചാത്തലത്തില്‍ തെയ്യക്കോലത്തിലുള്ളയാള്‍ ചുവടുവെച്ചു. ഇയാളെ കണ്ട കാണികള്‍ എഴുന്നേറ്റ് നില്‍ക്കുകയും ചിലര്‍ വീഡിയോ ചിത്രീകരിക്കുകയുംചെയ്യുന്നുണ്ടായിരുന്നു.

 

അതേസമയം, സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. തെയ്യക്കോലത്തിലുള്ള ആള്‍ ചെയ്തത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ദൈവകോലത്തെ കോമാളിവേഷത്തില്‍ അവതരിപ്പിച്ചു എന്നാണ് എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ചിത്രം നല്‍കുന്ന ആത്മീയമായ അനുഭവത്തിന്റെ പ്രകടനമാണ് ആരാധകനില്‍ കണ്ടതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നത്.