
പറക്കും ടാക്സികൾക്കായുള്ള കരാർ ഒപ്പുവെച്ച ചടങ്ങിൽനിന്ന്
റാസൽഖൈമ: 2027-ൽ എമിറേറ്റിൽ ആദ്യത്തെ എയർ ടാക്സി സേവനം ആരംഭിക്കുന്നതിനു റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർഎകെടിഎ) കരാർ ഒപ്പിട്ടു. എയർ ടാക്സികൾ വികസിപ്പിക്കുന്നതിൽ വിദഗ്ധരായ അമേരിക്കയിലെ ജോബി ഏവിയേഷൻ, വ്യോമഗതാഗത സേവനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന യുകെ ആസ്ഥാനമായ സ്കൈപോർട്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
റാസൽഖൈമ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുടെ ജീവിതനിലവാരവും തൊഴിൽ, വിനോദസഞ്ചാരം, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള ലക്ഷ്യസ്ഥാനമായി എമിറേറ്റിന്റെ സ്ഥാനവും ഉയർത്താൻ സഹായിക്കുന്ന നൂതനവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ പ്രാബല്യത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ശൈഖ് സൗദ് പറഞ്ഞു.
സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ ഭരണാധികാരിയുടെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ജോബി ഏവിയേഷൻ സ്ഥാപകനും സിഇഒയുമായ ജോബെൻ ബെവേർട്ട്, സ്കൈപോർട്‌സ് സിഇഒ ഡൻകാൻ വാക്കർ, ആർഎകെടിഎ ഡയറക്ടർ-ജനറലും റാസൽഖൈമ സിവിൽ ഏവിയേഷൻ വകുപ്പ് ആക്ടിങ് ഡയറക്ടർ-ജനറലുമായ എൻജിനിയർ ഇസ്മായീൽ ഹസ്സൻ അൽ ബലൂഷി എന്നിവർ പങ്കെടുത്തു.
റാസൽഖൈമയുടെ 2030 മൊബിലിറ്റി മാസ്റ്റർപ്ലാനിനനുസൃതമായി യുഎഇയിൽ വേഗമേറിയതും സൗകര്യപ്രദവുമായ ഗതാഗതസേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. ഇതിലൂടെ വിവിധ എമിറേറ്റുകൾക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനുമാകും. പറക്കും ടാക്സികൾ യാഥാർഥ്യമായാൽ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് അൽ മർജാൻ ദ്വീപിലേക്ക് 15 മിനിറ്റിനകം എത്തിച്ചേരാൻ കഴിയുമെന്നതാണ് സവിശേഷത. പൈലറ്റുൾപ്പെടെ അഞ്ചുപേർക്ക് യാത്രചെയ്യാനാകുന്ന വിധമാണ് ടാക്‌സി രൂപകല്പന ചെയ്യുക.
പറക്കും ടാക്സികളുടെ ഭാവിസാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അജ്മാൻ ഗതാഗത അതോറിറ്റിയും (എടിഎ) സ്കൈപോർട്ടും തമ്മിൽ ജൂലായിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. പറക്കും ടാക്സികൾ ഉൾപ്പെടെയുള്ള സ്മാർട്ട് ഗതാഗതസംവിധാനങ്ങൾക്ക് എമിറേറ്റിലെ ദൈനംദിനജീവിതത്തിലുള്ള സ്വാധീനം മനസ്സിലാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയിൽ വെർട്ടിപോർട്ടുകൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുക, സാങ്കേതികവും പ്രവർത്തനപരവുമായ തയ്യാറെടുപ്പുകൾ വർധിപ്പിക്കുക, അടിയന്തരസേവനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുക എന്നിവയാണ് മറ്റുലക്ഷ്യങ്ങൾ. അബുദാബി, ദുബായ് എമിറേറ്റുകളിൽ ഇതിനകംതന്നെ പറക്കും ടാക്സികൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അടുത്തവർഷമാദ്യംമുതൽ വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുകയാണ് ലക്ഷ്യം.
പറക്കും ടാക്സികൾക്ക് നിലവിലുള്ള ഹെലിപ്പാഡുകൾ ഉപയോഗിക്കാൻ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകിയിട്ടുണ്ട്. നഗരഗതാഗതം പുനർനിർവചിക്കുകയും വ്യോമയാന സാങ്കേതികവിദ്യകൾക്ക് ആഗോളമാനദണ്ഡങ്ങൾ സ്ഥാപിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പറക്കും ടാക്സി സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Ras Al Khaimah Gears Up for 2027 Air Taxi Service Launch
Published: 30 Sept 2025, 03:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented