സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ നേരിട്ടു ബന്ധിപ്പിച്ച് ഇത്തിഹാദ് റെയിൽ
അബുദാബി : അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കാനൊരുങ്ങി അധികൃതർ. വിമാനത്താവളവും റെയിൽവേ ശൃംഖലയും തമ്മിലുള്ള യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമായി ഇത്തിഹാദ് എയർവേയ്സും ഇത്തിഹാദ് റെയിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് (എ.ടി.എം. 2026) ഇരുസ്ഥാപനങ്ങളും പദ്ധതി പ്രഖ്യാപിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു.
റെയിൽവേ സ്റ്റേഷനും വിമാനത്താവളത്തിനും ഇടയിൽ യാത്രക്കാർക്കായി പ്രത്യേക ഷട്ടിൽ സർവീസുകൾ ഏർപ്പെടുത്തും. ഇത് വിമാന യാത്രക്കാർക്ക് ട്രെയിൻ മാർഗം യു.എ.ഇ.യുടെ മറ്റ് എമിറേറ്റുകളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായകമാകും. വിമാനടിക്കറ്റും ട്രെയിൻ ടിക്കറ്റും ഒറ്റ ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന സംയോജിത എയർ-റെയിൽ ബുക്കിങ് രീതികൊണ്ടുവരാൻ പദ്ധതിയുണ്ട്. ട്രെയിൻ സ്റ്റേഷനുകളിൽ തന്നെ വിമാന യാത്രക്കാരുടെ ലഗേജ് ചെക്ക്-ഇൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യവും ഇരു കമ്പനികളും പരിശോധിച്ചുവരുകയാണ്. വ്യോമ-റെയിൽ ഗതാഗത ശൃംഖലകൾ ഒന്നിക്കുന്നത് യു.എ.ഇ.യിലെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തികവളർച്ചയ്ക്കും വലിയ കരുത്താകുമെന്ന് ഇത്തിഹാദ് എയർവേയ്സ് ചീഫ് റവന്യൂ ആൻഡ് കൊമേഴ്സ്യൽ ഓഫീസർ അരിക് ഡെ പറഞ്ഞു.
രാജ്യത്തുടനീളം തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ആദ്യത്തോടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ ആരംഭിച്ചതിനു പിന്നാലെ, രാജ്യത്തെ നഗരങ്ങളെയും പ്രധാനമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ദേശീയ റെയിൽവേ ശൃംഖല പ്രധാന പങ്കുവഹിക്കുന്നതായി ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അസ്സ അൽ സുവൈദി ചൂണ്ടിക്കാട്ടി. വ്യോമയാന മേഖലയുമായുള്ള ഈ പുതിയസഹകരണം യു.എ.ഇ.യുടെ സുസ്ഥിര വികസനത്തിന് പുതിയവേഗം നൽകും.
Published: 17 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented