മേഖലയുടെ സുരക്ഷിതത്വത്തിൽ പൂർണ ആത്മവിശ്വാസം വേണം
ദുബായ് : ആഗോളസഞ്ചാരികളെ തിരികെ ആകർഷിക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷിതത്വത്തിലും വിനോദസഞ്ചാര വൈവിധ്യങ്ങളിലും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കണമെന്ന് ടൂറിസംരംഗത്തെ പ്രമുഖർ. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എ.ടി.എം.-2026) മൂന്നാംദിനത്തിൽ സംഘടിപ്പിച്ച 'സെല്ലിങ് ദ ജി.സി.സി. വിത്ത് കോൺഫിഡൻസ്' എന്ന ചർച്ചാസമ്മേളനത്തിലാണ് വിദഗ്ധർ അഭിപ്രായം പങ്കുവെച്ചത്. സുരക്ഷിതമായ യാത്രാന്തരീക്ഷവും മാറിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ താത്‌പര്യങ്ങൾക്കനുസരിച്ചുള്ള പുതിയ അനുഭവങ്ങളും കൃത്യമായി വിപണിയിലെത്തിക്കാൻ ടൂറിസം ബോർഡുകളും ട്രാവൽ ഏജൻസികളും കൈകോർക്കണമെന്ന് ചർച്ചയിൽ നിർദേശമുയർന്നു.
ദുബായ് എത്രത്തോളം സുരക്ഷിതവും ആകർഷകവുമാണെന്ന് ലോകമെമ്പാടുമുള്ള യാത്രാ പങ്കാളികളിലൂടെയും ഉപഭോക്താക്കളിലൂടെയും നിരന്തരം പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ഡിനാറ്റ ട്രാവൽ ഗ്രൂപ്പ് സി.ഇ.ഒ. ജോൺ ബീവൻ പറഞ്ഞു.
വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവ് ഹോട്ടൽ നിരക്കുകൾ കുത്തനെ കുറച്ചുകൊണ്ടായിരിക്കരുത്. സേവനങ്ങളുടെ യഥാർഥമൂല്യമാണ് സഞ്ചാരികൾക്ക് നൽകേണ്ടത്. ലോകത്തിലെ വിവിധ വിപണികളിൽനിന്ന് വ്യത്യസ്തവേഗത്തിലാണ് സഞ്ചാരികൾ തിരിച്ചെത്തുന്നത്. അതിനാൽ ആഗോള ടൂറിസത്തിന്റെ വീണ്ടെടുപ്പ് ഘട്ടംഘട്ടമായിട്ടായിരിക്കും സംഭവിക്കുക. ഭാവിയിലെ ടൂറിസം വളർച്ചയ്ക്കായി റാസൽഖൈമ വലിയ രീതിയിൽ സജ്ജമാകുകയാണെന്ന് റാസൽഖൈമ ടൂറിസം ഡിവലപ്മെന്റ് അതോറിറ്റി ചീഫ് കൊമേഴ്സ്യൽ ഓഫീസർ ബ്രെന്റ് ആന്റേഴ്സൺ വ്യക്തമാക്കി. മേഖല നേരിട്ട തടസ്സങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് 'ജാഗ്രതയോടെയുള്ള ആത്മവിശ്വാസമാണ്' വ്യവസായം ഇപ്പോൾ വെച്ചുപുലർത്തുന്നത്. പുതിയകഥകളും പുതിയ അനുഭവങ്ങളും സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ റാസൽഖൈമ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സഞ്ചാരികൾക്ക് പുറമേ യു.എ.ഇ.ക്കുള്ളിൽ നിന്നുള്ള 'സ്റ്റേക്കേഷൻ' സഞ്ചാരികൾ റിസോർട്ടുകൾക്ക് വലിയരീതിയിൽ കരുത്തുപകരുന്നതായി ജെ.എ. റിസോർട്ട്സ് ആൻഡ് ഹോട്ടൽസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഫിലിപ്പ് ഡിക്സൺ ചൂണ്ടിക്കാട്ടി. കേവലം താമസസൗകര്യം മാത്രം നൽകുന്നതിന് പകരം സ്പോർട്‌സ് ആൻഡ് ഷൂട്ടിങ് ക്ലബുകൾ, പുതിയ റസ്റ്ററന്റ് ആശയങ്ങൾ, പാഡൽ, ടെന്നീസ്, ഗോൾഫ്, കുതിരസവാരി തുടങ്ങിയ വൈവിധ്യമാർന്ന കായിക-വിനോദ പരിപാടികൾ കോർത്തിണക്കിയാണ് റിസോർട്ടുകൾ സഞ്ചാരികളെ ആകർഷിക്കുന്നത്.
അന്താരാഷ്ട്ര യാത്രക്കാരുടെ ഒഴുക്കിനായി കാത്തുനിൽക്കാതെ, ആഭ്യന്തര പങ്കാളിത്തം ശക്തിപ്പെടുത്തിയും പുതിയ യാത്രാനുഭവങ്ങൾ സൃഷ്ടിച്ചും മുൻപോട്ടു പോകാനാണ് ജി.സി.സി. മേഖലയിലെ ടൂറിസം സ്ഥാപനങ്ങളുടെ തീരുമാനമെന്നും വിദഗ്ധർ വ്യക്തമാക്കി.
Published: 17 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented