ദുബായ്: യു.എ.ഇ.യിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യു.എ.ഇ.യിലേ‍ക്ക് യാത്രചെയ്യുന്നവർ ആരോഗ്യ ഇൻഷുറൻസെടുക്കണമെന്ന് നയതന്ത്ര കാര്യാലയങ്ങൾ നിർദേശിച്ചു. തൊഴിൽ വിസയിലോ ആശ്രിത വിസയിലോ കഴിയുന്നവർക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് കാര്യാലയങ്ങൾ അറിയിച്ചു.

To advertise here,

യു.എ.ഇ.യിൽ സന്ദർശക-ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്കും താമസവിസയുള്ളവർക്കും പലവിധത്തിലുള്ള മെഡിക്കൽ എമർജൻസികൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും മാർഗനിർദേശം. അപ്രതീക്ഷിതമായ രോഗങ്ങളും ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളും നേരിടാൻ പലർക്കും കഴിയുന്നില്ല. ഭീമമായ ചികിത്സാ ചെലവ് പരിഗണിച്ചാണ് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണമെന്ന മുന്നറിയിപ്പ്. 

സന്ദർശക-ടൂറിസ്റ്റ് വിസയിലെത്തുന്നവർ യാത്രപുറപ്പെടുംമുൻപ് ആരോഗ്യ ഇൻഷുറൻസെടുക്കണം. ചികിത്സാ ചെലവിന് പുറമേ, രോഗിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ കഴിയുന്നതും ക്യാഷ് ലെസ്സ് സൗകര്യമുള്ളതുമായ ഇൻഷുറൻസ് ഉറപ്പുവരുത്തണമെന്നാണ് എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശം. തൊഴിൽ വിസയിലോ ഭർത്താവ്-ഭാര്യ മറ്റു ബന്ധുക്കൾ തുടങ്ങിയ ആശ്രിത വിസയിലോ താമസിക്കുന്നവരും മെഡിക്കൽ ഇൻഷുറൻസിന്റെ കാര്യത്തിൽ വീഴ്ചവരുത്തരുത്. യു.എ.ഇ.യിലെ ചികിത്സയ്ക്കാവശ്യമായ എല്ലാ ചെലവുകളും ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കാവശ്യമായ ചെലവുകളും ഉൾക്കൊള്ളുന്ന മെഡിക്കൽ ഇൻഷുറൻസാണ് ഉചിതമെന്നും കോൺസുലേറ്റും എംബസിയും അറിയിച്ചു.