അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സുരക്ഷാനടപടികൾ
അടൂർ : ഒടുവിൽ ഹമ്പുകളെത്തി. തുടർച്ചയായ അപകടങ്ങളിൽ രണ്ട് വയോധികർക്ക് കാലുകൾ നഷ്ടമായതിനെത്തുടർന്ന് സുരക്ഷാ നടപടികൾ വൈകുന്നതിനെപ്പറ്റി ഉയർന്ന പ്രതിഷേധത്തിനൊടുവിൽ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി. ഡിപ്പോയ്ക്ക് പുറത്തുള്ള ഓട്ടോസ്റ്റാൻഡിന് സമീപമാണ് പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ഹമ്പുകൾ സ്ഥാപിച്ചത്.
ഹമ്പുകൾ സ്ഥാപിക്കാത്തതും ഡിപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമായതും സംബന്ധിച്ച് നവംബർ 21-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് സി.വി. ശാന്തകുമാർ എം.എൽ.എ. പൊതുമരാമത്ത് അധികൃതരോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. സ്ഥാപിച്ച ഹമ്പുകളുടെ ഉയരം കുറവാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇത് പരിഹരിക്കുമെന്നും എം.എൽ.എ. പറഞ്ഞു. അദ്ദേഹം ഡിപ്പോയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ഡിപ്പോയിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ ഡിവൈഡറിന്റെ നീളംകൂട്ടി അടിത്തറ നിർമിച്ച് വേലി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഭാഗത്തുനിന്ന് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും റബ്ബർ ഹമ്പുകൾ സ്ഥാപിക്കുന്ന ജോലികളും വരുംദിവസങ്ങളിൽ നടക്കും. ഡിപ്പോയിലെ പൊക്കവിളക്ക് നിൽക്കുന്ന ഭാഗം തുറന്നുകിടക്കുന്നതിനാൽ യാത്രക്കാർ ഇതുവഴി മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഡിവൈഡർ നീട്ടുന്നത്. ഒക്ടോബർ 31-ന് കൂടൽ സ്വദേശിനിയായ വയോധിക അമ്മിണിക്കും നവംബർ ഏഴിന് നൂറനാട് സ്വദേശി ചന്ദ്രമോഹൻപിള്ളയ്ക്കുമാണ് ഡിപ്പോയിൽ സമാനമായ അപകടമുണ്ടായത്. ഇരുവരും നടന്ന് മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ബസ് ഇടിക്കുകയും കാലിലൂടെ ചക്രം കയറി കാൽ നഷ്ടമാകുകയും ചെയ്തു. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങൾക്കുശേഷമാണ് ഡിപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമായത്.
Published: 24 Nov 2026, 01:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented