ഇന്ത്യ-സൗദി ഉഭയകക്ഷി കരാർ ജിദ്ദയിൽ ഒപ്പുവെച്ചു

To advertise here,

ജിദ്ദ : 2027-ലെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽനിന്ന് 1,75,025 തീർഥാടകർക്ക് അനുമതി നൽകുന്ന ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ തീർഥാടനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ഒരുക്കങ്ങളും ഏകോപന നടപടികളും ചർച്ച ചെയ്തശേഷമാണ് ഇരു നേതാക്കളും കരാറിൽ ഒപ്പുവെച്ചത്.

നവംബർ ആറ് മുതൽ ഒമ്പത് വരെ നീളുന്ന സൗദി അറേബ്യൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ജോയിന്റ് സെക്രട്ടറി (ഹജ്ജ്) മുഹമ്മദ് അഫ്‌സലിനൊപ്പം കേന്ദ്രമന്ത്രി കിരൺ റിജിജു ജിദ്ദയിലെത്തിയത്. ആഗോളതലത്തിൽ എത്തുന്ന കോടിക്കണക്കിന് തീർഥാടകർക്ക് മക്കയിൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യത്തിന്റെയും മുസ്‌ലിം ജനസംഖ്യ കണക്കാക്കിയാണ് സൗദി ഭരണകൂടം വാർഷിക ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 2014-ലെ 1,36,020-ൽനിന്ന് 2025-ൽ 1,75,025 ആയി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും അടുത്തവർഷത്തേക്കും ഈ ക്വാട്ട വ്യത്യാസമില്ലാതെ തുടരും.

സന്ദർശനത്തിനിടെ, ജിദ്ദയിൽ നടന്ന ആറാമത് ഹജ്ജ് കോൺഫറൻസ് ആൻഡ്‌ എക്‌സിബിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പങ്കെടുക്കുകയും സൗദി ഹജ്ജ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഭാഗമാകുകയും ചെയ്തു.

ഇന്ത്യൻ തീർഥാടകർക്കായി സൗദി ഭരണകൂടം ഒരുക്കുന്ന മികച്ചസേവനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ഇന്ത്യയുടെ നന്ദി അറിയിച്ച മന്ത്രി, 2027-ലെ ഹജ്ജ് ദൗത്യം വിജയകരമാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി. മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിയുമായും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം മന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, സെൻട്രൽ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തതായി കേന്ദ്രമന്ത്രി അറിയിച്ചു.

കൂടാതെ, ജിദ്ദയിലെ ഇന്ത്യ ഹൗസിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത മന്ത്രി സൗദിയിലെ ഇന്ത്യൻ സമൂഹവുമായും സൗഹൃദം പങ്കുവെച്ചു. ഹജ്ജ് മാനേജ്മെന്റ്, സാംസ്‌കാരിക കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള ദീർഘകാല സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.