അമ്പലപ്പുഴ : പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ജില്ലയിലെ തീരദേശത്തിന്റെ പ്രതീക്ഷയാണ് പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്ററിന്റെ വികസനം. ഒരുകാലത്ത് ഇരുനൂറിലധികം വള്ളങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്ന ലാൻഡിങ് സെന്ററിന്റെ അടിസ്ഥാനസൗകര്യങ്ങളെല്ലാം കടലേറ്റത്തിൽ നശിച്ചുപോയി. ഫിഷ്‌ലാൻഡിങ് സെന്റർ ഹാർബറായി ഉയർത്തുമെന്ന് മാറിമാറിവന്ന സർക്കാരുകൾ പ്രഖ്യാപിച്ചതല്ലാതെ യാഥാർഥ്യമായില്ല.
1988-ലാണ് പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്റർ തുറന്നുകൊടുത്തത്. കരുനാഗപ്പള്ളിമുതൽ പൊന്നാനിവരെയുള്ള വള്ളങ്ങൾ ഇവിടെ മത്സ്യബന്ധനത്തിനെത്തിയിരുന്നു. തമിഴ്‌നാട്ടിലെ കുളച്ചലിൽനിന്ന് ചൂണ്ടക്കാരും പതിവായി എത്തിയിരുന്നു. സുരക്ഷിതമായി നങ്കൂരമിടാൻ അവസരമില്ലാത്തതിനാൽ വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായി. 2016 ഓഗസ്റ്റിലുണ്ടായ മിനി സുനാമിയിൽ പുന്നപ്രയിൽ 11 വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് നശിച്ചത്. അന്ന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇന്നും വള്ളം ഉടമകൾക്കു ലഭിച്ചിട്ടില്ല.
80 കിലോമീറ്ററോളം തീരമുള്ള ജില്ലയിൽ സുരക്ഷിത മത്സ്യബന്ധനത്തിനു പര്യാപ്തമായ തുറമുഖങ്ങളില്ലെന്നതാണ് മത്സ്യമേഖല നേരിടുന്ന വെല്ലുവിളി. തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളിൽ മണൽ നിറഞ്ഞതിനാൽ ബോട്ടുകൾക്കു കയറാനാകില്ല. അർത്തുങ്കലും പൂർണമായി പ്രവർത്തനക്ഷമമല്ല. പുന്നപ്രയിൽ ഹാർബർ തുറന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും.
തുറമുഖമായി ഉയർത്തണം -ധീവരസഭ
പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്ററിനെ സമ്പൂർണ മത്സ്യബന്ധന തുറമുഖമായി വികസിപ്പിക്കണമെന്ന് ധീവരസഭ പുന്നപ്ര കരയോഗം. 2026-27 വർഷത്തെ സംസ്ഥാന ബജറ്റിൽ തോട്ടപ്പള്ളി തുറമുഖത്തിനും പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്ററിനുമായി 160 കോടി വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായിരുന്നു.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രം പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. മത്സ്യബന്ധന വള്ളങ്ങൾ സുരക്ഷിതമായി അടുപ്പിക്കുന്നതിനും മത്സ്യവിഭവങ്ങൾ കരയിലെത്തിക്കുന്നതിനും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ഡി. അഖിലാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി കെ.ആർ. തങ്കജി, ആർ. പുത്രൻ, ആർ. ത്യാഗരാജൻ, കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.
Published: 10 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented