ഷാർജ : വാക്കുകളിൽ വായനയുടെ അപാരത സൃഷ്ടിച്ചുകൊണ്ട് 45 - മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആറാം ദിവസത്തേക്ക് കടക്കുന്നു. ഈ മാസം നാലിന് ബുധനാഴ്ചയാണ് ഷാർജയിൽ ഉത്സവ പ്രതീതിയോടെ പുസ്തകമേളയ്ക്ക് തുടക്കമായത്.
ദേശങ്ങൾ താണ്ടി വിവിധ ഭാഷകളും സംസ്കാരങ്ങളുമാണ് ഷാർജയിലെത്തുന്നത്. ലോകത്തിലെ മുൻനിര പ്രസാധകർ വേറിട്ട പ്രമേയങ്ങളിലുള്ള ശീർഷകങ്ങളോടുകൂടിയ പുസ്തകങ്ങൾ മേളയിൽ അവതരിപ്പിക്കുന്നു. തുടക്കംതൊട്ട് ഇതുവരെ ദിനംപ്രതി വൻതിരക്കാണ് അനുഭവപ്പെടുന്നത്.
മേളയിൽ ഏറ്റവും കൂടുതലെത്തുന്നവർ മലയാളികളാണ്. കുടുംബങ്ങളായാണ് കൂടുതലും മേളയിലെത്തുന്നവർ. പുസ്തകങ്ങൾ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകർ പറഞ്ഞു. മലയാളത്തിൽനിന്ന് വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻനായർ, മാധവിക്കുട്ടി, എം. മുകുന്ദൻ, കാക്കനാടൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ രചനകൾക്ക് ഈവർഷവും പതിവുപോലെ കൂടുതൽ വായനക്കാരുണ്ട്.
കവിതകളിൽ വയലാർ, ഒ.എൻ.വി., അക്കിത്തം, സച്ചിദാനന്ദൻ, വീരാൻകുട്ടി, റഫീഖ് അഹമ്മദ്, കൽപ്പറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർക്കെല്ലാം വായനക്കാരുണ്ട്. യാത്രാവിവരണങ്ങളും നോവലുകളും നിരൂപണങ്ങളും നന്നായി വിറ്റുപോകുന്നുണ്ടെന്നും മലയാളി പ്രസാധകർ അറിയിച്ചു.
നൂതന എഴുത്തുകാരിൽ അഖിൽ പി. ധർമജൻ മുന്നിലുണ്ട്. മേളയിലെത്തുന്ന മലയാളത്തിൽ നിന്നുള്ള പ്രധാന എഴുത്തുകാർ മാതൃഭൂമി ബുക്സ് സ്റ്റാളും സന്ദർശിക്കുന്നുണ്ട്. ഇന്ത്യൻ പവിലിയനിലുള്ള റൈറ്റേഴ്സ് ഫോറത്തിൽ ദിവസവും 50 - ഓളം പ്രകാശനങ്ങളാണ് നടക്കുന്നത്. മലയാള പുസ്തകങ്ങൾ പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ എഴുത്തുകളാണ് പ്രകാശനങ്ങളിലേറെയും.
തമിഴ്, തെലുഗു പുസ്തകങ്ങളും റൈറ്റേഴ്സ് ഫോറത്തിലെ പ്രകാശനങ്ങളിൽ ഉൾപ്പെടുന്നു. സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, പി.കെ. ഗോപി, നാലപ്പാടം പദ്മനാഭൻ, ബി.കെ. ഹരിനാരായണൻ, ആർ.രാജശ്രീ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങി വിവിധ പ്രസാധകർ കൊണ്ടുവന്നവരും അല്ലാത്തതുമായി ഒട്ടേറെ സാഹിത്യകാരൻമാർ നാട്ടിൽനിന്ന് മേളയിലെത്തിയിട്ടുണ്ട്.
Published: 09 Nov 2026, 01:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented