ആയാപറമ്പ്, കോരംകുഴി പാലങ്ങൾക്കും പദ്ധതി

To advertise here,

ഹരിപ്പാട് : തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ അമ്പലാശ്ശേരിക്കടവിൽ പാലം നിർമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനൊപ്പം അച്ചൻകോവിലാറ്റിൽ ആയാപറമ്പു കടവിലും നെടുമുടി-കരുവാറ്റ റോഡിന്റെ ഭാഗമായുള്ള കോരംകുഴിയിലും പാലം നിർമിക്കും. കോൺഗ്രസ് ഹരിപ്പാട്, കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃസംഗമം ഉദ്ഘാടനംചെയ്തുകൊണ്ടാണ് രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തിയത്.

തൃക്കുന്നപ്പുഴയുടെ പടിഞ്ഞാറൻ തീരമായ പാനൂർ പള്ളിമുക്കിൽനിന്ന്‌ അമ്പലാശ്ശേരിക്കടവു വഴി ദേശീയപാതയിലെ നാരകത്തറയിലെത്തുന്ന വിധത്തിലാണ് പാലം നിർമിക്കുന്നത്. അമ്പലാശ്ശേരിക്കടവിൽ പല്ലനയാറിന്റെ ഇരുകരകളിലും ഗതാഗതയോഗ്യമായ റോഡുണ്ട്. അതിനാൽ പാലത്തിന്റെ അനുബന്ധപാത നിർമാണത്തിന് ഏറെ സ്ഥലം എടുക്കേണ്ടിവരില്ല. തീരദേശത്തുനിന്ന്‌ ദേശീയപാതയിൽ ഏറ്റവും വേഗത്തിലെത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്. ഏറെക്കാലമായി ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതിയാണിത്. പാലത്തിനുള്ള എസ്റ്റിമേറ്റെടുക്കാൻ നടപടിയായിട്ടുണ്ട്. ഈ വർഷംതന്നെ നിർമാണം തുടങ്ങും.

തൃക്കുന്നപ്പുഴ, കുമാരകോടി എന്നിവിടങ്ങളിലാണ് നിലവിൽ പല്ലനയാറ്റിൽ പാലമുള്ളത്. സുനാമിപോലുള്ള അടിയന്തരസാഹചര്യങ്ങളിൽ തൃക്കുന്നപ്പുഴയ്ക്കും കുമാരകോടിക്കും മധ്യേയുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിതമായി ആറു കടക്കാനുള്ള മാർഗംകൂടിയാണ് അമ്പലാശ്ശേരിക്കടവിൽ ഉയരുന്ന പാലം.

ഹരിപ്പാട്-ചെക്കിടിക്കാട് റോഡ് പദ്ധതിയുടെ ഭാഗമായി ആയാപറമ്പു കടവിൽ പാലം നിർമിക്കുന്നതിന് 30 വർഷം മുൻപ്‌ പദ്ധതിയിട്ടതാണ്. സമീപത്തെ ചെറുതനക്കടവിൽ പാലം നിർമിച്ചു. എന്നിട്ടും ആയാപറമ്പു കടവിൽ പാലംപണി നീണ്ടുപോയി. ഈ പ്രശ്‌നവും പരിഹരിക്കപ്പെടുകയാണ്. ഹരിപ്പാട്ടുനിന്ന്‌ കുട്ടനാടൻ മേഖലകളിലേക്ക് നേരിട്ടുള്ള യാത്രാമാർഗം തുറക്കുന്നതിന് ആയാപറമ്പ് പാലം സഹായകമാകും.

നെടുമുടിയിൽനിന്ന്‌ ദേശീയപാതയിലെ കരുവാറ്റയിലെത്തുന്ന നെടുമുടി-കരുവാറ്റ റോഡുനിർമാണം ഏറെക്കാലം മുൻപു തുടങ്ങിയതാണ്. ഇതിന്റെ ഭാഗമായി ലീഡിങ് ചാനലിലെ കുറിച്ചിക്കലിൽ പാലം പൂർത്തിയാകുന്നു. കോരംകുഴിയിൽക്കൂടി പാലം നിർമിക്കുന്നതോടെ നെടുമുടി- കരുവാറ്റ റോഡിന്റെ ഹരിപ്പാട് മേഖലയിലെ നിർമാണം പൂർത്തിയാകും.

റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം- കോൺഗ്രസ്

തൃക്കുന്നപ്പുഴ : അമ്പലാശ്ശേരിക്കടവിൽ പാലം നിർമിക്കണമെന്നും അമ്പലാശ്ശേരിക്കടവ്- നാരകത്തറ ജങ്ഷൻ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും കോൺഗ്രസ് തൃക്കുന്നപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദിലീപ് ശിവദാസൻ അവതരിപ്പിച്ച പ്രമേയം യു. സോണി പിന്താങ്ങി. തുടർനടപടി ആവശ്യപ്പെട്ട് പ്രമേയം മന്ത്രി രമേശ് ചെന്നിത്തലയ്ക്കു സമർപ്പിച്ചു.

പ്രസിഡന്റ് രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം എ.കെ. രാജൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ലത്തീഫ്, ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എസ്. വിനോദ് കുമാർ, ജേക്കബ് തമ്പാൻ, ഡി.സി.സി. അംഗം സോൾസി തൃക്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ഗീത, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് അംഗം അനുഷമോൾ തുടങ്ങിയവർ സംസാരിച്ചു.