അബുദാബി: യു.എ.ഇ.യിലെ എൻ.എം.സി. ഹെൽത്ത് കെയർ തട്ടിപ്പിൽ സ്ഥാപകൻ ഡോ. ബി.ആർ. ഷെട്ടിയും മുൻ സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് കണ്ടെത്തി അബുദാബി കോടതി. ഇരുവരും 540 കോടി ഡോളറിലേറെ (50,711 കോടി രൂപ) സ്ഥാപനത്തിന് നഷ്ടപരിഹാരം നൽകണം. മലയാളിയായ പ്രശാന്ത് മങ്ങാട്ടിനെതിരേ അബുദാബി കൊമേഴ്സ്യൽ ബാങ്ക് നൽകിയ കേസിൽ 118 കോടി ഡോളർ (11,081 കോടി രൂപ) ബാങ്കിന് തിരിച്ചടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. 2012 ഏപ്രിൽ 30 മുതൽ കമ്പനി തകർച്ചയിലായ കാലയളവിലുടനീളം നടന്ന തട്ടിപ്പുകളിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഓരോരുത്തരും അടയ്‌ക്കേണ്ട കൃത്യമായ തുക വരുംദിവസങ്ങളിലെ കൂടുതൽ വാദങ്ങൾക്കുശേഷം കോടതി അന്തിമമായി തീരുമാനിക്കും.
കുടിശ്ശികയിനത്തിൽ 102 കോടി ഡോളറും (9578 കോടി രൂപ), ലഭിക്കേണ്ടിയിരുന്ന ലാഭത്തിന്റെ നഷ്ടപരിഹാരമായി 16.9 കോടി ഡോളറും (1587 കോടി രൂപ) ചേർത്ത് വൻ തുക പ്രശാന്ത് മങ്ങാട്ട് ബാങ്കിന് നൽകണം. എൻ.എം.സി. ഗ്രൂപ്പിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ബാങ്കിന് വ്യാജവിവരങ്ങൾ നൽകിയെന്നും വായ്പകൾ മറച്ചുവെക്കാൻ ക്രമക്കേട് നടത്തിയെന്നുമാണ് കേസ്. 2012 മുതൽ 2020 വരെയുള്ള കാലയളവിൽ ഗ്രൂപ്പ് വൻ സാമ്പത്തിക ക്രമക്കേടിനും വിവരങ്ങൾ മറച്ചുവെക്കലിനും ഇരയായതായി കോടതി നിരീക്ഷിച്ചു.
കമ്പനിയുടെ പണം അപഹരിക്കുന്നതിൽ ബി.ആർ. ഷെട്ടി നേരിട്ടും അല്ലാതെയുമായി സജീവമായി പങ്കാളിയായെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഷെട്ടിയുടെ ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടിലേക്ക് നേരിട്ട് 418 കോടി ദിർഹത്തോളം (10,704 കോടി രൂപ) ഘട്ടങ്ങളായി മാറ്റിയിട്ടുണ്ടെന്ന് തെളിവുകൾ സ്വീകരിച്ച് ജഡ്ജി വ്യക്തമാക്കി. ഗ്രൂപ്പ് ഫണ്ട് ഉപയോഗിച്ച് വ്യക്തിഗത സ്വത്തുക്കളും നിക്ഷേപങ്ങളും ഷെട്ടി വാങ്ങിക്കൂട്ടി. കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾ ഓഡിറ്റർമാരായ ഇ.വൈ.യിൽനിന്ന് മറച്ചുവെക്കാനും വ്യാജ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ പുറത്തുവിടാനും അദ്ദേഹം സഹായിച്ചു. തനിക്ക് തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും സഹപ്രവർത്തകർ വഞ്ചിച്ചതാണെന്നുമുള്ള ബി.ആർ. ഷെട്ടിയുടെ വാദം കോടതി തള്ളി.
Content Highlights: Abu Dhabi court found BR Shetty and Prasanth Manghat guilty in the NMC Health healthcare fraud., Both founders must pay over $5.4 billion in compensation to the company., Prasanth Manghat ordered to repay $1.18 billion to Abu Dhabi Commercial Bank., Court dismissed Shetty's claims of innocence, citing direct fund transfers and hidden liabilities.
Published: 09 Nov 2026, 09:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented