മണിക്കൂറുകൾ നീളുന്ന ആഘോഷ പരിപാടികൾ; വെടിക്കെട്ടും ഡ്രോൺ പ്രദർശനങ്ങളും
റാസൽഖൈമ : വർണാഭമായ വെടിക്കെട്ടുകളുടെയും ഡ്രോൺ പ്രദർശനങ്ങളുടെയും അകമ്പടിയോടെ 2027-നെ വരവേൽക്കാനൊരുങ്ങി റാസൽഖൈമ. എമിറേറ്റിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിൽ തീരപ്രദേശത്താണ് അത്യുഗ്രൻ വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്.
ഡിസംബർ 31-ന് വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങൾ ജനുവരി ഒന്നിന് പുലർച്ചെ മൂന്ന് വരെയുണ്ടാകും. രാത്രി 11.50 മുതൽ ജനുവരി ഒന്നിന് പുലർച്ചെ 12.05 വരെയാണ് പ്രദർശനങ്ങളും വെടിക്കെട്ടും ആസ്വദിക്കാം. ഇത് ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും. സന്ദർശകർക്കായി തത്സമയ സംഗീത, വിനോദ പരിപാടികളും സംഘടിപ്പിക്കും. അടുത്തമാസം 31-ന് വൈകീട്ട് ആരംഭിക്കുന്ന ആഘോഷങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. എന്നാൽ ജൈസ് ഫെസ്റ്റിവൽ ഗ്രൗണ്ടിൽ നടക്കുന്ന റാക് എൻ.വൈ.ഇ. ഫെസ്റ്റിവലിൽ പ്രവേശിക്കാൻ ഈ മാസം 15 മുതൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഒറ്റ രജിസ്‌ട്രേഷനിലൂടെ കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്കും ഒരു വാഹനത്തിനും പ്രവേശനം ലഭിക്കും. ഫെസ്റ്റിവലിന്റെ പ്രവേശന കവാടത്തിൽ രജിസ്ട്രേഷൻ ക്യൂ.ആർ. കോഡുകൾ കാണിച്ച് അതിഥികൾക്ക് പ്രവേശിക്കാം. ഭീമൻ ചെസ്, മിനി ഗോൾഫ്, ഫുട്ബോൾ ഷൂട്ടിങ്, ബലൂൺ ഡാർട്ട്, 360 ഡിഗ്രി വീഡിയോ ബൂത്ത് എന്നിവയുൾപ്പെടെ 25-ലേറെ പ്രവർത്തനങ്ങൾ ഫെസ്റ്റിവലിലെ ഫാമിലി സോണിലുണ്ടാകും. രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ ഒട്ടേറെ ഫുഡ് ട്രക്കുകളുമുണ്ടാകും. 31-ന് വൈകീട്ട് ഏഴ് മണിമുതൽ എമിറേറ്റിലെ വിവിധാ റോഡുകൾ അടച്ചുതുടങ്ങും. ആഘോഷ പരിപാടികളുടെ ഭാഗമാകാൻ താത്പര്യമുള്ളവർ നേരത്തേ എത്തിച്ചേരണം. എക്‌സിറ്റ് 122-ൽ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ സജ്ജമാക്കും. രാവിലെ 10 മണിമുതൽ പാർക്കിങ് സൗജന്യമായിരിക്കും. ആഘോഷവേദികളിലേക്ക് നേരിട്ട് വാഹനവുമായി പ്രവേശിക്കാനും റോഡരികിൽ വാഹനം പാർക്ക് ചെയ്യാനും പാടില്ല. വൈകീട്ട് നാലുമണിമുതൽ എക്‌സിറ്റ് 122-ൽനിന്ന് ആഘോഷവേദിയിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ നടത്തും. ബസ് സേവനങ്ങൾ പുലർച്ചെ മൂന്ന് മണിവരെ തുടരും. പുതുവത്സര തലേന്ന് അൽ മർജാൻ ദ്വീപിലേക്കുള്ള പ്രവേശനത്തിന് രജിസ്‌ട്രേഷൻ നിർബദ്ധമാണ്. ദ്വീപിലെ താമസക്കാർ തങ്ങളുടെ വീട്ടിലുള്ളവരെയും അതിഥികളെയും രജിസ്റ്റർ ചെയ്യണം. ഓരോ അപ്പാർട്ട്‌മെന്റിനും രണ്ടു കാർ പാസുകൾ വീതം ലഭിക്കും. രാത്രി ഒൻപത് മണിക്ക് റാസൽഖൈമ കോർണിഷിൽ ജുൽഫാർ ടവേഴ്‌സിന് എതിർവശത്തായി കണ്ണഞ്ചിപ്പിക്കുന്ന വേദികെട്ടുണ്ടാകും. ഇതിന് രജിസ്ട്രേഷൻ ആവശ്യമില്ല. പ്രവേശനം സൗജന്യമാണ്.
Published: 10 Nov 2026, 02:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented