ഫിറ്റ്‌നസ് ചലഞ്ച് ഈ മാസം 31 മുതൽ അടുത്തമാസം 29 വരെ

To advertise here,

ദുബായ് : ഒരുമാസംനീളുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനായുള്ള (ഡി.എഫ്.സി.) തയ്യാറെടുപ്പുകൾ തുടങ്ങി. ചലഞ്ചിൽ പങ്കെടുക്കാൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.dubaifitnesschallenge.com) സൗജന്യമായി രജിസ്റ്റർചെയ്യാം.

ഈ മാസം 31 മുതൽ അടുത്തമാസം 29 വരെയാണ് ചലഞ്ച്. വ്യായാമത്തിലൂടെ ആരോഗ്യവാന്മാരായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ പുതിയ പതിപ്പിലുമുണ്ട്. ‘എന്താണ് നിങ്ങളുടെ 30 x 30’ എന്നതാണ് പുതിയ പതിപ്പിന്റെ പ്രമേയം. ആരോഗ്യകരമായ ജീവിതശൈലിക്കായി 30 ദിവസത്തിൽ 30 മിനിറ്റ് വ്യായാമം പ്രോത്സാഹിപ്പിക്കുകയാണ് വാർഷിക പരിപാടിയുടെ ലക്ഷ്യം.

യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ലാണ് ഡി.എഫ്.സി. ആരംഭിച്ചത്. ദുബായ് റൈഡ്, ദുബായ് റൺ, ദുബായ് സ്റ്റാൻഡ് അപ്പ് പാഡൽ, ദുബായ് യോഗ എന്നിങ്ങനെ നാല് പ്രധാന കായികപരിപാടികളാണ് ചലഞ്ചിലുള്ളത്. ദുബായ് റൈഡ് അടുത്തമാസം ഒന്നിനും ദുബായ് സ്റ്റാൻഡ്-അപ്പ് പാഡൽ ഏഴ്, എട്ട് തീയതികളിൽ ഹത്ത അണക്കെട്ടിലും സംഘടിപ്പിക്കും.

കായികപ്രേമികൾ ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് റൺ അടുത്ത മാസം 22-നും ദുബായ് യോഗ 29-നും നടക്കും. പ്രധാന പരിപാടികൾക്കുപുറമേ 30 ദിവസങ്ങളിലായി മൂന്ന് സൗജന്യ ഫിറ്റ്‌നസ് വില്ലേജുകളും 23-ലേറെ കമ്യൂണിറ്റി ഫിറ്റ്‌നസ് ഹബ്ബുകളും സജീവമാകും.

സൗജന്യ വ്യായാമ ക്ലാസുകൾ, ഫുട്ബോളും ബാസ്‌കറ്റ്‌ബോളും ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരിക്കും.

ലോകോത്തര നിലവാരമുള്ള ഒട്ടേറെ അന്താരാഷ്ട്ര കായികമത്സരങ്ങൾക്കും ഡി.എഫ്.സി. വേദിയാകും. കായിക, ആരോഗ്യ പ്രവർത്തനങ്ങളുടെ ആഗോള കേന്ദ്രമായി എമിറേറ്റിന്റെ പദവി കൂടുതൽ ശക്തമാക്കുന്നതിനും ചലഞ്ച് സംഭാവനകൾ നൽകും.

ഇമ്മാർ പ്രീമിയർ പാഡിൽ, ദുബായ് ടി 100 ട്രയാത്ത്‌ലൺ, എമിറേറ്റ്‌സ് ദുബായ് സെയിൽ ഗ്രാൻഡ് പ്രിക്സ്, എമിറേറ്റ്‌സ് ദുബായ് 7 എന്നീ മത്സരങ്ങളും ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കും. ആരോഗ്യവും സൗഹൃദവും വിനോദവും നിറഞ്ഞ അനുഭവങ്ങളാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഓരോ പതിപ്പും വാഗ്ദാനം ചെയ്യുന്നത്. എമിറേറ്റിനെ വലിയ ഓപ്പൺ-എയർ ഫിറ്റ്‌നസ് കേന്ദ്രമാക്കി മാറ്റുന്ന വാർഷികപരിപാടിക്ക് മികച്ച പ്രതികരണമാണ് മുൻപതിപ്പുകളിൽ ലഭിച്ചത്.

കഴിഞ്ഞ ഒൻപത് പതിപ്പുകളിലായി 1.6 കോടിയിലേറെ ആളുകൾ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.