അബുദാബി: രാജ്യത്തെ കര അതിർത്തികളിലൊന്നിലൂടെ കടത്താൻ ശ്രമിച്ച 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമിൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിക്ക് (ഐ.സി.പി.) കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്‌സ് സെക്യൂരിറ്റി പ്രതിനിധീകരിക്കുന്ന കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നൂതന സ്‌കാനിങ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നാണ് കെ-9 വിഭാഗം വിശദമായ തിരച്ചിൽ നടത്തിയത്.

To advertise here,

ടയറിനുള്ളിലായിരുന്നു മയക്കുമരുന്നുകൾ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിലെ വൈദഗ്ധ്യവുമാണ് ഇതിൽ വ്യക്തമാകുന്നത്. ഈ വർഷം ഇതുവരെ 390 കിലോഗ്രാം ലഹരി മരുന്നുകളും 50000 നർക്കോട്ടിക്ക് ഗുളികകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്‌സ് സെക്യൂരിറ്റി പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിമരുന്നുകളുടെ പിടിയിൽ നിന്നും സമൂഹത്തെ സുരക്ഷിതമാക്കാനുള്ള കസ്റ്റംസിന്റെ കാര്യക്ഷമതയെ ഐ.സി.പി. അഭിനന്ദിച്ചു. രാജ്യ സുരക്ഷയ്ക്ക് പ്രതികൂലമാകുന്ന പ്രവർത്തനങ്ങൾ തടയാനും പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അക്ഷീണമാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.