ദുബായ് : ദുബായിലെ പ്രധാന പാതകളിലെ 20 കിലോമീറ്റർ ദൂരത്തിൽ വാർഷിക അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ.).

To advertise here,

പാതകളിലെ വേഗം കുറഞ്ഞ വരികൾ കേന്ദ്രീകരിച്ചായിരുന്നു നവീകരണ പ്രവർത്തനങ്ങൾ. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി, ഷാർജ എന്നീ വശങ്ങളിലേക്കുള്ള ഭാഗങ്ങൾ, ലെഹ്ബാബ് റോഡ് (അൽ ഐനിൽനിന്ന് ലെഹ്ബാബിലേക്ക് പോകുന്ന വരിയും ജെബൽ അലി-ലെഹ്ബാബ് ഇന്റർചേഞ്ചിലെ ടേണിങ് ലെയ്‌നുകളും ഉൾപ്പെടെ), ദുബായ്-അൽ ഐൻ റോഡ്, എമിറേറ്റ്‌സ് റോഡ്, അൽ റിബാത്ത് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.

എമിറേറ്റിലെ പ്രധാന പാതകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും റോഡുകളുടെ കരുത്ത് നിലനിർത്തുന്നതിനുമായി ആർ.ടി.എ. നടപ്പാക്കുന്ന വാർഷിക പ്രതിരോധ അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി നഗരത്തിലെ റോഡ് ശൃംഖലയെ ലോകോത്തര നിലവാരത്തിൽ നിലനിർത്താനും യാത്രാസുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. നഗരനിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഇത്തരം അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് വലിയ പങ്കുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റോഡുകളുടെ അവസ്ഥ മുൻകൂട്ടി വിലയിരുത്തിയാണ് അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്യുന്നതെന്ന് ആർ.ടി.എ. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ നബീൽ മുഹമ്മദ് വ്യക്തമാക്കി. അത്യാധുനിക ലേസർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് റോഡുകളിലെ വിള്ളലുകളും കേടുപാടുകളും കുഴികളും തിരിച്ചറിഞ്ഞ് വേഗത്തിൽ പരിഹരിച്ചത്.

അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ വിദേശരീതികൾ മുൻനിർത്തിയുള്ള കൃത്യമായ ട്രാഫിക് തിരിച്ചുവിടലുകളാണ് നടപ്പാക്കിയിരുന്നത്. നിർമാണം നടക്കുന്ന പ്രദേശങ്ങളിലൂടെയും ഗതാഗത തിരിച്ചുവിടലുകളിലൂടെയും സഞ്ചരിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദിശാസൂചക ബോർഡുകൾ കൃത്യമായി പിന്തുടരണമെന്നും സ്വന്തം സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ആർ.ടി.എ. അഭ്യർഥിച്ചു.