ഷാർജ: സാഹിത്യ-സാംസ്കാരിക ലോകത്തിന് പുത്തൻ അധ്യായം കുറിച്ച് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (SIBF 2026) നാളെ (ബുധനാഴ്ച) ഷാർജ എക്സ്‌പോ സെന്ററിൽ ആരംഭിക്കും. 'മേഡ് ഓഫ് സ്റ്റോറീസ്' (Made of Stories) എന്ന ആശയത്തിൽ ഷാർജ ബുക്ക് അതോറിറ്റി (SBA) സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന ഈ അക്ഷര മാമാങ്കം നവംബർ 15 വരെ തുടരും. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും എക്സിബിറ്ററുകളും പങ്കെടുക്കുന്ന മേളയിൽ വിവിധ ഭാഷകളിലും സാഹിത്യ വിഭാഗങ്ങളിലുമായി 1.7 ദശലക്ഷം (17 ലക്ഷം) പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക-സർഗ്ഗാത്മക പരിപാടികളാണ് മേളയുടെ പ്രധാന ആകർഷണം.

To advertise here,

ഇത്തവണത്തെ പുസ്തകോത്സവത്തിൽ ഒമാൻ സുൽത്താനേറ്റ് അതിഥി രാജ്യമായി  പങ്കെടുക്കും. ഒമാന്റെ പാരമ്പര്യവും സാഹിത്യ ചരിത്രവും കലകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക സാംസ്കാരിക പരിപാടികളാണ് ഒമാൻ അവതരിപ്പിക്കുന്നത്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ സംഘമാണ് ഒമാനിൽ നിന്നും എത്തുന്നത്. 16 സാംസ്കാരിക ചർച്ചകൾ, കുട്ടികളുടെ 6 ശിൽപ്പശാലകൾ, 20 കലാ പ്രകടനങ്ങൾ എന്നിവ ഒമാൻ സംഘടിപ്പിക്കും. പ്രശസ്ത ഒമാനി നോവലിസ്റ്റ് സഹ്രാൻ അൽ ഖാസിമി, ഡോ. മുഹമ്മദ് അൽ യഹ്‌യായി, കവി ഹസ്സൻ അൽ മത്രൂഷി, ഡോ. അബ്ദുൽ അസീസ് അൽ ഉമൈരി, ഡോ. മഹ്മൂദ് ബിൻ മുഹമ്മദ് അൽ റഹ്ബി, അഹമ്മദ് ബിൻ നാസർ അൽ റാഷ്ദി എന്നിവർ പങ്കെടുക്കുന്ന ഒമാനി പ്രതിഭകളിൽ ഉൾപ്പെടുന്നു.

അറബിക് വിവരണം , സാഹിത്യ വിമർശനം എന്നീ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെയായി നൽകിയ സംഭാവനകൾ പരിഗണിച്ച് മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യഖ്തീനെ  ഇത്തവണത്തെ സാംസ്കാരിക വ്യക്തിത്വമായി  പുസ്തകോത്സവം ആദരിക്കും. ഡിജിറ്റൽ സാഹിത്യത്തിലും ക്ലാസിക്കൽ അറബിക് സാഹിത്യത്തിലും അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. യു.എ.ഇയിൽ നിന്നും അറബ് ലോകത്ത് നിന്നും പ്രശസ്ത സാംസ്കാരിക പ്രമുഖർ മേളയിൽ സംബന്ധിക്കും. ഡോ. സുൽത്താൻ അൽ അമീമി, അലി അബു അൽ റീഷ്, ഡോ. ഹബീബ് ഗലൂം, ഡോ. ശിഹാബ് ഗാനിം, ലെബനീസ് നടനും നാടകകൃത്തുമായ റഫീഖ് അലി അഹമ്മദ്, നോവലിസ്റ്റ് ഡോ. അമീർ താജ് അൽ സിർ, കുവൈത്തി എഴുത്തുകാരൻ സൗദ് അൽ സനൂസി എന്നിവർ മേളയിലെ പ്രധാന പ്രാസംഗികരായിരിക്കും.

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ അമേരിക്കൻ പരിഭാഷക ഡെയ്സി റോക്ക്‌വെൽ, ചൈനീസ് നോവലിസ്റ്റ് ലിയു ഷെൻയുൻ, നൈജീരിയൻ-അമേരിക്കൻ എഴുത്തുകാരി നെഡി ഓകൊറാഫോർ, ബ്രിട്ടീഷ് എഴുത്തുകാരി ക്ലെയർ മാക്കിന്റോഷ്, ഇന്ത്യൻ ചലച്ചിത്ര താരവും സാംസ്കാരിക പ്രവർത്തകയുമായ ഷെനാസ് ട്രഷറിവാല, ഓസ്‌ട്രേലിയൻ ഡിസൈനർ പീറ്റർ ഗൂൾഡ് എന്നിവരും മേളയ്ക്കെത്തും.

സന്ദർശകർക്കായി ഇത്തവണ 'പോയറ്റ്‌സ് കോർണർ', കുട്ടികൾക്കായി 'ഫ്യൂച്ചർ ഹാൻഡ്‌സ് ഡിസ്ട്രിക്റ്റ്' എന്നീ പുത്തൻ അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ത്രില്ലർ സാഹിത്യ പ്രേമികൾക്കായി ലണ്ടൻ, ന്യൂയോർക്ക് ത്രില്ലർ ഫെസ്റ്റിവലുകളുമായി സഹകരിച്ച് നവംബർ 7 മുതൽ 10 വരെ അഞ്ചാമത് 'ത്രില്ലർ ഫെസ്റ്റിവലും' സംഘടിപ്പിക്കും.

കലയ്ക്കും സംസ്കാരത്തിനും പുറമെ പാചക കല പരിചയപ്പെടുത്തുന്ന 'കുക്കറി കോർണറും' മേളയുടെ ഭാഗമാണ്. സിറിയയിൽ നിന്നുള്ള മുഹമ്മദ് ഒർഫാലി, പാലസ്തീനിൽ നിന്നുള്ള സലാം ദഖാഖ്, ഇന്ത്യയിൽ നിന്നുള്ള നിതീഷ പട്ടേൽ, റോമി ഗിൽ, ദീപ്ന ആനന്ദ് എന്നീ പ്രശസ്ത ഷെഫുമാർ തങ്ങളുടെ പാചക വൈഭവം തത്സമയം അവതരിപ്പിക്കും. കൂടാതെ, നവംബർ 7 മുതൽ 9 വരെ അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് ഷാർജ ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസും നടക്കും. സന്ദർശകരുടെ സൗകര്യം മുൻനിർത്തി ദുബായ്, അജ്മാൻ എമിറേറ്റുകളിൽ നിന്ന് ദിവസേന സൗജന്യ ബസ് സർവീസുകളും, അൽ ഖസ്ബ, ഷാർജ അക്വേറിയം എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ബോട്ട് സർവീസുകളും എസ്‌.ബി.എ ഏർപ്പെടുത്തിയിട്ടുണ്ട്.