അബുദാബി : ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തിലേറെ ആളുകൾക്ക് ആശ്വാസമേകാൻ 1.25 കോടി ദിർഹത്തിന്റെ ശൈത്യകാല സഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.). അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് 2026-27 ശൈത്യകാല സഹായ പദ്ധതിക്ക് തുടക്കമിട്ടത്.

To advertise here,

അഭയാർഥികൾ, കുടിയൊഴിക്കപ്പെട്ടവർ, പ്രതികൂല കലാവസ്ഥയെത്തുടർന്ന് ദുരിതത്തിലായവർ, നിർധനർ തുടങ്ങിയവരുടെ ദുരിതം ലഘൂകരിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. ശൈത്യകാല വെല്ലുവിളികൾ നേരിടാൻ കുടുബങ്ങളെ പ്രാപ്തരാക്കുകയാണ് പ്രധാനലക്ഷ്യം. നിരാലംബരോടുള്ള യു.എ.ഇ.യുടെ ഐക്യദാർഢ്യമാണ് ഇതിൽ വ്യക്തമാകുന്നത്.

അബുദാബിയിലെ ഇ.ആർ.സി. ആസ്ഥാനത്ത് ശൈത്യകാല സഹായ കിറ്റുകൾ തയ്യാറാക്കുന്നതിന് സന്നദ്ധപ്രവർത്തക സംഗമം സംഘടിപ്പിച്ചു.

ഇ.ആർ.സി. സെക്രട്ടറി ജനറൽ അഹമ്മദ് സരി അൽ മസ്റൂഇ, ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരെ കൂടാതെ അബുദാബി ഇസ്‌ലാമിക് ബാങ്ക്, അഡ്നോക് എന്നിവിടങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ മാനുഷിക സമീപനമാണ് പദ്ധതിയിൽ പ്രതിഫലിക്കുന്നതെന്ന് അൽ മസ്റൂഇ പറഞ്ഞു.

പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കും ഇരകളായവരെ സഹായിക്കാനാണ് ശൈത്യകാല സഹായ പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായാണ് ശൈത്യകാല അവശ്യവസ്തുക്കൾ വിതരണം ചെയ്യുക.

യു.എ.ഇ.യിലും വിദേശത്തുമുള്ള ബന്ധപ്പെട്ട അതോറിറ്റികളുമായും സംഘടനകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുട്ടികൾ, സ്ത്രീകൾ, വയോധികർ, അഭയാർഥി കുടുംബങ്ങൾ എന്നിവർക്ക് കൃത്യസമയത്ത് കാര്യക്ഷമമായി സഹായമെത്തിക്കുന്നതിൽ പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കും.