മൈസൂരു ദസറ കമ്പളയ്ക്ക് വേദി സജ്ജം

To advertise here,

ഒരുക്കിയിരിക്കുന്നത് രണ്ടുട്രാക്കുകൾ

മൈസൂരു : കാണികളെ ത്രസിപ്പിക്കാൻ കമ്പളമത്സരത്തിന്റെ വേദി സജ്ജം. ട്രാക്കുകളുടെ ക്ഷമത നിർണയിക്കാൻ വ്യാഴാഴ്ച നടത്തിയ പരീക്ഷണയോട്ടം ആവേശമായി. കൊട്ടാരനഗരിയിലെ സതഗള്ളിയിലുള്ള വി.ടി.യു. റീജണൽ സെന്ററിന് സമീപത്ത്‌ ഒരുക്കിയ ട്രാക്കുകളിൽ പോത്തുകൾ കുതിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് യഥാർഥ മത്സരം.

കമ്പളയിൽ പങ്കെടുക്കുന്ന ആദ്യ രണ്ടുജോഡി പോത്തുകൾ ദക്ഷിണ കന്നഡയിൽനിന്ന് ഏകദേശം 261 കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞദിവസം രാത്രി സതഗള്ളിയിൽ എത്തിയിരുന്നു. വ്യാഴാഴ്ച ഒരു ജോഡി പോത്തുകൾകൂടി എത്തി. ആദ്യദിനമെത്തിയ ഒരു ജോഡി പോത്തുകളാണ് പരീക്ഷണയോട്ടത്തിൽ പങ്കെടുത്തത്. ഓരോ ജോഡിക്കും ആറുമുതൽ പത്തുവരെ കെയർ ടേക്കർമാരുടെ സംഘവും തീരദേശ മേഖലയിൽനിന്നുള്ള രണ്ട് റൈഡർമാരും ഉണ്ടാകും. ട്രാക്കിലെ പോരായ്മകൾ തിരിച്ചറിയാനും പരിഹരിക്കാനുമാണ് പരീക്ഷണയോട്ടം സംഘടിപ്പിച്ചത്. പോത്തുകൾക്ക് ഉണങ്ങിയ പഴങ്ങൾ ഉൾപ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നുണ്ട്. ടാങ്കറുകളിൽ കുടിവെള്ളവും എത്തിച്ചിട്ടുണ്ട്.

വിജയ, ദശമി എന്ന് പേരിട്ടിരിക്കുന്ന ഇരട്ട ട്രാക്കുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണകന്നഡയിൽനിന്ന് 106 ലോഡിലധികം മണൽ കൊണ്ടുവന്നാണ് ട്രാക്കുകൾ നിരപ്പാക്കിയത്. ട്രാക്കുകളുടെ ഇരുവശത്തുമുള്ള ഇരിപ്പിട ഗാലറികൾ വി.ഐ.പി.കൾക്ക് ഉൾപ്പെടെ ഏകദേശം 15,000 പേരെ ഉൾക്കൊള്ളാൻ സജ്ജമാണ്. ഭക്ഷണസ്റ്റാളുകൾ സ്ഥാപിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടി എൻട്രസ്, എക്‌സിറ്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

18-ന് രാവിലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് കമ്പള ഉദ്ഘാടനംചെയ്യുക.

മത്സരം നടത്തുന്നതിനെതിരേ പരിസ്ഥിതി വാദികളും കർഷകരുമടക്കം തുടക്കംമുതലേ വ്യാപകമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സർക്കാർ ഇതെല്ലാം അവഗണിച്ച് കമ്പള നടത്താൻ തീരുമാനിക്കുകയായിരുന്നു.

150 ജോഡി പോത്തുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വൈകീട്ട് കൊട്ടാരപരിസരത്ത് നടന്ന ഇന്ത്യൻ ഫ്യൂഷൻ സംഗീതപരിപാടി ആസ്വദിക്കാൻ ഒട്ടേറെ പേരാണെത്തിയത്. യോഗ ദസറ, യുവ ദസറ, പുഷ്പമേളകൾ, ഭക്ഷ്യമേള എന്നിവയ്ക്കും മികച്ച ജനപങ്കാളിത്തമായിരുന്നു.